മൈക്കിലൂടെ ആക്ഷേപം, അസഭ്യം തമ്മിലടിച്ച് കൗൺസിലർമാർ
Mail This Article
മൂവാറ്റുപുഴ∙ ഉച്ചയ്ക്കു ശേഷം വീണ്ടും ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി. യുഡിഎഫ് അംഗം മൈക്കിലൂടെ പ്രതിപക്ഷ അംഗങ്ങളെ ആക്ഷേപിക്കുകയും വനിത അംഗത്തെ അസഭ്യം പറയുകയും ചെയ്തുവെന്ന് ആരോപിച്ചുള്ള പ്രതിപക്ഷ പ്രതിഷേധമാണു കൗൺസിലർമാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്.
വികസന സമിതിയിലും ആസൂത്രണ സമിതിയിലും ചർച്ച ചെയ്ത് അംഗീകാരം നേടാതെ 2023 -24 വർഷത്തെ പദ്ധതിരേഖ കൗൺസിൽ അംഗീകാരത്തിനായി അജണ്ടയിൽ ഉൾപ്പെടുത്തിയതിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതോടെ നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ യോഗം പിരിച്ചു വിടുകയാണെന്നു വ്യക്തമാക്കി ചെയർമാൻ യോഗത്തിൽ നിന്നിറങ്ങിപ്പോയി.
ഇതിനു ശേഷം കൗൺസിൽ ഹാളിലെ മൈക്കിലൂടെ യുഡിഎഫ് കൗൺസിലർ പ്രതിപക്ഷ കൗൺസിലർമാരെ ആക്ഷേപിച്ചു സംസാരിച്ചതാണു പ്രകോപനം സൃഷ്ടിച്ചത്. പ്രതിപക്ഷാംഗങ്ങൾ മൈക്ക് പിടിച്ചെടുത്തതോടെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ എൽഡിഎഫ് വനിത കൗൺസിലറെ യുഡിഎഫ് കൗൺസിലർ അസഭ്യം പറഞ്ഞതായും പരാതി ഉയർന്നു. പൊലീസ് സ്ഥലത്ത് എത്തിയാണു കൗൺസിലർമാരെ പിരിച്ചുവിട്ടത്.