എരുമത്തടത്ത് വനത്തിൽ തീ ; നിയന്ത്രണവിധേയമായി
Mail This Article
അങ്കമാലി ∙ അയ്യമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ എരുമത്തടത്ത് വനമേഖലയിൽ തീ പടർന്നത് നിയന്ത്രണ വിധേയമായി. താടിമുടി മലയിൽ വനംവകുപ്പ് തേക്ക് പ്ലാന്റേഷനിലും റിസർവ് വനത്തിലുമാണ് തീപിടിച്ചത്.ഇന്നലെ ഉച്ചയോടെയാണ് തീ നിയന്ത്രണവിധേയമായത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണു തീ കണ്ടത്. 30 ഹെക്ടറിലേറെ സ്ഥലത്ത് വനം പൂർണമായി കത്തിനശിച്ചിട്ടുണ്ട്. മലയുടെ മുകൾ ഭാഗത്തു നിന്നു താഴേക്കാണു തീ പടർന്നത്.
ഈ മലയിലെ ഭൂരിഭാഗം മരങ്ങളും കത്തിനശിച്ചു. ആദ്യം തീപിടിച്ച ഭാഗത്ത് തീ പടരുന്നത് ഏറെക്കുറെ നിയന്ത്രണവിധേയമായി വന്നെങ്കിലും സമീപത്തെ മുളങ്കാടുകളിലേക്കു തീപടർന്നതോടെ തീപിടിത്തം കൂടുതൽ രൂക്ഷമാകുകയായിരുന്നു.
കാറ്റിൽ തീ മറ്റ് ഭാഗങ്ങളിലേക്കു പടർന്നു. കഴിഞ്ഞ വർഷം പൂത്തതിനു ശേഷം ഉണങ്ങിനിൽക്കുന്ന മുളങ്കാടിലേക്കാണു തീപടർന്നത്. തീപിടിച്ച മുളകൾ വൻശബ്ദത്തോടെ ദൂരേക്കു പൊട്ടിത്തെറിക്കുകയും ചെയ്തു.
ഈ മുളങ്കാട് പൂർണമായും കത്തിനശിച്ചു. മുളയുടെ കുറ്റികൾ പുകയുന്നുണ്ടെങ്കിലും ആശങ്കപ്പെടാനില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർ 2 സംഘങ്ങളായി തിരിഞ്ഞ് തീ പടരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഫയർ ബ്രേക്കിങ് നടത്തി.20 വർഷത്തിനുള്ളിൽ ഇതാദ്യമായാണ് ഈ ഭാഗത്ത് ഇത്രയും വലിയ തീപിടിത്തം ഉണ്ടാകുന്നത്.