ADVERTISEMENT

തൃപ്പൂണിത്തുറ ∙ 14 കുടുംബങ്ങൾ 67 വർഷമായി സഞ്ചരിക്കുന്ന വഴി അടിച്ചു കെട്ടി റെയിൽവേ. സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിനു സമീപമുള്ള വഴിയാണ് ഉദ്യോഗസ്ഥർ എത്തി ഇന്നലെ അടച്ചു കെട്ടിയത്. റെയിൽവേ ഭൂമിയായതിനാലാണ് അടയ്ക്കുന്നത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി വീട്ടുകാർ പറഞ്ഞു. പ്ലാറ്റ്ഫോമിനു സമീപമുള്ള റെയിൽവേ ഭൂമിയിലൂടെയാണു 14 വീട്ടുകാർ സഞ്ചരിക്കുന്നത്. 2 ആരാധാനാലയങ്ങളിലേക്കുള്ള വഴിയും ഇതു മാത്രമാണ്. കാലങ്ങളായി ഈ റോഡ് തകർന്നു കിടക്കുകയാണ്.

കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി തീർന്ന വഴിയിൽ റെയിൽവേ അധികാരികളുടെ വാക്കാലുള്ള അനുവാദത്തോടെ റെയിൽവേ ഉപേക്ഷിച്ച മെറ്റൽ ചീളുകൾ നാട്ടുകാർ നിരത്തിയിരുന്നു. ഇതിനു മുകളിൽ നാട്ടുകാർ പണം പിരിവെടുത്ത് മണ്ണ് ഇട്ടതാണ് റെയിൽവേ ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. റോഡ് നന്നാക്കി കിട്ടാൻ വേണ്ടി പല ഓഫിസുകളിലും കയറിയിറങ്ങിയെങ്കിലും നടപടി ഇല്ലാതായതോടെയാണ് സ്വന്തം പണം മുടക്കി റോഡിൽ മണ്ണിട്ടത്. ഇതോടെ റെയിൽവേ അധികൃതർ എത്തി പണി തടഞ്ഞു.

ഇന്നലെ രാവിലെ പൊലീസ് സഹായത്തോടെ റോഡും അടച്ചു കെട്ടി. 1987 മുതൽ നഗരസഭ പലതവണ നന്നാക്കിയ റോഡാണിത്. ഇതിലൂടെ സഞ്ചരിക്കുന്ന ഇരുചക്ര വാഹന യാത്രക്കാർ അടക്കം തെന്നി മറിഞ്ഞ് അപകടങ്ങൾ ഉണ്ടായത് കാരണമാണ് മണ്ണ് ഇട്ടത് എന്നാണ് നാട്ടുകാരുടെ വാദം. റെയിൽവേയുടെ ഭൂമി ആയത് കൊണ്ടാണ് അടച്ചു കെട്ടിയത് എന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. റെയിൽവേ ഭൂമിയിൽ വഴി നിർമാണം നടത്താൻ ആർക്കും അവകാശമില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇടപെട്ട് ലീഗൽ സർവീസ് അതോറിറ്റി

റെയിൽവേ ഉദ്യോഗസ്ഥർ റോഡ് അടച്ചു കെട്ടിയ സംഭവത്തിൽ ഇടപെട്ടു ജില്ലാ ലീഗൽ സർവീസ് അതോറിറ്റി. മലയാള മനോരമ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണ് ലീഗൽ സർവീസ് അതോറിറ്റി വിഷയത്തിൽ ഇടപെട്ടത്. ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രഞ്ജിത്ത് കൃഷ്ണന്റെ നിർദേശപ്രകാരം ലീഗൽ വൊളന്റിയർ ആർ. രഘു ഇന്നലെ സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി.

തുടർന്നു ഇവിടെയുള്ള വീട്ടുകാരുടെ അടുത്ത് നിന്ന് പരാതി എഴുതി വാങ്ങി റിപ്പോർട്ട് സമർപ്പിച്ചു. അടുത്ത ദിവസങ്ങളിൽ റെയിൽവേ ഉദ്യോഗസ്ഥരുമായും വീട്ടുകാരുമായും ചർച്ച നടത്തി പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്നു അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com