ADVERTISEMENT

കൊച്ചി ∙ കാലവർഷം ആരംഭിക്കുന്നതോടെ ബ്രഹ്മപുരത്തു ജൈവ മാലിന്യം തള്ളുന്നതു നിർത്തും. നിലവിൽ നഗരത്തിൽ നിന്ന് ശേഖരിക്കുന്ന ജൈവ മാലിന്യം ബ്രഹ്മപുരത്താണു തള്ളുന്നത്. ഒരു വർഷത്തിനകം ബ്രഹ്മപുരത്തു പുതിയ ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്നും അതുവരെ വികേന്ദ്രീകൃതമായി ജൈവ മാലിന്യ സംസ്കരണം നടത്തുമെന്നും കൊച്ചിയിൽ വിവിധ സംഘടനകളുമായി നടത്തിയ ചർച്ചകൾക്കു ശേഷം മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കോർപറേഷൻ പരിധിയിൽ പ്രതിദിനമുണ്ടാകുന്നത് 100 ടൺ ജൈവ മാലിന്യവും 70 ടൺ പ്ലാസ്റ്റിക് മാലിന്യവുമാണ്. വിവിധ ഏജൻസികളുമായി സഹകരിച്ചു ജൈവ മാലിന്യം വികേന്ദ്രീകൃതമായി സംസ്കരിക്കും. മേയ് 20നകം ഇതിനു തുടക്കം കുറിക്കും. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഫ്ലാറ്റുകൾ എന്നിവർ‌ സ്വന്തം നിലയ്ക്കു മാലിന്യം സംസ്കരിക്കണം. പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കും. 

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യത്തിന്റെ രണ്ടാംഘട്ട തരംതിരിക്കലിനായി 7 റിസോഴ്സ് റിക്കവറി കേന്ദ്രങ്ങൾ (ആർആർഎഫ്) ഈ മാസം ആരംഭിക്കും. ഇതിൽ ആദ്യത്തേത് കലൂർ മണപ്പാട്ടിപ്പറമ്പിൽ ആരംഭിച്ചു. ആർആർഎഫ് വരുന്നതോടെ നഗരത്തിലുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യം ബെയ്‌ൽ ചെയ്തു സംസ്കരിക്കാനായി നീക്കും. വീടുകളിൽ നിന്നുള്ള അജൈവ പാഴ്‌വസ്തുക്കൾ ശേഖരിക്കാൻ കോർപറേഷനിലെ 40 ഡിവിഷനുകളിൽ മെറ്റീരിയൽ കലക്‌ഷൻ കേന്ദ്രം (എംസിഎഫ്) ഒരു മാസത്തിനകം സ്ഥാപിക്കും. ഇതിനു കൗൺസിലറുടെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മറ്റ് 34 ഡിവിഷനുകളിൽ സ്ഥലങ്ങൾ കണ്ടെത്തുന്നതിന് അനുസരിച്ചു എംസിഎഫ് സ്ഥാപിക്കും.

മേയ് ഒന്നു മുതൽ വീടുകളിൽ നിന്നു ഹരിതകർമ സേനകൾ വഴി പൂർണമായ രീതിയിൽ മാലിന്യം ശേഖരിക്കും. യൂസർ ഫീയും ഈടാക്കും. ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കണമെന്നാണു നിലപാടെങ്കിലും പൂർണതോതിൽ നടപ്പാക്കുന്നതുവരെ വീടുകളിൽ നിന്നു ശേഖരിക്കും. ശാസ്ത്രീയ മാലിന്യ സംസ്കരണത്തിനു കൊച്ചിയിൽ നടപ്പാക്കുന്ന അടിയന്തര കർമ പദ്ധതിയുടെ ഒന്നാം ഘട്ടം ജൂൺ അഞ്ചിനു പൂർത്തിയാക്കും– മന്ത്രി പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com