ADVERTISEMENT

കോതമംഗലം∙ ചെറുവട്ടൂരിൽ നിനി, മാതിരപ്പിള്ളിയിൽ ഷോജി, അയിരൂർപാടത്ത് ആമിന... കോതമംഗലത്തു പട്ടാപ്പകൽ 3 വീട്ടമ്മമാർ കൊല്ലപ്പെട്ട കേസുകളിൽ വർഷങ്ങൾ പിന്നിടുമ്പോഴും അന്വേഷണ പുരോഗതിയില്ല. 3 കേസും ലോക്കൽ പൊലീസ് അന്വേഷിച്ചു ഫലമില്ലാതെ ക്രൈംബ്രാഞ്ചിനു വിട്ടെങ്കിലും കൊലയാളികൾ കാണാമറയത്തു തന്നെ. കൊലയാളികളെ കണ്ടെത്താൻ സിബിഐ വേണ്ടിവരുമോ എന്നതാണു നാട്ടുകാരുടെ ചോദ്യം.

∙ആമിന

2021 മാർച്ച് 7നാണ് അയിരൂർപാടം പാണ്ട്യാർപ്പിള്ളിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ആമിന (66) മരിച്ചത്. പാടത്തു പുല്ല് മുറിക്കാൻ പോയ ആമിനയുടെ മൃതദേഹം സമീപത്തെ നീരൊഴുക്കു കുറഞ്ഞ തോട്ടിൽ കണ്ടെത്തുകയായിരുന്നു. ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായതും ബലം പ്രയോഗിച്ചുള്ള മുങ്ങിമരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും കൊലപാതകമെന്ന നിഗമനത്തിൽ പൊലീസിനെ എത്തിച്ചു.

ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 25 അംഗ സ്ക്വാഡ് അന്വേഷിച്ചെങ്കിലും ഫലമില്ലാതെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. 2 വർഷമാകുമ്പോഴും കൊലയാളിയെക്കുറിച്ചു സൂചന പോലുമില്ല. സാക്ഷികളോ മറ്റു തെളിവുകളോ ഇല്ലാതെ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്.

∙ഷോജി

2012 ഓഗസ്റ്റ് എട്ടിനാണു മാതിരപ്പിള്ളി കണ്ണാടിപ്പാറ കെ.എ.ഷാജിമോന്റെ ഭാര്യ ഷോജി (34) വീടിനുള്ളിൽ കഴുത്തറത്തു കൊല്ലപ്പെട്ടത്. ധരിച്ചിരുന്ന 5 പവൻ സ്വർണാഭരണങ്ങളും കാണാതായി. വീടിന്റെ മുകൾനില നിർമാണത്തിനുണ്ടായിരുന്ന 2 പണിക്കാർ ഭക്ഷണം കഴിക്കാൻ പുറത്തുപോയപ്പോഴായിരുന്നു സംഭവം. കിടപ്പുമുറിയിൽ പായയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഈ കേസും ലോക്കൽ പൊലീസ് അന്വേഷിച്ചു ഫലമില്ലാതെ ക്രൈംബ്രാഞ്ചിനെ ഏൽപിച്ചെങ്കിലും 11 വർഷമാകുമ്പോഴും പ്രയോജനമുണ്ടായിട്ടില്ല.

∙നിനി

2009 മാർച്ച് 11നാണു ചെറുവട്ടൂർ കരിപ്പാലാക്കുടി ബിജുവിന്റെ ഭാര്യ നിനി (24) കൊല്ലപ്പെട്ടത്. അങ്കണവാടി അധ്യാപികയായ നിനി വീടിനു സമീപം തോട്ടിൽ കുളിക്കാൻ പോയതാണ്. പിന്നീടു തോട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ കൊലപാതകമെന്നു തെളിഞ്ഞെങ്കിലും ലോക്കൽ പൊലീസിനു കൊലയാളിയെ കണ്ടത്താനാകാതെ കേസ് ക്രൈംബ്രാ‍ഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണം 14 വർഷമാകുമ്പോഴും കൊലയാളിയെക്കുറിച്ചു സൂചന പോലുമില്ല.

അന്വേഷണത്തിൽ പുരോഗതിയെന്ന് മുഖ്യമന്ത്രി

3 കേസിലും അന്വേഷണം പുരോഗമിക്കുന്നതായാണു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ ആന്റണി ജോൺ എംഎൽഎയെ അറിയിച്ചത്. ആമിന ധരിച്ചിരുന്ന 9 പവൻ സ്വർണാഭരണം നഷ്ടപ്പെട്ടിട്ടുണ്ട്. സ്വർണം അപഹരിക്കാനായി കൊലപ്പെടുത്തിയെന്നാണു നിഗമനം. 

എറണാകുളം റീജനൽ കെമിക്കൽ എക്സാമിനേഷൻ സയൻസ് ലാബിലെ പരിശോധനാ റിപ്പോർട്ട് കൂടുതൽ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിൽ അയച്ചും സംശയിക്കുന്നവരുടെ സിഡിആർ ശേഖരിച്ചും ശാസ്ത്രീയ അന്വേഷണം ഊർജിതമാക്കി. ഷോജിക്കേസിൽ അന്വേഷണം ഊർജിതമാണ്. നിനിക്കേസിൽ കൊലയാളിയെക്കുറിച്ചോ കവർച്ച മുതലുകളെപ്പറ്റിയോ തെളിവൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം ഊർജിതമെന്ന് ഇടയ്ക്കിടെ പറയുമ്പോഴും ആദ്യ 2 കേസിലും നടപടിയൊന്നുമില്ലെന്നതാണു വസ്തുത.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com