വെള്ളം ലഭിക്കുന്നില്ല, കർഷകർ പ്രതിസന്ധിയിൽ
Mail This Article
പെരുമ്പാവൂർ ∙ ഒക്കൽ ലിഫ്റ്റ് ഇറിഗേഷനിൽ നിന്നു മതിയായ അളവിൽ വെള്ളം ലഭിക്കാത്തതിനാൽ കർഷകർ പ്രതിസന്ധിയിൽ. ഒക്കൽ പഞ്ചായത്തിലെ 1,2, 15, 16 വാർഡുകളിലെ കർഷകരുടെ ആശ്രയം ഇടവൂർ ഓണമ്പിള്ളിയിൽ സ്ഥിതി ചെയ്യുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയാണ്.100 ഏക്കറോളം സ്ഥലത്ത് ഈ വെള്ളം കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്.
24 മണിക്കൂർ വെള്ളം പമ്പ് ചെയ്തെങ്കിൽ മാത്രമേ എല്ലായിടത്തും വെള്ളം എത്തുകയുള്ളു. 16 മണിക്കൂറാണ് ഇപ്പോൾ പമ്പിങ്. നിലവിൽ പുലർച്ചെ 3 മുതൽ രാത്രി 7 വരെയാണ് പമ്പിങ് നടത്തുന്നത്. മുൻപ് രാത്രി 10 മുതൽ ഉച്ചയ്ക്കു 2 വരെയായിരുന്നു.രാത്രി വെള്ളം ഉപയോഗിക്കുന്ന വാഴ കർഷകർക്ക് വെള്ളം ലഭിക്കുന്നില്ല എന്ന പരാതി ഉയർന്നിരുന്നു. ഇതിനു ശേഷമാണ് മാറ്റം വരുത്തിയത്. മോട്ടറുകൾ എല്ലാം പ്രവർത്തനക്ഷമമാണെങ്കിലും പമ്പ് ഓപ്പറേറ്റർമാരുടെ കുറവും ഉണ്ട്.
വാഴ, തെങ്ങ്, ജാതി, കപ്പ മുതലായ കൃഷികൾ വരൾച്ച നേരിടുകയാണ്. മുൻകാലങ്ങളിൽ രാത്രികാല പമ്പിങ് ഉണ്ടായിരുന്നതിനാൽ കർഷകർക്ക് ജലസേചന സൗകര്യം ലഭിച്ചിരുന്നു.പകൽ മാത്രമായതിനാൽ പലയിടത്തും വെള്ളം എത്തുന്നില്ല. ലിഫ്റ്റ് ഇറിഗേഷൻ ചാനലിന്റെ അഗ്രഭാഗത്ത് വെള്ളം ലഭിക്കുന്നില്ല. രാത്രിയിലും നീരൊഴുക്കു സാധ്യമാക്കിയാൽ എല്ലാ കർഷകർക്കും ഒരു പോലെ വെള്ളം ലഭിക്കും.
ലിഫ്റ്റ് ഇറിഗേഷൻ സിവിൽ ജോലികൾ ചെയ്യുന്നത് മൈനർ ഇറിഗേഷൻ വകുപ്പ് പെരുമ്പാവൂർ ഡിവിഷനും ഇലക്ട്രിക്കൽ ജോലികൾ കാലടി ഡിവിഷനുമാണ്. രാത്രികാല പമ്പിങ് പുനരാരംഭിച്ചു കർഷകരെയും കൃഷിയെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൈനർ ഇറിഗേഷൻ വകുപ്പ് പെരുമ്പാവൂർ ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർക്കു അഖിലേന്ത്യ കിസാൻസഭ പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.എ.സുലൈമാൻ നിവേദനം നൽകി.
കർഷകരുടെ സൗകര്യത്തിന് അനുസരിച്ചു പമ്പിങ് സമയക്രമം പുതുക്കുന്ന കാര്യം ആലോചനയിലാണെന്നു മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു.