പ്രതീക്ഷയുടെ വിഷുക്കണി കാണാൻ കർഷകർ
Mail This Article
മൂവാറ്റുപുഴ∙ പൈനാപ്പിളും കപ്പയും പച്ചക്കറികളും പഴങ്ങളും ഒക്കെയായി വിഷു വിപണിയിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വരൾച്ച സൃഷ്ടിച്ച വേനലും ജല ദൗർലഭ്യവും അതിജീവിച്ച കിഴക്കൻ മേഖലയിലെ കർഷകർ.വിഷുവിനു കണി ഒരുക്കാൻ ഏറ്റവും അനിവാര്യമായ കണിവെള്ളരിയും വാഴപ്പഴങ്ങളും ആണു കിഴക്കൻ മേഖലയിൽ വിഷു കാലഘട്ടത്തിൽ ഏറെ കൃഷി ചെയ്യുന്നത്. എളുപ്പത്തിൽ കൂടുതൽ ചെലവില്ലാതെ കുറഞ്ഞകാലം കൊണ്ടു വിളവെടുക്കാവുന്ന കണിവെള്ളരി ആണു വിഷു വിപണിയിലെ താരം. ഇക്കുറി നല്ല വിളവും നല്ല വിലയും ലഭിച്ചു.
വിഷുവും റമസാനും മുന്നിൽ കണ്ട് കൃഷി ചെയ്ത പൈനാപ്പിൾ, കപ്പ, പച്ചക്കറികൾ, വാഴ കൃഷി എന്നിവയെ കടുത്ത വേനൽച്ചൂട് ബാധിച്ചിരുന്നു. പൈനാപ്പിൾ കൃഷിയെയും, പച്ചക്കറിക്കൃഷിയെയും ആണു വേനൽ ഉണക്ക് കാര്യമായി ബാധിച്ചത്.ചൂടിനെ അതിജീവിക്കാൻ കർഷകർക്ക് കൃഷിച്ചെലവു വർധിപ്പിക്കേണ്ടി വന്നു. വെള്ളം ടാങ്കറിൽ കൊണ്ടുവന്നു കൃഷിയിടങ്ങൾ നനച്ചു. മറ്റു വേനൽ പ്രതിരോധ മാർഗങ്ങളും ചെലവേറിയതാണ്. അതുകൊണ്ടു തന്നെ നല്ല വില കിട്ടിയില്ലെങ്കിൽ നഷ്ടമുണ്ടാകും. കിഴക്കൻ മേഖലയുടെ പ്രധാന കാർഷിക വിളയായ പൈനാപ്പിൾ മാസങ്ങൾക്കു മുൻപേ ഉണ്ടായിരുന്ന വിലത്തകർച്ചയിൽ നിന്നു തിരിച്ചു കയറ്റത്തിന്റെ പാതയിലാണ്.
25 രൂപയിൽ താഴെ ആയിരുന്ന പൈനാപ്പിൾ വില ഇപ്പോൾ 60 രൂപ വരെ എത്തി. വേനൽച്ചൂടും വിഷു വിപണിയും പൈനാപ്പിൾ വിലയ്ക്കു താങ്ങാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ ഇതിന്റെ ഉന്മേഷം കാണാനുണ്ട്. മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കു പൈനാപ്പിൾ കയറ്റി അയയ്ക്കുന്നതോടൊപ്പം വേനലിൽ പൊള്ളുന്ന അഭ്യന്തര വിപണിയിലും പൈനാപ്പിളിന് ആവശ്യക്കാർ വർധിച്ചിട്ടുണ്ട്.
കടുത്ത വേനലിനെ അതിജീവിക്കാൻ വൻ തുക മുടക്കി വലിയ പ്രതിരോധങ്ങളാണു വാഴ കർഷകർ ഒരുക്കിയിരുന്നത്. വേനലിനെ അതിജീവിച്ച വാഴക്കുലകളുമായി വിപണിയിൽ എത്തിയവർക്കു വലിയ സന്തോഷത്തിനു വകയുണ്ടായില്ല. പൂവൻ പഴത്തിനു കടുത്ത വിലയിടിവാണ്. എന്നാൽ ഏത്തപ്പഴത്തിനും ഞാലിപ്പൂവനും വില ലഭിക്കുന്നുണ്ട്. പുറത്തു നിന്നെത്തുന്ന വാഴക്കുലകളേക്കാൾ നാടൻ ഇനങ്ങൾക്കു നാട്ടിൽ ഇപ്പോൾ പ്രിയം ഏറിയത് നേട്ടമാകുമെന്നു കർഷകരും കരുതുന്നു.