ADVERTISEMENT

കാക്കനാട്∙ ജില്ലയിലെ 21 പഞ്ചായത്തുകളിലെ പ്രദേശങ്ങൾ അടർത്തിയെടുത്തു പുതുതായി 13 പഞ്ചായത്തുകൾ രൂപീകരിക്കുന്ന കാര്യം പരിഗണനയിൽ. പുതിയ തദ്ദേശ സ്ഥാപനങ്ങളുടെ രൂപീകരണം പഠിക്കാൻ ഒരാഴ്ച മുൻപ് നിയോഗിച്ച പ്രത്യേക സമിതിയാകും അവസാന തീരുമാനം കൈക്കൊള്ളുക.

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തുകൾ വിഭജിച്ചു പുതിയ പഞ്ചായത്ത്  രൂപീകരിക്കണമെന്ന നിർദേശം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു കാലത്ത് ഉയർന്നതാണ്. അന്നത് പ്രാവർത്തികമായില്ല. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ അന്നു തയാറാക്കിയ പട്ടിക തന്നെയാകും ഇത്തവണയും പരിഗണിക്കുക. ഇതിൽ ഉൾപ്പെടാത്ത പഞ്ചായത്തുകൾ,  വിഭജിക്കേണ്ട അവസ്ഥയിൽ ജനസംഖ്യ ഉയർന്നിട്ടുണ്ടെങ്കിൽ പ്രത്യേക സമിതിയുടെ തെളിവെടുപ്പ് വേളയിൽ അക്കാര്യവും പരിഗണിക്കും.

പുതുതായി രൂപീകരിക്കാൻ പരിഗണനയിലുള്ള പഞ്ചായത്തുകളുടെ പേരും  ഇപ്പോൾ പ്രദേശം ഉൾപ്പെടുന്ന പഞ്ചായത്തും ബ്രാക്കറ്റിൽ. പുതുവൈപ്പ് (എളങ്കുന്നപ്പുഴ), കണ്ടനാട് (ഉദയംപേരൂർ), എടയാർ (ആലങ്ങാട്, കടുങ്ങല്ലൂർ), മന്നം (കോട്ടുവള്ളി, ചിറ്റാറ്റുകര, ചേന്ദമംഗലം, കരുമാലുർ), ചെറായി (പള്ളിപ്പുറം), നേര്യമംഗലം (കവളങ്ങാട്, കുട്ടമ്പുഴ), തൃക്കാരിയൂർ (നെല്ലിക്കുഴി, കോട്ടപ്പടി, പിണ്ടിമന), പട്ടിമറ്റം (കിഴക്കമ്പലം, കുന്നത്തുനാട്), അറയ്ക്കപ്പടി (വെങ്ങോല), ഐരാപുരം (മഴുവന്നൂർ), കുറുപ്പംപടി (രായമംഗലം), മുളവൂർ (പായിപ്ര), അശോകപുരം (എടത്തല, കീഴ്മാട്, ചൂർണ്ണിക്കര). 

മുനിസിപ്പാലിറ്റി;നെടുമ്പാശേരി പരിഗണനയിൽ

ജില്ലയിൽ നെടുമ്പാശേരി മാത്രമാണ് മുനിസിപ്പാലിറ്റിയായി ഉയർത്താൻ സാധ്യതയുള്ള ഏക പഞ്ചായത്ത്. എല്ലാ വിശദാംശവും പരിഗണിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനണ്ടാകൂ. വിമാനത്താവളം സ്ഥിതി ചെയ്യുന്ന വാർഡും സമീപ വാർഡുകളും മാത്രമേ നഗരസ്വഭാവത്തിൽ വളർന്നിട്ടുള്ളു. മറ്റു വാർഡുകൾ ഗ്രാമാന്തരീക്ഷത്തിൽ തന്നെയാണെന്നാണ് വിലയിരുത്തൽ. 

നെടുമ്പാശേരി പഞ്ചായത്തിന്റെ വരുമാനവും പരിഗണിക്കും. കൊച്ചി കോർപറേഷനോടു ചേർന്നു കിടക്കുന്ന ചേരാനല്ലൂർ പഞ്ചായത്തിന്റെ പലഭാഗങ്ങളും നഗര സ്വഭാവത്തിലാണെന്ന പ്രാഥമിക വിലയിരുത്തലുണ്ട്.

റിപ്പോർട്ട് ജൂലൈ 30നു മുൻപ് നൽകാൻ നിർദേശം 

പുതിയ പഞ്ചായത്ത് രൂപീകരണ കാര്യത്തിൽ എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളും നിർണായകമാകും. പഞ്ചായത്ത് രൂപീകരണ സമിതിയോടു ജൂലൈ 30നു മുൻപ് റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദേശം. വലിയ പഞ്ചായത്തുകൾ വിഭജിക്കുന്ന നടപടി പൂർത്തിയായാൽ മാത്രമേ വാർഡ് വിഭജനം തുടങ്ങാനാകു. 

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് വാർഡ് പുനർവിഭജനം നടത്തിയിരുന്നില്ല. ഇതുമൂലം അടുത്ത തിരഞ്ഞെടുപ്പിനു മുൻപ് വാർഡ് പുനർ വിഭജനം വേണമെന്ന നിലപാടിനോടു സർക്കാരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും യോജിക്കുന്നുണ്ട്. പരാതിരഹിതമായി വാർഡ് പുനർ വിഭജനം പൂർത്തിയാക്കണമെങ്കിൽ ഒരു വർഷം സാവകാശം വേണമെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. 

ഇതിനായി ഡി ലിമിറ്റേഷൻ കമ്മിഷനെ സർക്കാർ നിയോഗിക്കണം. ഇപ്പോൾ നിയോഗിച്ചിട്ടുള്ള പഞ്ചായത്ത് രൂപീകരണ സമിതിയുടെ പ്രവർത്തനം പൂർത്തിയായ ശേഷമേ ഡി ലിമിറ്റേഷൻ കമ്മിഷനെ നിയോഗിക്കൂ.ത്രിതല പഞ്ചായത്തുകളുടെ വാർഡ് പുനർ വിഭജനത്തിനാണ് ഏറെ സമയം വേണ്ടിവരുന്നത്. ഗ്രാമപഞ്ചായത്തുകളുടെ വാർഡ് പുനർ വിഭജനം പൂർത്തിയായാലേ ബ്ലോക്ക് പഞ്ചായത്തുകളുടെ വാർഡ് വിഭജനം തുടങ്ങാനാകു. ഇതും പൂർത്തിയായാലേ ജില്ലാ പഞ്ചായത്ത് വാർഡ് വിഭജനം തുടങ്ങുകയുള്ളു. 

വാർഡ് അതിർത്തികളുടെ കരട് പട്ടിക തയ്യാറാക്കൽ, പരാതി സ്വീകരിക്കൽ, തീർപ്പാക്കൽ, അപ്പീൽ സ്വീകരിക്കൽ തുടങ്ങിയ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്. തിരഞ്ഞെടുപ്പിന് ഒന്നര വർഷം മുമ്പെങ്ങിലും വാർഡ് വിഭജന നടപടി തുടങ്ങാനാണ് ആലോചന.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com