വിശന്നു വലഞ്ഞവർ കടകളും വീടുകളും കൊള്ളയടിക്കുന്നു; മൃതദേഹങ്ങൾ തെരുവോരങ്ങളിൽ: സുഡാനിൽ നിന്ന് 15 മലയാളികൾ കൂടി തിരികെയെത്തി
Mail This Article
നെടുമ്പാശേരി ∙ അഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽനിന്ന് 15 മലയാളികൾ കൂടി നാട്ടിലെത്തി. ആലപ്പുഴ, കൊല്ലം, തൃശൂർ, കോട്ടയം സ്വദേശികളാണിവർ. പോർട്ട് സുഡാനിൽനിന്ന് ഇവരുൾപ്പെടെ 320 പേർ കപ്പൽ മാർഗം കഴിഞ്ഞ ദിവസം ജിദ്ദയിലെത്തി. അവിടെനിന്നു വിമാന മാർഗം ബെംഗളൂരുവിലും തുടർന്നു നെടുമ്പാശേരിയിലും എത്തുകയായിരുന്നു.
ജിദ്ദയിലെ ഇന്ത്യൻ പബ്ലിക് സ്കൂളിൽ ഇവർക്കു താമസവും ഭക്ഷണ സൗകര്യവും ഏംബസി ഒരുക്കിയിരുന്നു. വെടിയേറ്റു മരിച്ചവരുടെ മൃതദേഹങ്ങൾ സുഡാനിലെ തെരുവോരങ്ങളിൽ പലയിടത്തും എടുത്തുമാറ്റുക പോലും ചെയ്യാതെ ദുർഗന്ധം വമിക്കുകയാണെന്നു സംഘത്തിലുണ്ടായിരുന്ന കായംകുളം സ്വദേശി സുരേഷ് കുമാർ പറഞ്ഞു. രാവും പകലും തെരുവോരങ്ങളിൽ വെടിയൊച്ച കേൾക്കാം. കടകൾ അടഞ്ഞുകിടക്കുന്നു.
വിശന്നു വലഞ്ഞ പലരും കടകളും വീടുകളും അക്രമിച്ചു ഭക്ഷണസാധനങ്ങൾ കൊണ്ടുപോകുന്നു. എംബസി ഉദ്യോഗസ്ഥർ ഇടപെടുന്നുണ്ടെങ്കിലും ഇന്ധനമില്ലാത്തതിനാൽ പല പ്രദേശങ്ങളിൽനിന്നും എംബസി പറയുന്നിടത്തേക്ക് ആളുകൾക്ക് എത്താനാവുന്നില്ല. കൈവശമുള്ള പണവും വിലപിടിപ്പുള്ള സാധനങ്ങളും ഉപേക്ഷിച്ചാണു പലരും പോരുന്നത്. ഇവർക്കു വീടെത്താൻ നോർക്ക വാഹന സൗകര്യം ചെയ്തുകൊടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. നോർക്ക ഉദ്യോഗസ്ഥരായ അപ്സി സാറ പീറ്റർ, എസ്. സീമ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ വിമാനത്താവളത്തിൽ സ്വീകരിച്ചു.