പെരുമ്പാവൂർ താലൂക്ക് ആശുപത്രി: കുട്ടികളുടെ വാർഡിലെ പോരായ്മക്കെതിരെ രക്ഷിതാക്കൾ
Mail This Article
പെരുമ്പാവൂർ ∙ താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ വാർഡിലെ പോരായ്മകൾക്കെതിരെ രക്ഷിതാക്കളുടെ പരാതി. മാലിന്യ കളയാൻ സൗകര്യമോ ശരിയായ ശുചീകരണ സംവിധാനമോ ഇല്ലെന്നാണു രക്ഷിതാക്കൾ ആശുപത്രി സൂപ്രണ്ടിനു നൽകിയ പരാതിയിൽ പറയുന്നത്.പേപ്പർ, ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവ ഇടുന്നതിനു ബക്കറ്റോ മറ്റു സൗകര്യങ്ങളോ ഇല്ല. കഴിക്കുന്ന പാത്രത്തിൽ തന്നെ ഭക്ഷണാവശിഷ്ടങ്ങൾ സൂക്ഷിക്കണം. ദിവസത്തിൽ ഒന്നോ രണ്ടോ തവണയാണ് അവശിഷ്ടങ്ങൾ ശേഖരിക്കാൻ ജീവനക്കാർ വരുന്നത്.
വാർഡ് വൃത്തിയാക്കുന്ന ചൂല്, ബക്കറ്റ്, തറ തുടയ്ക്കാൻ ഉപയോഗിക്കുന്ന മോപ് എന്നിവ വൃത്തിഹീനവും പഴകിയതുമാണ്. ഇവ വാർഡിന്റെ മൂലയിലാണു സൂക്ഷിക്കുന്നത്. ഉപയോഗ ശൂന്യമായതും അണുബാധയുള്ളതുമായ കിടക്കകൾ വാർഡിലെ മൂലയിൽ ചാരി വച്ചിരിക്കുകയാണ്.കട്ടിലുകൾക്ക് ഉയരം കൂടുതലാണ്. സൈഡ് സ്റ്റാൻഡുകൾ ഇല്ലാത്തതിനാൽ കുട്ടികൾ താഴെ വീണ് അപകടം ഉണ്ടാകുന്നു. തറയിലെ പൊട്ടിയ ടൈലിൽ വീണു കുട്ടികൾക്കു പരുക്കേൽക്കുന്നു. ഇക്കാര്യം അറിയിച്ചിട്ടും നടപടിയില്ല. വാർഡിൽ നഴ്സിങ് സ്റ്റേഷൻ ഉണ്ടെങ്കിലും ജീവനക്കാർ ഉണ്ടാകില്ല. രാത്രിയിൽ അസുഖം കൂടിയാൽ കുട്ടികളെ താഴത്തെ നഴ്സിങ് സ്റ്റേഷനിൽ കൊണ്ടുചെല്ലാൻ പറയും. പരാതി പറഞ്ഞാൽ ജീവനക്കാർ കുറവാണെന്ന മറുപടിയാണു ലഭിക്കുന്നത്.