വൈറ്റില– കാക്കനാട് റൂട്ടിൽ വാട്ടർ മെട്രോ: സമയക്രമം ഇങ്ങനെ..
Mail This Article
കൊച്ചി∙ വൈറ്റില– കാക്കനാട് റൂട്ടിൽ വാട്ടർ മെട്രോയുടെ സമയക്രമമായി. രാവിലെ 8നു വൈറ്റില നിന്നു കാക്കനാടിനും 8.40 തിരിച്ചു വൈറ്റിലയ്ക്കും വാട്ടർ മെട്രോ സർവീസ് നടത്തും. രണ്ടാമത്തെ സർവീസ് വൈറ്റില നിന്നു 9.30നും കാക്കനാട് നിന്ന് 10.10 നും പുറപ്പെടും. മൂന്നാം ബോട്ട് 11നും തിരിച്ച് 11.40നും പുറപ്പെടും. ഉച്ചയ്ക്കു ശേഷം 3.30ന് വൈറ്റില നിന്നും, തിരിച്ച് കാക്കനാട് നിന്ന് 4.10നും പുറപ്പെടും. രണ്ടാമത്തെ ബോട്ട് 5ന് വൈറ്റില നിന്നും തിരിച്ച് 5. 40നും പുറപ്പെടും. മൂന്നാമത്തെ ബോട്ട് വൈറ്റില നിന്ന് 6.30ന് യാത്ര തുടങ്ങും. കാക്കനാട് നിന്ന് 7.10 നു തിരിക്കും. വാട്ടർ മെട്രോയുടെ 2 റൂട്ടുകളിൽ ഇന്നലെയും നല്ല തിരക്ക് അനുഭവപ്പെട്ടു.
വാട്ടർ മെട്രോയ്ക്കു പേപ്പർ ടിക്കറ്റിനു പകരം ഡിജിറ്റൽ ടിക്കറ്റ് ഉപയോഗിച്ചു യാത്ര ചെയ്യാമെന്നു കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ അറിയിച്ചു. കൊച്ചി ആപ് ഡൗൺ ലോഡ് ചെയ്തവർക്ക് മൊബൈൽ വഴി ടിക്കറ്റ് എടുക്കാം. ആപ് ഡൗൺലോഡ് ചെയ്ത് വാട്ടർ മെട്രോയുടെ ടാബിൽ ക്ലിക് ചെയ്താൽ യാത്ര പുറപ്പെടുന്ന ടെർമിനലും പോകേണ്ട ടെർമിനലും സെലക്റ്റ് ചെയ്യാം. ടിക്കറ്റിന്റെ പണം അടയ്ക്കുന്നതോടെ ക്യൂ ആർ കോഡ് ടിക്കറ്റ് ലഭിക്കും. ഇത് എഎഫ്സി ഗേറ്റിൽ സ്കാൻ ചെയ്തു മെട്രോയിൽ കയറാം.
കൗണ്ടറിൽ നിന്നു ആർഎഫ്ഐഡി കാർഡ് ടിക്കറ്റുകളും ലഭിക്കും. ഇതു എഎഫ്സി ഗേറ്റിനു സമീപത്തെ ബോക്സുകളിൽ ഇടണം. വാട്ടർ മെട്രോ യാത്രയ്ക്ക് ആഴ്ച, മാസ, 3 മാസ പാസുകൾ ലഭിക്കും. ആഴ്ച പാസിൽ 7 ദിവസം 12 യാത്ര നടത്താം; നിരക്ക് 180 രൂപ. പ്രതിമാസ പാസിന് 600 രൂപ; 30 ദിവസം 50 യാത്ര ചെയ്യാം. 90 ദിവസത്തെ പാസിന് 1500 രൂപ; 150 യാത്ര െചയ്യാം.അവസാന ബോട്ട് സർവീസിനു ടിക്കറ്റ് നൽകിയ േശഷം കൗണ്ടർ അടയ്ക്കും. അതിനു ശേഷം ക്യൂ ആർ കോഡ് ടിക്കറ്റുമായി വരുന്ന യാത്രക്കാർക്ക് ടിക്കറ്റ് കാൻസൽ ചെയ്യാൻ അവസരം ഉണ്ടാവും.