ശ്രേഷ്ഠ ബാവായുടെ മെത്രാഭിഷേക സുവർണ ജൂബിലി; നൂറ്റിയൊന്നിന്മേൽ കുർബാന ഇന്ന്
Mail This Article
കോതമംഗലം∙ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ മെത്രാഭിഷേക സുവർണ ജൂബിലിയുടെ ഭാഗമായി മാർ തോമാ ചെറിയപള്ളിയിൽ നൂറ്റിയൊന്നിൻമേൽ കുർബാന അർപ്പിക്കാനുള്ള 101 ബലിപീഠങ്ങളുടെ (ത്രോണോസ്) കൂദാശ നടത്തി. പള്ളി അങ്കണത്തിൽ തയാറാക്കിയ പന്തലിലാണു 101 വിശുദ്ധരുടെ നാമത്തിലുള്ള ബലിപീഠങ്ങൾ ഒരുക്കിയത്. കൂദാശയ്ക്കു ഡോ. ഏബ്രഹാം മാർ സേവേറിയോസ് മുഖ്യകാർമികനായി. ഏലിയാസ് മാർ യൂലിയോസ്, ഏലിയാസ് മാർ അത്തനാസിയോസ്, മാത്യൂസ് മാർ തിമോത്തിയോസ് എന്നിവർ സഹകാർമികരായി.
വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹവികാരിമാരായ ഫാ. ജോസ് തച്ചേത്തുകുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിക്കൽ, അങ്കമാലി ഭദ്രാസന സെക്രട്ടറി ഫാ. പൗലോസ് തളിക്കാട്ട്, വൈദിക സെക്രട്ടറി ഫാ. വർഗീസ് തെക്കേക്കര കോറെപ്പിസ്കോപ്പ, മേഖലാ സെക്രട്ടറി ഫാ. എൽദോസ് പുൽപറമ്പിൽ, വൈദിക സെക്രട്ടറി ഫാ. കുര്യാക്കോസ് ചാത്തനാട്ട്, ട്രസ്റ്റിമാരായ സി.ഐ.ബേബി, ബിനോയ് തോമസ്, മേഖലയിലെ മറ്റു വൈദികർ, പള്ളി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സൺഡേ സ്കൂൾ അധ്യാപകർ, ഭക്തസംഘടനാ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
നൂറ്റിയൊന്നിന്മേൽ കുർബാന ഇന്ന്
ശ്രേഷ്ഠ ബാവായുടെ മെത്രാഭിഷേക സുവർണ ജൂബിലി ആഘോഷത്തിനു തുടക്കംകുറിച്ച് നൂറ്റിയൊന്നിന്മേൽ കുർബാന ഇന്ന് 6നു സന്ധ്യാപ്രാർഥനയ്ക്കു ശേഷം നടക്കും. ശ്രേഷ്ഠ ബാവായെ കൂടാതെ, ബാവാ വാഴിച്ചതും പട്ടം നൽകിയതുമായ മെത്രാപ്പൊലീത്തമാരും റമ്പാൻമാരും കോറെപ്പിസ്കോപ്പമാരും വൈദികരും ഉൾപ്പെടെ 100 പേർ കാർമികരാകും. ആദ്യ ത്രോണോസിൽ ശ്രേഷ്ഠ ബാവാ കുർബാന അർപ്പിക്കും.
സഭാ ചരിത്രത്തിൽ രണ്ടാമത്
യാക്കോബായ സഭയുടെ ചരിത്രത്തിൽ രണ്ടാമതാണു നൂറ്റിയൊന്നിന്മേൽ കുർബാന അർപ്പിക്കുന്നത്. 2002ൽ പുത്തൻകുരിശിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ചരമ ശതാബ്ദിയുടെ ഭാഗമായാണ് ആദ്യം നടത്തിയത്. ശ്രേഷ്ഠ ബാവായുടെ മെത്രാഭിഷേക സുവർണ ജൂബിലിയുടെ നൂറ്റിയൊന്നിന്മേൽ കുർബാനയ്ക്കു ചെറിയപള്ളി തിരഞ്ഞെടുത്തത് പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം ഇവിടെ സ്ഥിതി ചെയ്യുന്നതിനാലാണ്.
പാർക്കിങ് ക്രമീകരണം
∙ പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗത്തുനിന്നുള്ള ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ.
∙ ഹൈറേഞ്ച് ഭാഗത്തുനിന്നുള്ള ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ.
∙ കോട്ടപ്പടി, ചേലാട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ മലയിൻകീഴ്–കോഴിപ്പിള്ളി ബൈപാസിൽ.
∙ മെത്രാപ്പൊലീത്തമാരുടെയും ജനപ്രതിനിധികളുടെയും വാഹനങ്ങൾ പള്ളിയുടെ തെക്കുഭാഗത്തു ചർച്ച് റോഡിലെ ഗ്രൗണ്ടിൽ.
∙ വൈദികരുടെ വാഹനങ്ങൾ ലയൺസ് ഹാളിന് എതിർവശം ഗ്രൗണ്ടിൽ.
∙ വിശ്വാസികൾ പള്ളിയുടെ കിഴക്കേ ഗേറ്റ് വഴിയും കെഎസ്ആർടിസി ജംക്‌ഷനിൽനിന്നു ചർച്ച് റോഡ് വഴിയും ഹൈറേഞ്ച് ജംക്‌ഷനിൽനിന്നു ലൈബ്രറി റോഡ് വഴിയും ബേസിൽ ജംക്‌ഷനിൽനിന്നു മാർ ബേസിൽ റോഡ് വഴിയും എത്തണം.
∙ കിഴക്കുനിന്നുള്ള ബസുകൾ കെഎസ്ആർടിസി ജംക്‌ഷനിൽ ആളെ ഇറക്കി മലയിൻകീഴ് ബൈപാസിലും ഹൈറേഞ്ച് ബസ് സ്റ്റാൻഡിലും പടിഞ്ഞാറുനിന്നുള്ള ബസുകൾ ബേസിൽ ജംക്‌ഷനിൽ ആളെ ഇറക്കി തങ്കളം ബൈപാസിലും പാർക്ക് ചെയ്യണം.