ADVERTISEMENT

മരട്∙ നഗരസഭയിലെയും പരിസര തദ്ദേശ പ്രദേശങ്ങളിലെയും ശുദ്ധജലക്ഷാമം പരിഹരിക്കാൻ പുതിയ പൈപ്പ് ലൈൻ വരുന്നു. ഉദയംപേരൂർ പഞ്ചായത്തിലെ മാളേകാട് നിന്ന് 1000 എംഎം എച്ച്ഡിപിഇ പൈപ്പ് സ്ഥാപിച്ച് നെട്ടൂർ മാർക്കറ്റിനു സമീപമുള്ള നിലവിലെ ജല വിതരണലൈനുമായി ബന്ധിപ്പിക്കും. പാഴൂരിൽ നിന്നുള്ള ശുദ്ധജലം 95 എംഎൽഡിയിൽ നിന്നും 120 എംഎൽഡി ആയി വർധിപ്പിക്കാൻ ഇതോടെ സാധിക്കും. നിലവിൽ മാളേകാട് വരെയുള്ള പൈപ്പിലേക്ക് പുതിയ ലൈൻ ബന്ധിപ്പിക്കുന്നതോടെ പൂർണ തോതിൽ പമ്പിങ് നടത്താനാകും. 

5.5 കിലോ മീറ്ററോളം കായലിലൂടെയാണ് പൈപ്പ് സ്ഥാപിക്കുന്നത്. 'അമൃത് 2' പദ്ധതിയിൽ ജനറം വിഭാഗം ഇതു സംബന്ധിച്ച് തയാറാക്കിയ റിപ്പോർട്ട്  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആർ. അജിത്കുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ കെ.ആർ. പ്രേമൻ എന്നിവർ കൗൺസിൽ യോഗത്തിന്റെ അംഗീകാരത്തിനായി നഗരസഭാ ചെയർമാനു കൈമാറി. 42 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ശുദ്ധീകരിക്കാൻ കൂടുതൽ ജലം മരടിൽ എത്തിയാൽ പ്രയോജനം തമ്മനം, തേവര, വെല്ലിങ്ടൻ ദ്വീപ്, പശ്ചിമകൊച്ചി, കുമ്പളം, കുമ്പളങ്ങി എന്നിവിടങ്ങളിലും കിട്ടും. 

മരട്, നെട്ടൂർ, കുമ്പളം പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ജലക്ഷാമം 2 ദിവസത്തിനുള്ളിൽ പരിഹരിക്കപ്പെടുമെന്ന് ജല അതോറിറ്റി എൻജിനീയർമാർ യോഗത്തെ അറിയിച്ചു.പാഴൂർ പമ്പ് ഹൗസിലെ മോട്ടർ തകരാറാണ് ജലക്ഷാമം രൂക്ഷമാകാൻ കാരണം. യോഗത്തിൽ നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷരായ പി.ഡി. രാജേഷ്, ടി.എസ്. ചന്ദ്രകലാധരൻ, നഗരസഭാ സെക്രട്ടറി ഇ. നാസിം എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com