ആസ്വാദകരെ ആകർഷിച്ച് ബാംബൂ പവിലിയൻ
Mail This Article
കൊച്ചി ∙ മട്ടാഞ്ചേരി ജ്യൂ ടൗൺ റോഡിലെ ഇസ്മായിൽ വെയർഹൗസിൽ നടക്കുന്ന സീഡ് എപിജെ അബ്ദുൽ കലാം സ്‌കൂൾ ഓഫ് എൻവയൺമെന്റൽ ഡിസൈനിലെ ആർക്കിടെക്ചർ വിദ്യാർഥികളുടെ വാസ്തുശിൽപ കലാസൃഷ്ടി പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയ ബാംബൂ പവിലിയനും ചുമർചിത്രവും ആസ്വാദകരെ ആകർഷിക്കുന്നു. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ക്യുറേറ്റ് ചെയ്യുന്ന പ്രദർശനത്തിനു മുന്നോടിയായി 6 ദിവസത്തെ ശിൽപശാലയിലൂടെയാണ് 500 ചതുരശ്രയടി വലുപ്പമുള്ള മുളവാസ്തുശിൽപം നിർമിച്ചത്. സ്റ്റീൽ കേബിളുകൾ ഉപയോഗിച്ചാണ് ഇവ തമ്മിൽ ഘടിപ്പിച്ചത്.
അഹമ്മദാബാദിലെ തംബ് ഇംപ്രഷൻസ് കൊളാബറേറ്റീവാണു ശിൽപശാലയ്ക്കു നേതൃത്വം നൽകിയത്. ലിംഗതുല്യതയുടെയും നാനാത്വത്തിന്റെയും സന്ദേശവുമായാണു കാഞ്ചന, വർഷ, നന്ദിന, പൂർണിമ എന്നീ ട്രാൻസ്‌ജെൻഡർ കലാപ്രവർത്തകരുടെ നേതൃത്വത്തിൽ ഇരുപതോളം വിദ്യാർഥികൾ 750 ചതുരശ്രയടി വിസ്തൃതിയുള്ള ചുമർചിത്രം വരച്ചത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അരവാണി ആർട്ട് പ്രോജക്ടിന്റെ ഭാഗമാണ് ഈ ട്രാൻസ്‌ജെൻഡർ കലാപ്രവർത്തകർ. ഇരുന്നൂറോളം മറ്റു വാസ്തുശിൽപ കലാസൃഷ്ടികളും പ്രദർശനത്തിലുണ്ട്. 12നു സമാപിക്കും. സമയം: 10 മുതൽ 7 വരെ.