പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു പുറമേ ഹരിതകർമസേന ശേഖരിച്ചത് 6,300 കിലോഗ്രാം തുണി
Mail This Article
ചോറ്റാനിക്കര ∙ പഞ്ചായത്തിലെ വീടുകളിൽ നിന്നു പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു പുറമേ തുണി മാലിന്യങ്ങളും ശേഖരിച്ചു ഹരിതകർമസേന പ്രവർത്തകർ. ഒറ്റദിവസം കൊണ്ട് പഞ്ചായത്ത് പരിധിയിലെ 447 വീടുകളിൽ നിന്നായി ഉപയോഗിക്കാത്ത 6,300 കിലോഗ്രാം തുണിയാണു സേന ശേഖരിച്ചത്. പഞ്ചായത്തിൽ നിന്നു തുണി മാലിന്യങ്ങൾ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ രാവിലെ 9 മുതൽ 12 വരെയാണു സേന പ്രവർത്തകർ വീടുകളിൽ നിന്നു തുണികൾ ശേഖരിച്ചത്.
മെറ്റീരിയൽ കളക്‌ഷൻ സെന്ററിൽ എത്തിച്ച തുണികൾ തരം തിരിച്ചു ഉപയോഗശൂന്യമായവ സംസ്കരണത്തിനായി സ്വകാര്യ ഏജൻസിക്കും ഉപയോഗിക്കാവുന്നവ അനാഥാലയത്തിനും കൈമാറി. 14 വാർഡുകളിൽ നിന്നുള്ള 28 ഹരിതകർമസേന അംഗങ്ങളാണു മാലിന്യ ശേഖരണം നടത്തിയത്. പഞ്ചായത്ത് പിന്തുണയോടെ സൗജന്യമായാണു വീടുകളിൽ നിന്നു തുണി മാലിന്യങ്ങൾ ശേഖരിച്ചത്. മാലിന്യ സംസ്കരണത്തിൽ മാതൃക പ്രവർത്തനം നടത്തുന്ന പഞ്ചായത്തിലെ ഹരിതകർമസേന കഴിഞ്ഞ വർഷം 1.94 ലക്ഷം രൂപയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ചു വിൽപന നടത്തി സമ്പാദിച്ചത്. കർമസേന 5 വർഷം കൊണ്ട് 270 ടൺ മാലിന്യവും പഞ്ചായത്തിൽ നിന്നു നീക്കം ചെയ്തിട്ടുണ്ടെന്ന് പ്രസിഡന്റ് എം.ആർ. രാജേഷ് പറഞ്ഞു.