യുവജനോത്സവം: സെന്റ് തെരേസാസ് മുന്നിൽ
Mail This Article
കൊച്ചി ∙ എംജി സർവകലാശാല കലോത്സവം ‘അനേക’യുടെ മൂന്നാം ദിവസവും വിട്ടുകൊടുക്കാതെ എറണാകുളം ജില്ല. മത്സരങ്ങൾ പുരോഗമിക്കുമ്പോൾ 54 പോയിന്റുമായി എറണാകുളം സെന്റ് തെരേസാസ് കോളജാണു മുന്നിൽ. 37 പോയിന്റുമായി തേവര എസ്‌എച്ച് കോളജും ആതിഥേയരായ മഹാരാജാസും രണ്ടാം സ്ഥാനത്തുണ്ട്. 18 പോയിന്റുമായി തൃപ്പൂണിത്തുറ ആർഎൽവി കോളജാണ് മൂന്നാം സ്ഥാനത്ത്. കാലടി ശ്രീശങ്കര കോളജ് (16), എറണാകുളം ഗവ. ലോ കോളജ് (12) എന്നിവരാണ് 4, 5 സ്ഥാനങ്ങളിൽ.
ഇന്നലെയും മത്സര വേദികളിൽ തിരക്കേറെയായിരുന്നു. മത്സരങ്ങൾ തുടങ്ങാനും അവസാനിക്കാനും വൈകുന്നതും തുടർന്നതോടെ മത്സരാർഥികൾ വലഞ്ഞു. പ്രധാന വേദിയായ മഹാരാജാസ് കോളജ് മൈതാനത്തു രാവിലെ 9നു ആരംഭിക്കേണ്ടിയിരുന്ന നാടോടിനൃത്തം രണ്ടു മണിക്കൂറോളം വൈകി. രണ്ടാം ദിവസം വൈകിട്ട് 3നു തുടങ്ങുമെന്ന് അറിയിച്ച മോഹിനിയാട്ടം അന്നു രാത്രി 11നാണു തുടങ്ങിയത്. മത്സരം ഇന്നലെ 12.30 വരെ നീണ്ടു. 13 മണിക്കൂറോളം നീണ്ട മത്സരത്തിനായി വിദ്യാർഥികൾ പലരും രാത്രി ഉറങ്ങാതെയിരുന്നു. വേദി 6ൽ നടക്കേണ്ടിയിരുന്ന കാർട്ടൂൺ മത്സരവും രണ്ടാം വേദിയായ ലോ കോളജിലെ ശാസ്ത്രീയ നൃത്ത മത്സരവും മുൻ നിശ്ചയിച്ച സമയത്തിൽനിന്നു വൈകിയാണു തുടങ്ങിയത്.
മത്സരം കഴിഞ്ഞ് സിനിമയിലേക്ക്
കൊച്ചി ∙ നൃത്തവും സിനിമയും ഇഷ്ടപ്പെടുന്ന ജംഷീന കഴിഞ്ഞ ദിവസവും തിരക്കിലായിരുന്നു. ഇടപ്പള്ളി സ്വദേശിയായ ജംഷീന മോഹിനിയാട്ട മത്സരം കഴിഞ്ഞു നേരെ പോയത് ‘പ്രാവ്’ എന്ന സിനിമയിലെ നർത്തകിയുടെ വേഷത്തിന്റെ ഭാഗമാകാൻ. തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ എംഎ മോഹിനിയാട്ടം ഒന്നാം വർഷ വിദ്യാർഥിനിയായ ജംഷീന ജമാൽ കേരള നടനത്തിലും മോഹിനിയാട്ടത്തിലുമാണു മത്സരിച്ചത്. മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും കേരള നടനത്തിൽ മൂന്നാം സ്ഥാനവുമുണ്ട്.
അമ്മയേകിയ പാട്ടുമായി മകൾ
കൊച്ചി ∙ അമ്മ തിരഞ്ഞെടുത്തു പഠിപ്പിച്ച പാട്ടുമായി ലളിതഗാന മത്സരവേദിയിലെത്തി മകൾ. തൊടുപുഴ സ്വദേശിയായ ജിസ്മരിയ ജോർജ് പാടിയത് വീട്ടമ്മയായ അമ്മ ലിൻസി തിരഞ്ഞെടുത്തു നൽകിയ ‘രാധികേ ഘനശ്യാമ വർണന്റെ...’ എന്നു തുടങ്ങുന്ന ഗാനം. അച്ഛൻ ജോർജ്, അമ്മ, സഹോദരങ്ങളായ ആൽബിൻ, ബിപിൻ എന്നിവർ ഉൾപ്പെട്ടതാണു ജിസ്മരിയയുടെ കുടുംബം. അമ്മയും സഹോദരങ്ങളും പാടും. പത്തനംതിട്ട എസ്‌സിഎഎസ് കോളജിലെ ഒന്നാം വർഷ എംഎസ്ഡബ്ല്യു വിദ്യാർഥിനി.
സംഘഗാന വേദിയിൽ താരസംഗമം
കൊച്ചി ∙ കലോത്സവത്തിൽ കഴിഞ്ഞ ദിവസത്തെ സംഘഗാന വേദി ടിവി റിയാലിറ്റി ഷോ താരങ്ങളുടെ സംഗമവേദിയായി. സംഘഗാനത്തിൽ ഒന്നാം സ്ഥാനം നേടിയ മഹാരാജാസ് സംഘത്തിൽ 3 പേരും മൂന്നാം സ്ഥാനക്കാരായ എസ്എച്ച് തേവര കോളജ് സംഘത്തിലെ ഒരാളും ടിവി റിയാലിറ്റി ഷോ മത്സരത്തിൽ തിളങ്ങിയവർ. പിന്നണിഗായകൻ വൈഷ്ണവ് ഗിരീഷാണ് എസ്എച്ച് ടീമിലെ താരം. നാളെ നടക്കുന്ന ലളിതഗാനത്തിലും വൈഷ്ണവ് പങ്കെടുക്കുന്നുണ്ട്.
എസ്എച്ച് കോളജിലെ മൂന്നാം വർഷ സോഷ്യോളജി വിദ്യാർഥിയാണ്. എംജി കലോത്സവത്തിൽ ആദ്യമായാണു പങ്കെടുക്കുന്നത്. മലയാളത്തിലും ഹിന്ദിയിലും ഉൾപ്പെടെയുള്ള സംഗീത റിയാലിറ്റി ഷോകളിലെ താരമായിരുന്നു വൈഷ്ണവ്. ഏതാനും സിനിമകളിലും പാടിയിട്ടുണ്ട്. മഴവിൽ മനോരമയിലെ സംഗീത റിയാലിറ്റി ഷോയിൽ പങ്കെടുത്ത അനുശ്രീ അനിൽകുമാർ, മറ്റൊരു ചാനലിലെ സംഗീത പരിപാടിയുടെ ഭാഗമായിരുന്ന അമൽഘോഷ്, നീലിമ ഷിജു എന്നിവർ മഹാരാജാസ് സംഘത്തിൽ ഉണ്ടായിരുന്നു.
ആവേശം ഒഴിയാതെ മലയാള മനോരമ– മൈ സ്റ്റഡി പവിലിയൻ
കൊച്ചി ∙ എംജി സർവകലാശാല കലോത്സവത്തിലെ പ്രധാന വേദി മഹാരാജാസ് മെൻസ് ഹോസ്റ്റൽ മൈതാനത്തെ മലയാള മനോരമ– മൈ സ്റ്റഡി കലോത്സവ പവിലിയനിലെത്തി വിദ്യാർഥികളും പൊതു പ്രവർത്തകരും ഉൾപ്പെടെയുള്ളവർ. കലോത്സവ ആവേശത്തോടെ വരുന്ന നൂറുകണക്കിനാളുകൾ ഇന്നലെയും പവിലിയൻ സന്ദർശിച്ചു.
മഹാരാജാസ് കോളജിന്റെയും കലോത്സവങ്ങളുടെയും സജീവ ഓർമകളുമായി ഉമ തോമസ് എംഎൽഎ ഇന്നലെ പവിലിയനിലെത്തി. സർവകലാശാല യൂണിയൻ ചെയർപഴ്സൻ ജിനിഷ രാജനും ഒപ്പമുണ്ടായിരുന്നു. കലോത്സവ ഓർമകളെ തിരികെപ്പിടിക്കുന്ന മുൻ വർഷ കലോത്സവങ്ങളിലെ മനോരമ സ്പെഷൽ പേജുകളും ചിത്രങ്ങളും കോർത്തിണക്കിയ പ്രദർശനം ആസ്വദിച്ചാണ് മടങ്ങിയത്. വിവിധ മത്സരങ്ങളും ഗായിക വാണി ജയറാമിന്റെ ഓർമയുണർത്തുന്ന ‘യുവവാണി’ സംഗീതവേദിയും ഏറെപ്പേരെ ആകർഷിച്ചു. വാണി ജയറാം ചിത്രങ്ങൾ കാണാനും പാട്ടുകൾ കേൾക്കാനും അവർ പാടിയ ഇഷ്ട ഗാനം ആലപിക്കാനും ഇനിയും അവസരമുണ്ട്. 360 ഡിഗ്രി വിഡിയോ സെൽഫി ബൂത്തിൽ വിഡിയോ ചിത്രീകരിച്ച് റിഡ്രഗ് സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ ഏറെപ്പേരെത്തുന്നുണ്ട്.
വേദിയിൽ പി.കെ. റോസിയും
മലയാള സിനിമയിലെ ആദ്യ നായിക പി.കെ. റോസിയുടെ 120–ാം ജന്മദിനമായിരുന്ന ഇന്നലെ റേച്ചൽ ടോമിനു നാടോടി നൃത്തമത്സരത്തിൽ അവരുടെ കഥ പറയുന്ന പാട്ടിനു നൃത്തം ചെയ്യാനായത് അപ്രതീക്ഷിതമായിരുന്നു. വിഗതകുമാരനെന്ന സിനിമയിലേക്കുള്ള വഴിയും റോസിയുടെ ആശകളും സിനിമ ഇറങ്ങിയതോടെ നേരിടേണ്ടി ആക്രമണങ്ങളുമെല്ലാം പകർന്നാടി. മലയാളത്തിലെ ആദ്യ നായികയ്ക്കുള്ള സ്മരണ പോലെ പി.കെ. റോസിയുടെ കഥ കലോത്സവ വേദിയിൽ നിറഞ്ഞുനിന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ വിദ്യാർഥിനിയാണു റേച്ചൽ.