ADVERTISEMENT

മുളന്തുരുത്തി ∙ ഭൂമാഫിയകളുടെ കടന്നുകയറ്റവും മണ്ണു കൊള്ളയും വ്യാപകമായതോടെ മേഖലയിലെ ഭൂഗർഭജല ലഭ്യത കുറയുന്നു. വേനലിന്റെ തുടക്കത്തിൽ തന്നെ കിണറുകളിലും കുളങ്ങളിലും വലിയ തോതിൽ വരൾച്ച അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വികസനത്തിന്റെ പേരിൽ മലകളും കുന്നുകളും ചതുപ്പുകളും അപ്രത്യക്ഷമായതോടെ വലിയ വരൾച്ചയിലേക്കാണു നാടു നീങ്ങുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഭൂഗർഭ ജല ലഭ്യത അറിയുന്നതിനായി കേന്ദ്ര ജല വകുപ്പ് നിരീക്ഷണത്തിനായി തുരുത്തിക്കരയിൽ കുഴിച്ച കിണറിൽ 650 അടി താഴ്ചയിലാണു വെള്ളം കണ്ടത്. വേനൽ തുടങ്ങിയതോടെ കിണറ്റിലെ വെള്ളത്തിൽ ഉപ്പു രസം കൂടിയിട്ടുണ്ട്. വേനൽ മഴ കൃത്യമായി ലഭിച്ചില്ലെങ്കിൽ കടുത്ത ശുദ്ധജല ക്ഷാമത്തിലേക്കു നാടു നീങ്ങും എന്ന സൂചനയാണ് ഇതെന്നാണു നിരീക്ഷണം.

ശുദ്ധജല ക്ഷാമം രൂക്ഷമായ മേഖല ആയിരുന്നിട്ടും മുളന്തുരുത്തി, എടയ്ക്കാട്ടുവയൽ, മണീട്, ചോറ്റാനിക്കര, ആമ്പല്ലൂർ പഞ്ചായത്തുകളിൽ മണ്ണെടുപ്പും നിലം നികത്തും വ്യാപകമാണ്. പരിസ്ഥിതി പഠനങ്ങൾ  നടത്താതെ അധികൃതരുടെ ഒത്താശയോടെയാണ് നിയമങ്ങൾ പാലിക്കാതെയുള്ള മണ്ണു മാഫിയയുടെ പ്രവർത്തനങ്ങൾ. പഞ്ചായത്ത് കെട്ടിട നിർമാണത്തിനായി നൽകുന്ന അനുമതിയുടെ പേരിലാണു വ്യാപക മണ്ണെടുപ്പു നടക്കുന്നത്. വേനൽ തുടങ്ങിയതോടെ ഒട്ടേറെ സ്ഥലങ്ങളിലാണു മണ്ണെടുപ്പ് നടക്കുന്നത്. വേണ്ടത്ര പഠനങ്ങൾ നടത്താതെ മണ്ണെടുപ്പിന് അനുമതി നൽകുന്നതു ഓരോ പ്രദേശങ്ങളിലെയും ഭൂഗർഭ ജല ലഭ്യത വലിയ തോതിൽ കുറയാൻ കാരണമാകുന്നുണ്ട്.

രാജു പി. നായർ പ്രസിഡന്റ് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്.

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജല ലഭ്യതയും ഉപയോഗവും കൃത്യമായി കണ്ടെത്താൻ ജല ബജറ്റ് പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ബജറ്റ് തയാറാക്കിയ ശേഷം ഉപയോഗത്തേക്കാൾ കൂടുതൽ ജലം ലഭിക്കുന്ന സമയങ്ങളിൽ ഇതു സംഭരിക്കാനും ശുദ്ധജല ക്ഷാമം നേരിടുന്ന സമയങ്ങളിൽ വിതരണം ചെയ്യുന്നതിനും പദ്ധതി തയാറാക്കും.

പി.എ. തങ്കച്ചൻ പരിസ്ഥിതി പ്രവർത്തകൻ

നിലവിലെ സാഹചര്യത്തിൽ ഭൂഗർഭ ജല ലഭ്യത ചെറിയ തോതിലെങ്കിലും പിടിച്ചു നിർത്തണമെങ്കിൽ എല്ലാ വീടുകളിലും കിണർ റീചാർജിങ് അടക്കം മഴവെള്ളം സംഭരിക്കാനുള്ള പ്രവർത്തനങ്ങൾ വേണം. വീടുകളിലെ മേൽക്കൂരകളിൽ വീഴുന്ന മഴവെള്ളം പാഴാക്കാതെ കൃത്യമായി കിണറുകളിലോ മഴക്കുഴികളിലോ ശേഖരിച്ചാൽ നിലവിലുള്ള അവസ്ഥയ്ക്കു കുറച്ചെങ്കിലും മാറ്റം വരും. ഇതിനുള്ള സംവിധാനം എല്ലാ വീടുകളിലും ഒരുക്കണം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com