യുദ്ധസ്മൃതികൾ ബാക്കി; 36 വർഷത്തെ സേവനത്തിനു ശേഷം ഐഎൻഎസ് മഗർ ‘വിരമിക്കുന്നു’
Mail This Article
കൊച്ചി∙ ഇന്ത്യൻ നാവികസേനയുടെ കടൽക്കരുത്തും പരിശീലന മികവും അടയാളപ്പെടുത്തിയ 36 വർഷത്തെ സേവനത്തിനു ശേഷം ഐഎൻഎസ് മഗർ ‘വിരമിക്കുന്നു’. ദക്ഷിണ നാവിക കമാൻഡിനു കീഴിലെ ആംഫിബിയസ് യുദ്ധക്കപ്പലിന്റെ ഡി കമ്മിഷൻ ചടങ്ങുകൾ ഞായറാഴ്ച വൈകിട്ട് നടക്കും. ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനമായ ഐഎൻഎസ് വെണ്ടുരുത്തിയിൽ കമാൻഡ് മേധാവി വൈസ് അഡ്മിറൽ എം.പി.ഹംപിഹോളി ഡി കമ്മിഷനിങ് ചടങ്ങുകൾക്കു നേതൃത്വം നൽകും.സൈനികാചാര പ്രകാരമുള്ള ഡീ കമ്മിഷനിങ് ചടങ്ങുകൾ കപ്പലിലെ ദേശീയ പതാക, നാവിക പതാക, പെന്നന്റ് (നീളമേറിയ സേനാ പതാക) എന്നിവ സൂര്യാസ്തമയ വേളയിൽ അവസാനമായി താഴ്ത്തുന്നതോടെയാണു പൂർത്തിയാകുക.
കരയിലും കടലിലും ആകാശത്തും ഓപ്പറേഷനുകൾക്കു നേതൃത്വം നൽകിയ യുദ്ധക്കപ്പലായിരുന്നു ഐഎൻഎസ് മഗർ. ബൊഫോഴ്സ് തോക്കുകളും റോക്കറ്റ് ലോഞ്ചറും അടക്കമുള്ള ആയുധ സംവിധാനങ്ങളുള്ള മഗറിന് 15 ടാങ്കുകളെ വഹിക്കാനുള്ള ശേഷിയുമുണ്ട്. കപ്പലിലെ സൈനികരെ കരയിലെത്തിക്കാനുള്ള 4 ലാൻഡിങ് ക്രാഫ്റ്റുകളും ഒരു സീ കിങ് ഹെലികോപ്റ്ററും വഹിക്കാൻ ശേഷിയുള്ള മഗർ രാജ്യത്തിന്റെ യശസ്സുയർത്തിയ ഒട്ടേറെ ഓപ്പറേഷനുകളിൽ പങ്കാളിയായിട്ടുണ്ട്.
1987–90 കാലത്ത് ശ്രീലങ്കയിൽ ഇന്ത്യൻ സമാധാന ദൗത്യസേനയ്ക്കായി സാധനസാമഗ്രികൾ എത്തിക്കുന്നതിലും 2004ലെ സൂനാമി ദുരന്തബാധിതർക്കു സഹായം എത്തിക്കുന്നതിനും മുൻപന്തിയിലുണ്ടായിരുന്ന കപ്പലാണു മഗർ. സൂനാമി കാലത്ത് 1300 ദുരന്തബാധിതർക്കാണു കപ്പൽ സഹായം എത്തിച്ചത്. 2018ലാണു കപ്പൽ കൊച്ചിയിലെ പരിശീലന കമാൻഡിന്റെ ഭാഗമായത്. 2020ൽ കോവിഡ് മഹാമാരിക്കാലത്തു മാലദ്വീപിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഓപ്പറേഷൻ സമുദ്രസേതുവിന്റെ ഭാഗമായി മടക്കിയെത്തിച്ച ഓപ്പറേഷനിലും ഐഎൻഎസ് മഗർ പങ്കെടുത്തു.
ഐഎൻഎസ് മഗർ
ക്ലാസ്: നാവികസേനയുടെ മഗർ ക്ലാസ് ആംഫിബിയസ് യുദ്ധക്കപ്പൽ
നിർമാണം: ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്‌സ്, കൊൽക്കത്ത
കമ്മിഷൻ ചെയ്തത്: 1987 ജൂലൈ 15 (നാവികസേനാ മേധാവി അഡ്മിറൽ ആർ.എച്ച് തഹിലിയാനി).
നീളം: 120 മീറ്റർ
വേഗം:15 നോട്ട്സ് (മണിക്കൂറിൽ 28 കിലോമീറ്റർ)