വാട്ടർ മെട്രോ: ആദ്യദിനം സൂപ്പർ ഹിറ്റ്; രാത്രി 8 വരെ യാത്ര ചെയ്തത് 6559 പേർ
Mail This Article
കൊച്ചി ∙ യാത്രക്കാർ നിറഞ്ഞ് വാട്ടർ മെട്രോയുടെ ആദ്യ ദിനം. ഇന്നലെ രാത്രി 8 വരെ 6559 പേർ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. രാവിലെ 7ന് ആരംഭിച്ച സർവീസിൽ ആൾ കുറവായിരുന്നെങ്കിലും രാവിലെ 8 മുതൽ രാത്രി സർവീസ് അവസാനിക്കും വരെ വൻ തിരക്കായിരുന്നു ഹൈക്കോടതി, വൈപ്പിൻ ജെട്ടികളിൽ. ഒട്ടേറെ ടൂറിസ്റ്റുകളും വാട്ടർ മെട്രോയിൽ ആദ്യ ദിനം യാത്ര ചെയ്യാനെത്തി. 100 പേർക്കു മാത്രമാണു ബോട്ടിൽ ഒരു സമയം യാത്ര ചെയ്യാൻ അനുവദിച്ചുള്ളു. ഇതോടെ 15 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തി. തിരക്കുള്ള സമയത്തു മാത്രമാണു 15 മിനിറ്റ് ഇടവേളയിൽ സർവീസ് തീരുമാനിച്ചിട്ടുള്ളത്. വരും ദിവസങ്ങളിലെ തിരക്കുകൂടി പരിഗണിച്ച ശേഷമാവും മറ്റു സമയത്തെ സർവീസുകളുടെ ഇടവേള നിശ്ചയിക്കുക.
കൗണ്ടർ ടിക്കറ്റുകളും ആർഎഫ്ഐഡി ടിക്കറ്റും കൊച്ചി വൺ കാർഡും ഉപയോഗിച്ചു വാട്ടർ മെട്രോയിൽ യാത്ര ചെയ്യാം. ഹൈക്കോടതി–വൈപ്പിൻ സർവീസിനാണു തുടക്കം കുറിച്ചത്. ഇന്നു രാവിലെ 8നു വൈറ്റില– കാക്കനാട് സർവീസ് കൂടി ആരംഭിക്കും. വൈപ്പിൻ ജെട്ടിയിൽ നിന്നുള്ള ആദ്യ യാത്രക്കാരനായി എം. ആർ. രാജേന്ദ്രൻ ബോട്ടിൽ കയറി. ഹൈക്കോടതി ജെട്ടിയിൽ നിന്നുള്ള ആദ്യ യാത്രക്കാരൻ രാജീവ് പള്ളുരുത്തി. ക്യുആർ കോഡ് ഉപയോഗിച്ചുള്ള ആദ്യ യാത്രക്കാരി ജെ. കാവ്യ. ആദ്യ ട്രിപ്പിലെ യാത്രക്കാരെ കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ അനുമോദിച്ചു. കൗൺസിൽ ആന്റണി കുരീത്തറയും ആദ്യ യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു.വാട്ടർ മെട്രോയുടെ കൗതുകം കാണാനെത്തിയവരായിരുന്നു ആദ്യ ദിനയാത്രക്കാരിൽ അധികവും.
സുഖകരമായ യാത്ര എല്ലാവരും ആസ്വദിച്ചു. ടെർമിനലുകളിൽ സഹായത്തിനായി വാട്ടർ മെട്രോ ജീവനക്കാരുണ്ടായിരുന്നു. ശാരീരിക പരിമിതകൾ ഉള്ളവർക്കും ഒരു തടസ്സവുമില്ലാതെ ബോട്ടിൽ യാത്ര ചെയ്യാമെന്നതാണു വാട്ടർ മെട്രോയുടെ പ്രത്യേകത. വൈറ്റില–കാക്കനാട് റൂട്ടിൽ ആദ്യ ദിവസങ്ങളിൽ തിരക്കുള്ള സമയത്തു മാത്രമേ ബോട്ട് ഉണ്ടാവൂ. രാവിലെ 8 മുതൽ രാവിലെ 11 വരെയും വൈകിട്ട് 4 മുതൽ 7 വരെയും സർവീസ് ഉണ്ടാവും. രാവിലെയും വൈകിട്ടും 3 ട്രിപ്പുകൾ. 30 രൂപയാണു ടിക്കറ്റ് നിരക്ക്. 25 മിനിറ്റാണു സമയം. ടെർമിനലിൽ നിന്ന് ഇൻഫോ പാർക്കിലേക്കു ഫീഡർ ബസുകളും ഓട്ടോകളും ഏർപ്പെടുത്തിയിട്ടുണ്ട്. കാക്കനാട്ടേക്കുള്ള ആദ്യ യാത്രയിൽ കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റയും പങ്കാളിയാവും.
വാട്ടർ മെട്രോ – ഇൻഫോപാർക്ക് കെഎസ്ആർടിസി ഫീഡർ ബസ്
കൊച്ചി ∙ വാട്ടർ മെട്രോ സർവീസിൽ യാത്ര ചെയ്യുന്നവർക്കു തുടർ യാത്രയ്ക്കു വേണ്ടി കാക്കനാട് വാട്ടർമെട്രോ ടെർമിനലിൽ നിന്നു കെഎസ്ആർടിസി ഇന്നു മുതൽ ഫീഡർ ബസ് സർവീസുകൾ നടത്തും. രാവിലെ 7.45 മുതൽ വാട്ടർ മെട്രോ– ഇൻഫോ പാർക്ക്– വാട്ടർ മെട്രോ റൂട്ടിലും 9.45നു സിവിൽ സ്റ്റേഷനിലേക്കും തുടർന്ന് വാട്ടർ മെട്രോ– കാക്കനാട്– വാട്ടർമെട്രോ റൂട്ടിലും സർവീസുകളുണ്ടാകും. വൈകിട്ട് 3.40 മുതൽ 6 വരെ വാട്ടർമെട്രോ– ഇൻഫോ പാർക്ക്– വാട്ടർമെട്രോ റൂട്ടിൽ സർവീസുകളുണ്ടാകും. മെട്രോ ബോട്ട് വരുന്ന സമയക്രമത്തിന് അനുസരിച്ച് 25 മിനിറ്റ് ഇടവേളകളിലാണു കെഎസ്ആർടിസി ബസ് സർവീസ് നടത്തുക.