കനത്ത നഷ്ടം ഉറപ്പിച്ച് ചെമ്മീൻകെട്ടുകൾ
Mail This Article
വൈപ്പിൻ∙ വേനൽക്കാല ചെമ്മീൻ കെട്ടുകളുടെ കാലാവധി അവസാനിക്കാൻ രണ്ടു മാസം മാത്രം ബാക്കി നിൽക്കെ കനത്ത നഷ്ടം ഉറപ്പിച്ച് കർഷകർ. വിവിധ കാരണങ്ങളാൽ ഏറ്റവും കൂടുതൽ വരുമാനനഷ്ടം നേരിടേണ്ടി വന്ന സീസൺ ആണ് ഇതെന്ന് ഇവർ പറയുന്നു. വൈറസ് രോഗത്തെ തുടർന്ന് ചെമ്മീനും ഞണ്ടും ചത്തൊടുങ്ങുന്നത് വർഷങ്ങളായുള്ള പതിവാണെങ്കിലും അതിനു പുറമേ ലഭ്യതയിൽ മൊത്തത്തിൽ ഉണ്ടായ കുറവ്, ചിലയിനം ചെമ്മീൻ ഇനങ്ങൾക്ക് രാജ്യാന്തര വിപണിയിൽ ഉണ്ടായ ഡിമാൻഡ് ഇല്ലായ്മ തുടങ്ങിയവയും കർഷകർക്ക് തിരിച്ചടിയായി.
ഇതിനു പുറമേ വെള്ളത്തിലെ രാസ മാലിന്യ സാന്നിധ്യം വർധിച്ചതും നിരോധിത വലകൾ അടക്കം ഉപയോഗിച്ച് നടത്തുന്ന അശാസ്ത്രീയ മത്സ്യബന്ധനം വ്യാപകമായതും ചെമ്മീൻ പാടങ്ങളെ തരിശാക്കി മാറ്റിയിരിക്കുകയാണെന്ന് കർഷകർ പറയുന്നു. ഏപ്രിൽ മധ്യത്തിലാണ് ചെമ്മീൻകെട്ടുകളുടെ സീസൺ അവസാനിക്കുന്നത്. നീരൊഴുക്കിന് അനുസൃതമായി ചെമ്മീൻ പിടിച്ചെടുക്കാൻ ഈ കാലയളവിനുള്ളിൽ ഇനി 5 അവസരം മാത്രമാണ് ലഭിക്കുക. അതിനുള്ളിൽ മുടക്കുമുതലിന്റെ നാലിലൊന്നു പോലും തിരിച്ചുപിടിക്കാൻ കഴിയില്ല എന്നാണ് ഇവർ പറയുന്നത്.
പാട്ടത്തുക കുറഞ്ഞിട്ടും രക്ഷയില്ല
∙ പൊതുവേ പ്രതികൂല സാഹചര്യം നിലനിന്നിരുന്നതിനാൽ ഇക്കുറി നിലമുടമകൾ തുകയിൽ 10 ശതമാനം കുറവ് വരുത്തിയാണ് ചെമ്മീൻ കെട്ടുകൾ പാട്ടത്തിന് നൽകിയത്. ഒരു ചെറിയ ശതമാനം കെട്ടുകൾ ആരും പാട്ടത്തിന് എടുക്കാതെ ഉടമസ്ഥർ തന്നെ നടത്തേണ്ട സാഹചര്യവും ഉണ്ടായി. എന്നാൽ പാട്ടത്തുകയിൽ കുറവ് ലഭിച്ചിട്ടു പോലും പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് കെട്ടു നടത്തിപ്പുകാർ പറയുന്നു.
തുടക്കത്തിൽ തന്നെ വൈറസ് രോഗത്തെ തുടർന്ന് ചെമ്മീനുകൾ വ്യാപകമായി നശിച്ചിരുന്നു. ഇതുമൂലം കെട്ടുകളിൽ ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനായി ചെലവഴിച്ച തുക ഏതാണ്ട് പൂർണമായിത്തന്നെ നഷ്ടമായി. മുൻ വർഷങ്ങളിൽ ഇത്തരത്തിൽ നാശം സംഭവിക്കുമ്പോൾ രണ്ടാമതും ചെമ്മീനും കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പതിവുണ്ടായിരുന്നു. ഇക്കുറി സാമ്പത്തിക ബുദ്ധിമുട്ട് മൂലം പലരും അതിനു മുതിർന്നില്ല. ഇതുമൂലം പിന്നീടുള്ള ചെമ്മീൻ ലഭ്യതയിൽ വലിയ കുറവ് വന്നു.
ചതിച്ചു കാരയും ഞണ്ടും
∙ ലഭ്യത കുറഞ്ഞതിനെ തുടർന്ന് കിട്ടിയ ചെമ്മീന് കൂടുതൽ വില ലഭിച്ചു എങ്കിലും അതും കർഷകർക്ക് ആശ്വാസമായില്ല. ഇതിനിടയ്ക്ക് ഇരുട്ടടിയായി കാര ചെമ്മീന്റെ ഡിമാൻഡ് ഇല്ലാതാവുകയും ചെയ്തു. പലപ്പോഴും കർഷകരെ കടുത്ത നഷ്ടത്തിൽ നിന്ന് രക്ഷിച്ചിരുന്നത് ഉയർന്ന വില ലഭിച്ചിരുന്ന കാര ചെമ്മീനുകളാണ്. എന്നാൽ വിദേശ വിപണിയിൽ ഡിമാൻഡ് കുറഞ്ഞ ചെമ്മീൻ എടുക്കാൻ ആളില്ലാതാവുകയും കിട്ടിയ വിലക്ക് പ്രാദേശിക വിപണിയിൽ തന്നെ വിറ്റഴിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തു.
വറുതി സമയത്ത് പലപ്പോഴും കർഷകർക്ക് താങ്ങായിരുന്ന ഞണ്ട് തീരെ കിട്ടാതാവുകയും ചെയ്തു. ഒറ്റ ഞണ്ടു പോലും ഈ സീസണിൽ ലഭിക്കാത്ത ചെമ്മീൻ കെട്ടുകൾ ഉണ്ട്. പ്രാദേശികമായി ഞണ്ട് ഇടപാട് നടത്തിയിരുന്ന പലരും ഇപ്പോൾ അത് അവസാനിപ്പിച്ചിരിക്കുകയാണ്. വിദേശത്തേക്ക് ഞണ്ട് അയച്ചിരുന്ന കമ്പനികളും താൽക്കാലികമായി പ്രവർത്തനം നിർത്തി. ഇതോടെ കെട്ട് നടത്തിപ്പുകാർക്ക് ആ വഴിക്കുള്ള ആദായവും അടഞ്ഞു.
നിരോധിത വലകളും ചെറുമീൻ പിടിത്തവും
∙ ചെറിയ മീൻ കുഞ്ഞുങ്ങളെ പോലും പിടിച്ചെടുക്കുന്ന കണ്ണിയടുപ്പമുള്ള വലകൾ ഉപയോഗിച്ച് പുറത്തു നിന്നുള്ളവർ ചെമ്മീൻ കെട്ടുകളിൽ നടത്തുന്ന മത്സ്യബന്ധനം മീനുകളെയും പ്രതികൂലമായി ബാധിക്കുന്നതായി കെട്ട് നടത്തിപ്പുകാർ പറയുന്നു. ചെമ്മീൻ കെട്ടുകളെല്ലാം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ ഉള്ളവ ആണെങ്കിലും പുറത്തു നിന്നുള്ളവർ കടന്നു കയറി മത്സ്യബന്ധനം നടത്തുന്നത് വർഷങ്ങളായുള്ള പതിവാണ്.
ഇത്തരക്കാർ ചെമ്മീൻ കെട്ടുകളുടെ അടിത്തട്ടു വരെ അരിച്ചു പെറുക്കിയുള്ള മത്സ്യബന്ധനം പതിവാക്കിയിരിക്കുകയാണെന്നും കർഷകർ ആരോപിക്കുന്നു. ഇത്തരം മത്സ്യബന്ധനം തുറന്നാൽ കെട്ടുകൾ തീർത്തും കാലിയാവുന്ന സാഹചര്യം ഉണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള സാധ്യതകളെക്കുറിച്ചും പലരും ആലോചിച്ചു തുടങ്ങിയിട്ടു ചെമ്മീൻ കെട്ടുകളിൽ എക്കാലത്തും സുലഭമായിരുന്ന തിലാപ്പിയ മത്സ്യം പോലും ഇക്കുറി തീരെ ഇല്ലാത്ത സ്ഥിതിയാണ്. കരിമീൻ, കണമ്പ് തുടങ്ങിയവയും കിട്ടാനില്ല
പതിവായി വിഷവെള്ളം
∙ വെള്ളത്തിലെ രാസമാലിന്യ ഭീഷണി സാന്നിധ്യം വർധിച്ചതാണ് ചെമ്മീൻ ലഭ്യത കുറയാനുള്ള മറ്റൊരു പ്രധാന കാരണമെന്നാണ് സൂചന. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഇപ്പോൾ പുഴകളിൽ വേലിയേറ്റം അതി ശക്തമാണ്. ഇത്തരത്തിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം മുതലാക്കി പുഴയിലേക്ക് വൻതോതിൽ രാസമാലിന്യം തുറന്നുവിടുന്ന പതിവ് പല ഫാക്ടറികൾക്കും ഉണ്ട്. ഇത്തരത്തിൽ എത്തിയ വിഷവെള്ളം വ്യാപകമായതോടു കൂടിയാണ് ലഭ്യത തീർത്തും കുറഞ്ഞതെന്ന് കർഷകർ പറയുന്നു. നേരത്തെ പീലിങ് കേന്ദ്രങ്ങളിലേക്ക് വഞ്ചികളിലും മറ്റും ചരക്ക് എത്തിച്ചിരുന്നവർക്ക് ഇപ്പോൾ ലഭിക്കുന്നത് സഞ്ചികളിൽ കൊണ്ടുപോകാനുള്ള ചെമ്മീൻ മാത്രമാണ്.