വയലാർ രവി കമ്യൂണിസ്റ്റുകാരെ സ്നേഹിച്ച നേതാവ്: പിണറായി
Mail This Article
കൊച്ചി ∙ കമ്യൂണിസ്റ്റ് പാർട്ടിയെ രാഷ്ട്രീയമായി എതിർത്തപ്പോഴും കമ്യൂണിസ്റ്റുകാരെ സ്നേഹിക്കാൻ മടികാണിക്കാത്ത നേതാവായിരുന്നു വയലാർ രവിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പി.എസ്. ജോൺ എൻഡോവ്മെന്റ് പുരസ്കാരം മുൻ കേന്ദ്രമന്ത്രി വയലാർ രവിക്കു സമർപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങൾ നന്നായി കാത്തുപോന്ന വയലാർ രവിയുടെ നല്ല മൂല്യങ്ങൾ ഉൾക്കൊള്ളാൻ കോൺഗ്രസ് രാഷ്ട്രീയത്തിലെ പുതുതലമുറ ശ്രദ്ധിക്കണം.
കൊടുക്കുന്നതാര്?, ആരുടെ പേരിൽ?, ലഭിക്കുന്നതാർക്ക്?– ഈ 3 കാര്യങ്ങൾ കൊണ്ടാണ് ഏതൊരു പുരസ്കാരവും ശ്രദ്ധേയമാകുന്നത്. മാധ്യമപ്രവർത്തന രംഗത്തു മൂല്യാധിഷ്ഠിതമായി നിലകൊണ്ട വ്യക്തിയാണു പി.എസ്. ജോൺ. പുതുതലമുറ ഉൾക്കൊള്ളേണ്ട മൂല്യങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു. ജോണും രവിയും പരസ്പരം അറിഞ്ഞവരും അടുത്തു പ്രവർത്തിച്ചവരുമാണ്ആ
നിലയ്ക്കു പി.എസ്. ജോണിന്റെ പേരിലുള്ള പുരസ്കാരം വയലാർ രവിക്കു നൽകുന്നതിൽ ഔചിത്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രസ് ക്ലബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ അധ്യക്ഷത വഹിച്ചു. മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ജിജീഷ് കരുണാകരൻ പ്രശസ്തി പത്രം അവതരിപ്പിച്ചു.
മേയർ എം. അനിൽ കുമാർ, ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത, പ്രസ് ക്ലബ് സെക്രട്ടറി എം. സൂഫി മുഹമ്മദ്, ട്രഷറർ മനു ഷെല്ലി തുടങ്ങിയവർ പ്രസംഗിച്ചു. വയലാർ രവി മറുപടി പ്രസംഗം നടത്തി.