ADVERTISEMENT

കൊച്ചി ∙ വർണങ്ങൾ നിറച്ച് എംജി സർവകലാശാല കലോത്സവം ‘അനേക’യ്ക്കു കൊച്ചിയിൽ തുടക്കം. പ്രധാന വേദിയായ മഹാരാജാസ് മെൻസ് ഹോസ്റ്റൽ മൈതാനത്ത് (നങ്ങേലി) നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി നടി നിലമ്പൂർ ആയിഷ കലോത്സവം ഉദ്ഘാടനം ചെയ്തു. സർവകലാശാല യൂണിയൻ ചെയർപഴ്സൻ ജിനിഷ രാജൻ അധ്യക്ഷയായി. എഴുത്തുകാരായ ബെന്യാമിൻ, ജി.ആർ.ഇന്ദുഗോപൻ, ദീപ നിശാന്ത് എന്നിവർ മുഖ്യാതിഥികളായി.

സംഘാടകസമിതി ജനറൽ കൺവീനർ അർജുൻ ബാബു, കൊച്ചി കോർപറേഷൻ മേയർ എം.അനിൽകുമാർ, സിൻഡിക്കറ്റ് അംഗങ്ങളായ ഡോ.ഷാജില ബീവി, പ്രഫ.പി.ഹരികൃഷ്ണൻ, ഡോ.ആർ.അനിത, എംജി സർവകലാശാല പരീക്ഷ കൺട്രോളർ ഡോ.സി.എം.ശ്രീജിത്, മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ.എം.എസ്.മുരളി, ഡിഎസ്എസ് ഡയറക്ടർ ഏബ്രഹാം കെ.സാമുവേൽ, യൂണിയൻ ജനറൽ സെക്രട്ടറി യദുകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.140 മണിക്കൂർ പിയാനോ വായിച്ച് കലാം വേൾഡ് റെക്കോർഡ് നേട്ടം കരസ്ഥമാക്കിയ രാജഗിരി കോളജ് ബിബിഎ വിദ്യാർഥി തിമോത്തി കെ.ഏബ്രഹാമിനെ വേദിയിൽ അനുമോദിച്ചു. 12നാണ് കലോത്സവ സമാപനം.

കൊച്ചിയിൽ എംജി സർവകലാശാല കലോത്സവം നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്യുന്നു.

വിദ്യയിലൂടെ മുന്നേറാം

വിദ്യാഭ്യാസത്തിലൂടെയും കലയിലൂടെയും സംസ്കാരത്തിലൂടെയുമാണു കുട്ടികൾ വളർന്നുവരേണ്ടത്. യുവതലമുറ മദ്യത്തിനും ലഹരിക്കും അടിമകളാകാതെ വിദ്യയിലൂടെ മുന്നേറാൻ ഇത്തരം കൂട്ടായ്മകൾ അത്യാവശ്യമാണ്. ∙നിലമ്പൂർ ആയിഷ

കൂടിക്കലർപ്പ് 

ഇത്തരം വേദികൾ മത്സരത്തിനായി കാണുന്നതിനപ്പുറം ഒത്തുകൂടലിന്റെ വേദിയായി മാറ്റണം. കലയും സാഹിത്യവും സർഗാത്മകതകളുമെല്ലാം മനുഷ്യന് ജീവിക്കാനുള്ള ഇടങ്ങളാണ്. കൂടിക്കലർപ്പിന്റെ സൗന്ദര്യമാണ് സമൂഹത്തിന്റെ ആരോഗ്യം. ∙ബെന്യാമിൻ

ഓർമകൾ കൂടെ വരട്ടെ

വിജയികൾക്കല്ല, ഏറ്റവും നല്ല ഓർമകളെ ശിഷ്ടകാലത്തേക്കു കൊണ്ടുപോകുന്നവർക്കാണ് ഇവിടെ നിന്നുള്ള ഏറ്റവും മികച്ച ട്രോഫി. അതിനാവണം കലോത്സവ വേദികൾ. സഹവർത്തിത്വം എന്നത് വലിയൊരു കാര്യമാണ്. കൂട്ടായ ശ്രമത്തിലാണ് വിജയം. ∙ജി.ആർ.ഇന്ദുഗോപൻ

ബഹുസ്വരത

പേരുകൾ സമരപ്രഖ്യാപനമായി മാറിക്കൊണ്ടിരിക്കുന്ന കാലമാണ്. കലോത്സവ വേദിയുടെ ‘അനേക’ എന്ന പേരുതന്നെ ബഹുസ്വരതയെ രേഖപ്പെടുത്തുന്നതാണ്. ∙ദീപ‌ നിശാന്ത്

കരം കോർത്ത കലാലയ മുറ്റത്ത് ജീവിതവും കൊരുത്ത്

1. എംജി യൂണിവേഴ്സിറ്റി കലോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ പങ്കെടുക്കാനായി ഒരുങ്ങിയ വേഷധാരികളുടെ കൂടെ ചിത്രം എടുക്കുന്ന വിദേശവനിത, 2 മഹാരാജാസ് കോളജ് സാംസ്കാരിക വേദിയായ ‘അരങ്ങി’ൽ എംജി സർവകലാശാല കലോത്സവത്തിനിടെ വിവാഹിതരായ പൂർവവിദ്യാർഥികൾ നദീമും കൃപയും സുഹൃത്തുക്കൾക്കൊപ്പം.

കൊച്ചി∙ കൈ കോർത്തു നടന്ന മഹാരാജാസിന്റെ മുറ്റത്തു നിന്നുതന്നെ അവർ ജീവിതവും കോർത്തിണക്കി. ക്യാംപസിലെ മാലാഖക്കുളത്തെ സാക്ഷിയാക്കി ഓർക്കിഡ് പൂക്കളാൽ തീർത്ത മാല പരസ്പരം അണിയിച്ച് നദീമും കൃപയും പുതിയ ജീവിതത്തിന് സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ തുടക്കമിട്ടു. എംജി കലോത്സവത്തിന്റെ ആരവങ്ങൾക്കിടയിൽ മഹാരാജാസ് കോളജിൽ കൗതുകം പകർന്നത് പൂർവ വിദ്യാർഥികളായ മട്ടാഞ്ചേരി സ്വദേശി നദീമിന്റെയും പനങ്ങാട് സ്വദേശി സി.ആർ.കൃപയുടേയും വിവാഹമാണ്.

ഇരുവരും മഹാരാജാസിലെ 2014–17 ബാച്ച് ബിരുദ വിദ്യാർഥികളാണ്. സൗഹൃദം പ്രണയത്തിലെത്തിയതോടെ വിവാഹിതരാകാൻ തീരുമാനിച്ച ഇരുവരും പൂർണമനസ്സോടെ വീട്ടുകാർ സ്വീകരിക്കുന്നതിനായി കാത്തിരിക്കുകയാണെന്നു പറയുന്നു. മട്ടാഞ്ചേരി സബ് റജിസ്ട്രാർ ഓഫിസിൽ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇന്നലെയാണ് വിവാഹം റജിസ്റ്റർ ചെയ്തത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് നദീം. പൂത്തോട്ട ശ്രീനാരായണ ലോ കോളജിൽ എൽഎൽബി അവസാന വർഷ വിദ്യാർഥിയാണ് കൃപ.

മഹാരാജാസ് കോളജിലെ ചവിട്ടുപടിയിൽ തെന്നിവീണു പരുക്കേറ്റ, പിറവം ബിപിസി സംഘഗാനം ടീമിലെ അംഗമായ ആവണി ദാസ്. യൂണിയൻ ഭാരവാഹികളും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ച് പ്ലാസ്റ്ററിട്ട ശേഷം തിരികെ വേദിയിൽ കൊണ്ടുവന്നപ്പോൾ പരുക്ക് പ്രശ്നമല്ലല്ലോ തനിക്കു പാടാമല്ലോ എന്നാണ് ആവണിയുടെ അന്വേഷണം. ചിത്രം: മനോരമ.

ആവേശം നിറച്ച് വിളംബര ജാഥ

കൊച്ചി∙ആഘോഷവും ആവേശവും ഇരട്ടിയാക്കി എംജി കലോത്സവത്തിന്റെ വിളംബര ജാഥ. വൈകിട്ട് നാലോടെ വിദ്യാർഥികളും അധ്യാപകരും അണിനിരന്ന ജാഥ മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ നിന്നു തുടങ്ങി മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ സമാപിച്ചു. തെയ്യവും ചെണ്ടമേളവും കുടമാറ്റവുമെല്ലാം മുൻപിൽ അകമ്പടിയായി റാലിയെ നയിച്ചു. സെന്റ് തെരേസാസ്, മഹാരാജാസ്, എസ്എച്ച് തേവര, ലോ കോളജ് എന്നീ കോളജുകളിലെ നൂറോളം വിദ്യാർഥികളാണ് ഘോഷയാത്രയുടെ ഭാഗമായത്.

കേരളീയ പരമ്പരാഗത വേഷമണിഞ്ഞ് സെന്റ് തെരേസാസ് വിദ്യാർഥികൾ ജാഥയ്ക്കു തുടക്കമിട്ടു. പരമ്പരാഗത വേഷങ്ങൾക്കൊപ്പം മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും എൽജിബിടിക്യു സമൂഹത്തിന്റെയും പ്രതീകങ്ങളും മഹാരാജാസ് കോളജിന്റെ ജാഥയിൽ മുന്നിട്ടുനിന്നു. തീവ്രദേശീയതയ്ക്കും വംശീയതയ്ക്കുമെതിരെയുള്ള മുദ്രാവാക്യമായിരുന്നു ലോ കോളജിന്റെ ജാഥയിൽ. ഇറാനിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ചിത്രമുള്ള പ്ലക്കാർഡും ഉണ്ടായിരുന്നു. കയ്യിൽ ഭരണഘടനയേന്തിയ ‘അംബേദ്കറാണ്’ ജാഥയെ നയിച്ചത്.

എംജി യൂണിവേഴ്സിറ്റി കലോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ നിന്ന്,

∙വേദികളിൽ ഇന്ന്

വേദി 1: മഹാരാജാസ് കോളജ് ഗ്രൗണ്ട്: മോണോ ആക്ട്–രാവിലെ 9, സ്കിറ്റ്–വൈകിട്ട് 5.
വേദി 2: ലോ കോളജ് ഗ്രൗണ്ട്: ഭരതനാട്യം (ആൺ)–രാവിലെ 9, ഭരതനാട്യം (ട്രാൻസ്ജൻഡർ)–2, മോഹിനിയാട്ടം– 3
വേദി 3: മഹാരാജാസ് ഇംഗ്ലിഷ് മെയിൻ ഹാൾ: കഥകളി– 9, ഭരതനാട്യം (പെൺ)– 12
വേദി 4: മഹാരാജാസ് മലയാളം ഹാൾ: അക്ഷരോത്സവം– 9, കാവ്യകേളി– 4, ഓട്ടൻതുള്ളൽ– രാത്രി 8
വേദി 5: മഹാരാജാസ് ജനറൽ ഹാൾ: ഹിന്ദി കവിതാപാരായണം– 9, ഹിന്ദി പ്രസംഗം– രാത്രി 8
വേദി 6: മഹാരാജാസ് ആർക്കിയോളജി അക്കാദമിക് ബ്ലോക്ക്: പോസ്റ്റർ ഡിസൈനിങ് – 9
വേദി 7: മഹാരാജാസ് സുവോളജി ഗാലറി: മലയാളം ഉപന്യാസ രചന– 9, ഹിന്ദി ചെറുകഥാ രചന– 11, മലയാളം ചെറുകഥാ രചന– 2, ഇംഗ്ലിഷ് ഉപന്യാസ രചന– 6
വേദി 8: ലോ കോളജ് ഹെറിറ്റേജ് കെട്ടിടം: സ്ട്രിങ് ഇൻസ്ട്രുമെന്റ് ഈസ്റ്റേൺ– 9, സ്ട്രിങ് ഇൻസ്ട്രുമെന്റ് വെസ്റ്റേൺ– 3

അരങ്ങിലും അണിയറയിലും തേജ

കൊച്ചി ∙ ചെയർപഴ്സനെന്താ കലോത്സവവേദിയിൽ കാര്യം? പരിപാടികളുടെ സംഘാടനം, പങ്കെടുക്കുന്ന മത്സരാർഥികളുടെ ചുമതല, അവസാനവട്ട ഒരുക്കങ്ങൾ അങ്ങനെ പറഞ്ഞാൽ തീരാത്തത്രയും കാര്യങ്ങൾ. എന്നാൽ, സെന്റ് തെരേസാസ് കോളജിലെ യൂണിയൻ ചെയർപഴ്സൻ തേജ സുനിലിനു പിന്നണിയിൽ മാത്രമല്ല കാര്യം, അരങ്ങിലുമുണ്ട്.

2022 എംജി യൂണിവേഴ്സിറ്റി കലോത്സവത്തിലെ കലാതിലകമായ തേജ ഇക്കുറിയും 5 ഇനങ്ങളിൽ മത്സരിക്കുന്നു; കേരളനടനം, ഭരതനാട്യം, കുച്ചിപ്പു‍ഡി, മോഹിനിയാട്ടം, നാടോടിനൃത്തം. കഴിഞ്ഞ മൂന്നു വർഷത്തെ യൂണിയൻ ‘ഭരണപരിചയവും’ 15 കൊല്ലത്തെ നൃത്ത പഠനവും നൽകിയ കരുത്തുമായി സെന്റ് തെരേസാസിനെ മുന്നിൽ നിന്ന് നയിക്കാനും ഒപ്പംനിന്നു പടവെട്ടാനും കലോത്സവ നാളുകളിൽ തേജ വേദിയിലുണ്ടാകും.

കലോത്സവം ആഘോഷമാക്കാൻ മനോരമയും

എംജി യൂണിവേഴ്സിറ്റി കലോത്സവത്തോടനുബന്ധിച്ചു മലയാള മനോരമ–മൈസ്റ്റഡി പവ‌ിലിയനിലെ ഫോട്ടോ എക്സിബിഷൻ സംവിധായകൻ എബ്രിഡ് ഷൈൻ ഉദ്ഘാടനം ചെയ്യുന്നു. കോർപറേഷൻ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ആർ.റെനീഷ്, മൈസ്റ്റഡി മാനേജിങ് ഡയറക്ടർ ജോൺസൺ വർഗീസ് എന്നിവർ സമീപം. ചിത്രം: മനോരമ.

കൊച്ചി ∙ എംജി സർവകലാശാല കലോത്സവത്തിന്റെ പ്രധാനവേദിയായ മഹാരാജാസ് മെൻസ് ഹോസ്റ്റൽ മൈതാനത്ത് മലയാള മനോരമ–മൈസ്റ്റഡി സ്റ്റാർട്ടപ് കലോത്സവ പവ‌ിലിയൻ സംവിധായകൻ എബ്രിഡ് ഷൈൻ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി.ആർ.റെനീഷ്, മൈസ്റ്റഡി മാനേജിങ് ഡയറക്ടർ ജോൺസൺ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. മുൻ വർഷങ്ങളിലെ കലോത്സവത്തിലെ മനോരമ സ്പെഷൽ പേജുകളും ചിത്രങ്ങളും കോർത്തിണക്കിയ പ്രദർശനമാണു പ്രധാന ആകർഷണം. ഒപ്പം, വിവിധ മത്സരങ്ങളും അപ്പപ്പോൾ സമ്മാനങ്ങളും ഉണ്ടാവും.

അന്തരിച്ച ഗായിക വാണി ജയറാമിന്റെ സ്മൃതികളുമായി ‘യുവവാണി’ സംഗീതവേദിയുമുണ്ട്. ഇവിടെ വാണി ജയറാമിന്റെ ചിത്രങ്ങൾ കാണാനും പാട്ടുകൾ കേൾക്കാനും, ഇഷ്ടപ്പെട്ട വാണി ജയറാം ഗാനം ആലപിക്കാനും അവസരമുണ്ട്. 360 ഡിഗ്രി വിഡിയോ സെൽഫി ബൂത്ത്, ‘റിഡ്രഗ്’ എന്ന പേരിൽ ലഹരിവിരുദ്ധ പ്രതിജ്ഞ അടങ്ങിയ ഫോട്ടോ ഫ്രെയിം ബൂത്ത് എന്നിവ പവ‌ിലിയന്റെ ഭാഗമാണ്. പ്രതിജ്ഞയെടുക്കുന്നവർക്കു ‘റിഡ്രഗ് അംബാസഡർ’ എന്നു സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ഇ–മെയിലിലും വാട്സാപ്പിലും ലഭിക്കും. പവ‌ിലിയൻ സന്ദർശിക്കുന്നവർക്ക് ഇഷ്ട മലയാള മനോരമ പ്രസിദ്ധീകരണങ്ങൾ ക്യുആർ കോഡ് സ്കാൻ ചെയ്തു സൗജന്യമായി വാങ്ങാവുന്ന പദ്ധതിയുമുണ്ട്. കോഴ്സുകൾ, പരീക്ഷകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന സ്റ്റാർട്ടപ് കമ്പനിയാണ് മൈ സ്റ്റഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com