ഒത്തൊരുമയോടെ ജീവിതപ്പോരാട്ടം: ഫാഷൻ ഡിസൈൻ രംഗത്ത് ശ്രദ്ധനേടി 3 സഹോദരിമാർ
Mail This Article
കാലടി∙ ജോലി വേണ്ടെന്നു വച്ചു ഫാഷൻ ഡിസൈൻ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള പരിശ്രമത്തിലാണ് 3 സഹോദരിമാർ. ടീന ഫിഗറസ്, ടാനിയ ഫിഗറസ്, തൻവി ഫിഗറസ്; ഒത്തൊരുമയുടെയും കഠിന പരിശ്രമത്തിന്റെയും ചങ്കൂറ്റത്തിന്റെയും നേർക്കാഴ്ചയാണ് ഇവർടീന ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിഗ്രിയെടുത്തു. ജോലി കിട്ടിയെങ്കിലും രാജിവച്ചു. ടാനിയ എംഎസ്‌സി മൈക്രോ ബയോളജിയും ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമയും എടുത്തു. ജോലി വേണ്ടെന്നു വച്ചു. തൻവി പ്ലസ്ടുവിനു ശേഷം മേക്കപ്പിൽ ഡിപ്ലോമ നേടി.
3 പേരും ചേർന്നു കാലടിയിൽ ഒരു ഫാഷൻ ഡിസൈനേഴ്സ് സ്ഥാപനം നടത്തുന്നു. ബ്രൈഡൽ, പാർട്ടി ഡിസൈൻ വസ്ത്രങ്ങൾ ഇവിടെ ഓർഡർ അനുസരിച്ചു ചെയ്തു കൊടുക്കും. കൂടാതെ വധുവിനെ അണിയിച്ചൊരുക്കുകയും ചെയ്യും. സൂറത്ത്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണു വസ്ത്രങ്ങൾ കൂടുതലായും എടുക്കുന്നത്. പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറൽ പ്രോഗ്രാം വഴി 7,50,000 രൂപ ലോണെടുത്തും സ്വന്തം കയ്യിൽ നിന്നു 3 ലക്ഷം രൂപയെടുത്തുമാണ് ബിസിനസ് തുടങ്ങിയത്. പുതിയപറമ്പിൽ ലോറൻസ് എയ്മി ദമ്പതികളുടെ മക്കളാണ് ഈ സഹോദരിമാർ.