ഉപേക്ഷിക്കപ്പെട്ട ഖനികൾ വീണ്ടെടുക്കാനുള്ള ജി20 നിർദേശം കേരളത്തിന് ഗുണകരം
Mail This Article
കൊച്ചി∙ രാജ്യത്തെ ഉപേക്ഷിക്കപ്പെട്ട ഖനികളെ പുതുരൂപത്തിൽ വീണ്ടെടുക്കാനുള്ള ജി20 കൂട്ടായ്മയുടെ ശുപാർശ കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകരിച്ചത് കേരളത്തിന് ഗുണം ചെയ്യും. 10 ലക്ഷം നിർജീവ ഖനികളെ വീണ്ടെടുക്കാനുള്ള പദ്ധതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉടൻ പ്രഖ്യാപിക്കുമെന്നാണറിവ്. ആയിരത്തിലധികം ഉപേക്ഷിക്കപ്പെട്ട പാറമടകളുള്ള കേരളത്തിൽ ഇതിന് വലിയ പ്രയോജനമുണ്ടാവുമെന്നാണ് വിലയിരുത്തൽ.രാജ്യാന്തര തലത്തിൽ ജി20 രാജ്യങ്ങളിൽ നടക്കുന്ന ‘ഭൂമി വീണ്ടെടുക്കൽ’ യജ്ഞത്തിന്റെ ഭാഗമായാണു ഇന്ത്യയിൽ 10 ലക്ഷം ഖനികൾക്കു പുനർജന്മം ലഭിക്കുന്നത്.ലോഹഖനികൾക്കു പുറമേ കൽക്കരി, മാർബിൾ, ഗ്രാനൈറ്റ്, കളിമൺ, ചുണ്ണാമ്പ് ഖനികളാണ് ഇന്ത്യയിൽ അധികവും. കേരളത്തിൽ പാറമടകൾ മാത്രമാണ് പുനരുജ്ജീവിപ്പിക്കാൻ പാകത്തിലുള്ളത്. വിദേശരാജ്യങ്ങളിൽ വിനോദസഞ്ചാര, വ്യവസായ, പാർപ്പിടമേഖലകളായി ഇത്തരം ഖനികളെ തിരിച്ചുപിടിച്ചിട്ടുണ്ട്.മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ റജിസ്റ്റർ ചെയ്ത ഖനികളിൽ കേരളത്തിൽ ഏകദേശം 700 പാറമടകൾ ഉപേക്ഷിക്കപ്പെട്ട കണക്കിലുണ്ട്. സ്വകാര്യമേഖലയിൽ കണക്കിൽപ്പെടാത്ത അഞ്ഞൂറിലധികം പാറമടകൾ ഉപയോഗശൂന്യമായി കിടപ്പുണ്ട്. കേസുകളിൽ അകപ്പെട്ടു പ്രവർത്തനം നിലച്ച പാറമടകൾ ഇരുന്നൂറിനടുത്തുണ്ട്.
കേരളത്തിലെ പാറമടകളുടെയും പാറക്കുഴികളുടെയും മറ്റൊരു പ്രത്യേകത ഇതിൽ പകുതിയിൽ അധികവും സ്വാഭാവിക മഴവെള്ള സംഭരണികളാണെന്നതാണ്. ഇത്തരം പാറക്കുഴികളിൽ സംഭരിക്കുന്ന മഴവെള്ളത്തിന്റെ അമ്ലത കൂടുതലാണെങ്കിലും ശാസ്ത്രീയമായി ശുദ്ധീകരിച്ചാൽ മത്സ്യക്കൃഷിക്കും മറ്റു ജലസേചന ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താൻ കഴിയും.കുമരകത്ത് നടന്ന ജി20 ഉച്ചകോടിയിൽ ഹരിതവികസനം സംബന്ധിച്ച ചർച്ചകളിലാണു ഭൂമിയിലെ ‘മരിച്ച പ്രദേശങ്ങളായ’ ഖനികളുടെ വീണ്ടെടുപ്പ് ചർച്ച ചെയ്തത്. ഈ വർഷം ജൂണിൽ നടക്കുന്ന ജി20 മന്ത്രിതല ഉച്ചകോടിയിൽ പദ്ധതിയുടെ അന്തിമരൂപരേഖ പ്രഖ്യാപിക്കും.ജി20 അംഗരാജ്യമല്ലെങ്കിലും കാർഷിക ആവശ്യങ്ങൾക്കു ഖനികളെ പുനരുപയോഗിക്കാനുള്ള സാങ്കേതിക സഹായം ഇസ്രയേലും ഇന്ത്യക്കു വാഗ്ദാനം ചെയ്തിട്ടുണ്ട്. ‘
ജി20 ലാൻഡ് ഇനിഷ്യേറ്റീവിനു’ മുന്നോടിയായി കോൾ ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിൽ 35 ഉപേക്ഷിക്കപ്പെട്ട കൽക്കരിഖനികളുടെ വീണ്ടെടുപ്പു പുരോഗമിക്കുന്നുണ്ട്.പദ്ധതിയുടെ ഭാഗമായി 50 ലക്ഷം മരങ്ങളും വച്ചുപിടിപ്പിക്കുന്നുണ്ട്. കേരളത്തിൽ ഏറ്റവും അധികം ഭൂമിവിലയുള്ള മധ്യകേരളത്തിലാണ് ഏറ്റവും അധികം ഉപേക്ഷിക്കപ്പെട്ട പാറമടകളുള്ളത്. എറണാകുളത്ത്–235, കോട്ടയം–170, തൃശൂർ–200, പാലക്കാട്–110 വീതം മടകളാണു പാറപൊട്ടിക്കൽ കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നത്.