ചേന്ദമംഗലത്തിന് ഉത്സവഛായ; ആവേശമായി വിഷുമാറ്റച്ചന്ത
Mail This Article
പറവൂർ ∙ വിഷുവിനു മുന്നോടിയായി ചേന്ദമംഗലം ഗ്രാമത്തിന് ഉത്സവഛായ നൽകി ‘മുസിരിസ് ഫെസ്റ്റ് 2023 വിഷുമാറ്റച്ചന്ത’ പൊടിപൊടിക്കുന്നു. പാലിയം ഗവ.ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന മേളയിൽ ഇരുന്നൂറ്റിയൻപതോളം കച്ചവടക്കാരുണ്ട്.ആസ്വാദകരെ വരവേൽക്കുന്ന മുളകൊണ്ടുള്ള കമാനവും ഓലമേഞ്ഞ സ്റ്റാളുകളും മാറ്റച്ചന്തയ്ക്കു പഴമയുടെ പ്രൗഢി നൽകുന്നു. പച്ചക്കറികളും പാത്രങ്ങളും ചെടികളും വാങ്ങാൻ തിരക്കുകൂട്ടുന്ന വീട്ടമ്മമാർ, നാവിൽ നാടൻ ഭക്ഷണ പാനീയങ്ങൾ നുണയുന്ന യുവതീ യുവാക്കൾ, കളിപ്പാട്ടങ്ങളുമായി കളിക്കുന്ന കുട്ടികൾ തുടങ്ങിയവ മാറ്റപ്പാടത്തെ വിഷുക്കാഴ്ചകളാണ്.പഴവർഗങ്ങൾ, പച്ചക്കറി തൈകൾ, വിത്തുകൾ, ചെടികൾ, ചട്ടികൾ, പാത്രങ്ങൾ, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, കത്തികൾ, കളിപ്പാട്ടങ്ങൾ, പാലക്കാടൻ ചുക്ക് കരിപ്പെട്ടി, കരകൗശല വസ്തുക്കൾ, ബാഗുകൾ, കൈത്തറി, പുസ്തകങ്ങൾ, മത്സ്യം തുടങ്ങിയവ മാറ്റച്ചന്തയിലുണ്ട്.
പാലിയത്തച്ഛന്മാർ തുടങ്ങി
കൈമാറ്റ സമ്പ്രദായം നിലനിന്നിരുന്ന കാലത്തു പാലിയത്തച്ഛന്മാർ തുടങ്ങിയതാണു മാറ്റച്ചന്ത. ആദ്യകാലത്ത് നാട്ടിൻ പുറങ്ങളിൽ വിളവുണ്ടാക്കി പൊതു സ്ഥലത്തു കൊണ്ടു വന്നു തമ്മിൽ കൈമാറുന്ന രീതിയായിരുന്നു. പുഴയിലൂടെ വള്ളത്തിൽ പച്ചക്കറികളും മറ്റു വസ്തുക്കളും കൊണ്ടുവരുന്ന കാഴ്ച ഇവിടത്തെ പഴമക്കാരുടെ ഓർമയിലുണ്ട്. നാണയങ്ങൾ സുലഭമായതോടെ പണം നൽകിയുള്ള കച്ചവടമായെങ്കിലും മാറ്റച്ചന്ത എന്നു തന്നെയാണ് അറിയപ്പെടുന്നത്. എല്ലാദിവസവും സാംസ്കാരിക സമ്മേളനങ്ങളും കലാപരിപാടികളും അരങ്ങേറുന്നുണ്ട്
‘മകുടം’ ഇന്ന് എത്തും
മാറ്റപ്പാടത്തെ മുഖ്യാകർഷണമാണു ‘മകുടം’ എന്ന വാദ്യോപകരണം. ചിരട്ടയുടെ രണ്ടുവശവും മുറിച്ചുമാറ്റി തോൽ ഒട്ടിച്ചാണു നിർമാണം. കൈവെള്ളയിൽ കോലുകൾ പിടിച്ചു തിരിച്ചാൽ ഉയരുന്ന നാദം ഗ്രാമത്തിന്റെ ഉണർത്തുപാട്ടാണ്. മകുടത്തിൽ ടക് ടക് ശബ്ദം ഉണ്ടാക്കി കളിക്കുന്ന കുട്ടികൾ മാറ്റപ്പാടത്തെ കൗതുക കാഴ്ചയാണ്. എടവനക്കാട് സ്വദേശി കൃഷ്ണൻകുട്ടിയാണ് ഇത് ഉണ്ടാക്കുന്നത്. മാറ്റച്ചന്തയിൽ മാത്രമാണ് ഇദ്ദേഹം മകുടം വിൽക്കുന്നത്. ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ ഇക്കുറി കൃഷ്ണൻകുട്ടി മാറ്റപ്പാടത്തു വരില്ല. പക്ഷേ, മകുടവുമായി ഇദ്ദേഹത്തിന്റെ ഭാര്യ ഇന്ന് എത്തും.
ചെറിയമാറ്റം ഇന്ന്, വലിയമാറ്റം നാളെ
വിഷുദിനത്തിനു മുൻപുള്ള രണ്ടു ദിവസങ്ങളിലാണു മാറ്റപ്പാടം സജീവമാകുക. കച്ചവടക്കാരും നാട്ടുകാരും വിദേശികളുമൊക്കെയായി വലിയ ആവേശമാണ്. വിഷുവിനു രണ്ടുദിവസം മുൻപുള്ള കച്ചവടമാണു ചെറിയമാറ്റം. വിഷുവിനു തലേദിവസത്തെ കച്ചവടത്തെ വലിയമാറ്റം എന്നാണു പറയുന്നത്. ആണ്ടിലൊരിക്കൽ വിരുന്നെത്തുന്ന മാറ്റച്ചന്തയിലെ ചെറിയമാറ്റം ഇന്നാണ്. ഉച്ചകഴിയുന്നതോടെ മാറ്റപ്പാടത്തു തിരക്കേറും. വലിയമാറ്റ ദിനമായ നാളെ വൈകിട്ട് 6നു സമാപന സമ്മേളനം നടക്കും.