ബ്രഹ്മപുരം: ഹരിത ട്രൈബ്യൂണലിന്റെ ചോദ്യം 2 മാസത്തിൽ എങ്ങനെ ബയോമൈനിങ് തീരും?
Mail This Article
കൊച്ചി ∙ ബ്രഹ്മപുരത്തു ബയോമൈനിങ് പൂർത്തിയാക്കാൻ യാഥാർഥ്യ ബോധത്തോടെയുള്ള സമയക്രമം നിശ്ചയിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനു ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശം. അത് എങ്ങനെ വേഗത്തിൽ പൂർത്തിയാക്കാമെന്നതു സംബന്ധിച്ചു നിർദേശങ്ങൾ നൽകണം. അതിനുമുൻപു കത്തിയ മാലിന്യവും കത്താത്ത മാലിന്യവും എത്രത്തോളമുണ്ടെന്നു കണക്കാക്കണം.ബ്രഹ്മപുരം തീപിടിത്തം, ബയോമൈനിങ് എന്നിവ സംബന്ധിച്ചു മലിനീകരണ നിയന്ത്രണ ബോർഡ് ട്രൈബ്യൂണലിനു റിപ്പോർട്ട് നൽകിയിരുന്നു. ബയോമൈനിങ് പൂർത്തിയാക്കുന്നതിനെക്കുറിച്ചു മാത്രമേ മലിനീകരണ നിയന്ത്രണ ബോർഡിന് ആശങ്കയുള്ളൂവെന്നും അത് ജൂൺ ആദ്യ വാരത്തിനു മുൻപു പൂർത്തിയാക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നതെന്നും ട്രൈബ്യൂണൽ പറഞ്ഞു. പക്ഷേ, 2 മാസത്തെ കുറഞ്ഞ കാലയളവിൽ ബയോമൈനിങ് എങ്ങനെയാണു പൂർത്തിയാക്കുകയെന്നു ട്രൈബ്യൂണൽ ചോദിച്ചു.
ജൂൺ ആദ്യവാരത്തിൽ മൺസൂൺ മഴ ആരംഭിക്കും.കത്തിയ പ്ലാസ്റ്റിക്കിനും മാലിന്യത്തിനും അടിയിലുള്ള ചാരം അതിനു മുൻപു നീക്കിയില്ലെങ്കിൽ അതു മഴവെള്ളത്തിൽ കലർന്നു സമീപത്തെ ജലാശയത്തിൽ എത്താനിടവരും. ഇത് ഒഴിവാക്കണം.കത്തിയ പ്ലാസ്റ്റിക്കും മാലിന്യവും അതിന്റെ ചാരവും എങ്ങനെ വേർതിരിച്ചു നീക്കം ചെയ്യാമെന്ന് മലിനീകരണ നിയന്ത്രണ ബോർഡും കൊച്ചി കോർപറേഷനും ചേർന്ന് എത്രയും വേഗം പഠനം നടത്തണം. തദ്ദേശ വകുപ്പും ഇക്കാര്യം പരിശോധിച്ചു കോർപറേഷനും മലിനീകരണ നിയന്ത്രണ ബോർഡിനും നിർദേശങ്ങൾ നൽകണം. മഴ ആരംഭിക്കുന്നതിനു മുൻപ് മേയ് അവസാനത്തോടെ എല്ലാ നടപടികളും പൂർത്തിയാക്കണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു.