കണികണ്ടുണരാൻ കണ്ണനെത്തി
Mail This Article
തൃപ്പൂണിത്തുറ ∙ മേടപ്പുലരി കണികണ്ടുണരാൻ കണ്ണന്മാരെത്തി. നഗരം ഇനി വിഷു വിപണിയുടെ തിരക്കിലേക്ക്. വിഷുവെത്താൻ ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ ശ്രീകൃഷ്ണ വിഗ്രഹങ്ങൾ തേടി ആളുകൾ കടകളിലേക്ക് എത്തിത്തുടങ്ങി. സ്റ്റാച്യു ജംക്‌ഷനും ശ്രീപൂർണത്രയീശ ക്ഷേത്രവും കേന്ദ്രീകരിച്ചുള്ള കടകളിലാണ് ശ്രീകൃഷ്ണ വിഗ്രഹങ്ങൾ വിൽപനയ്ക്കായി പ്രധാനമായി എത്തിയിട്ടുള്ളത്. ഗുരുവായൂർ കഴിഞ്ഞാൽ എറ്റവും കൂടുതൽ ശ്രീകൃഷ്ണ വിഗ്രഹങ്ങൾ വിറ്റു പോകുന്നത് തൃപ്പൂണിത്തുറയിലാണെന്നു വ്യാപാരികൾ അവകാശപ്പെടുന്നുണ്ട്. റോഡിലൂടെ പോകുന്നവർക്ക് കടകളിൽ ഇരിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹങ്ങളിലേക്ക് നോക്കാതെ കടന്നു പോകാൻ സാധിക്കില്ല. അത്രയ്ക്കു ഭംഗിയുണ്ട് ഓരോന്നിനും. പല വലുപ്പത്തിലും നിറത്തിലും ഉള്ള വിഗ്രഹങ്ങളുടെ നിര തന്നെ കടകളിൽ എത്തിക്കൊണ്ടിരിക്കുകയാണ്. കണിക്കാഴ്ചകളുടെ വിൽപനയും സ്റ്റാച്യു ജംക്‌ഷൻ കേന്ദ്രീകരിച്ചു തന്നെയാണ് നടക്കുന്നത്.
വരും ദിവസങ്ങളിൽ സ്റ്റാച്യു ജംക്‌ഷനിൽ പ്രത്യേക സ്റ്റാൾ തയാറാക്കിയും കൂടുതൽ കൃഷ്ണ രൂപങ്ങൾ എത്തും.80 രൂപ മുതലുള്ള കൃഷ്ണ വിഗ്രഹങ്ങൾ വിപണിയിലുണ്ട്. മാർബിൾ പൊടി കൊണ്ട് ഉണ്ടാക്കിയതാണ് ഇവ. 350 രൂപയാണ് പേപ്പർ പൾപ്പ് കൊണ്ടുണ്ടാക്കിയ ഏറ്റവും ചെറിയ ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ വില. 4000 രൂപ വരെയുള്ള പേപ്പർ പൾപ്പിന്റെ വിഗ്രഹങ്ങൾ ഇവിടെയുണ്ട്. ഫൈബർ വിഗ്രഹങ്ങൾക്കു പേപ്പർ പൾപ്പ് വിഗ്രഹങ്ങളെക്കാൾ വില കൂടുതലാണ്. 700 രൂപ മുതൽ 8000 രൂപ വരെ വരും.മെറ്റൽ വിഗ്രഹങ്ങൾക്കു 750 രൂപ മുതൽ 6000 രൂപ വരെയാകും. പാലക്കാട് നിന്നാണ് പേപ്പർ പൾപ്പ് വിഗ്രഹങ്ങൾ എത്തുന്നത്. ഫൈബർ വിഗ്രഹങ്ങൾ എത്തുന്നത് ബെംഗളൂരുവിൽ നിന്നാണ്. മാർബിൾ പൊടി കൊണ്ടു ഉണ്ടാക്കിയ വിഗ്രഹങ്ങൾ എത്തുന്നത് തൃശൂർ, പാലക്കാട് ഭാഗങ്ങളിൽ നിന്നാണെന്ന് വ്യാപാരികൾ പറയുന്നു. പേപ്പർ പൾപ്പിന്റെയും ഫൈബറിന്റെയും വിഗ്രഹങ്ങളാണ് എറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളതെന്ന് ഇവർ പറയുന്നു.