ജോലിത്തിരക്കുകൾക്ക് ഇടയിൽ സ്വന്തമായി വീട് പെയിന്റ് ചെയ്തു; പൗളി പൊളിയാണ്
Mail This Article
അങ്കമാലി∙ ജോലിത്തിരക്കുകൾക്ക് ഇടയിൽ വീട് സ്വന്തമായി പെയിന്റ് ചെയ്ത് മൂക്കന്നൂർ പാലാട്ടി പൗളി പോളച്ചൻ. 1400 ചതുരശ്രയടി വിസ്തീർണമുള്ള വീടും 800 ചതുരശ്രയടി വിസ്തീർണമുള്ള മുറ്റത്തെ ടൈലുകളും മതിലുമാണ് പെയിന്റ് ചെയ്തത്. ജോലിയുടെ ഇടവേളകളിലാണു പെയിന്റിങ്. ഇതു മൂന്നാമത് പ്രാവശ്യമാണ് പൗളി വീടിന്റെ പെയിന്റിങ് നടത്തുന്നത്.
കെഎസ്എഫ്ഇ മൂക്കന്നൂർ ബ്രാഞ്ചിലെ കലക്‌ഷൻ ഏജന്റായ പൗളിക്ക് മാസത്തിന്റെ അവസാനവാരത്തിൽ ചിട്ടിയുമായി ബന്ധപ്പെട്ട തിരക്കു കുറവാണ്. തിരക്കു കുറവുള്ള ദിവസങ്ങളിലാണ് പെയിന്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കുന്നത്. മുറികളിലെ സീലിങ്, പാരപ്പെറ്റ് തുടങ്ങി പ്രയാസമേറിയ ഇടങ്ങളിലും കൃത്യതയോടെയാണു പെയിന്റിങ്. 5 വർഷം മുൻപ് വീട്ടിൽ നടന്ന പെയിന്റിങ്ങിൽ ബാക്കി വന്ന പെയിന്റ് മതിലിൽ അടിച്ചായിരുന്നു പരിശീലനത്തിന്റെ തുടക്കം.
പിന്നീട് മതിൽ മൊത്തമായി പെയിന്റ് ചെയ്തു തുടങ്ങി. ഒരു സ്ത്രീ പെയിന്റ് ചെയ്യുന്നത് അയൽക്കാർ കാണുമ്പോൾ ഒരു ചമ്മൽ. ആദ്യമൊക്കെ ഓടി വീട്ടിൽ കയറുമായിരുന്നു. ഇപ്പോൾ ആരു കണ്ടാലും ഒരു ചമ്മലുമില്ല; കൂളായി നിൽക്കും, പൗളി പറഞ്ഞു. പൗളി പെയിന്റ് ചെയ്യുന്നത് കണ്ട് അയൽവാസികളിൽ ചിലർ അവരുടെ മതിൽ സ്വന്തമായി പെയിന്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഭർത്താവ് പോളച്ചനെ കൃഷിപ്പണിയിൽ സഹായിക്കാനും പൗളി സമയം കണ്ടെത്താറുണ്ട്