ADVERTISEMENT

വൈപ്പിൻ∙ ഏറ്റുവാങ്ങാൻ ആരും എത്താതിരുന്നതിനെ തുടർന്ന് ബംഗ്ലദേശ് സ്വദേശിയുടെ  മൃതദേഹം നടപടികൾ പൂർത്തിയാക്കി  മതാചാര പ്രകാരം സംസ്‌കരിച്ച് മുനമ്പം പൊലീസ്. തുടക്കത്തിൽ  ഇതര സംസ്ഥാന തൊഴിലാളിയെന്നു കരുതിയ പരേതൻ മറ്റൊരു രാാജ്യക്കാരനെന്ന്  വ്യക്തമായതോടെ നടപടികൾ പൂർത്തിയാക്കാൻ 21 ദിവസം വേണ്ടിവന്നു.

കഴിഞ്ഞ മാസം 20ന് ചെറായി രക്തേശ്വരി ഭാഗത്ത് മതിൽ നിർമാണത്തിനെത്തിയ സഹിദുൾ ഇസ്ലാമാണ് (41) കുഴഞ്ഞു വീണു മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് ഇയാളെ ജോലിക്കായി വിളിച്ച വീട്ടുകാർ പറഞ്ഞതെങ്കിലും ‌‌‌മേൽവിലാസം വ്യക്തമാവുന്ന  കൃത്യമായ  രേഖകൾ കിട്ടാതെ വന്നതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സഹിദുൾ രാജ്യത്തിനു പുറത്തു നിന്ന് നുഴഞ്ഞുകയറി കേരളത്തിൽ ജോലിക്കെത്തിയ ആളാണെന്ന്  വ്യക്തമായി. 

അതോടെ പൊലീസ് എംബസിയുമായി  ബന്ധപ്പെട്ടു. എംബസി അധികൃതർ നടത്തിയ അന്വേഷണത്തിൽ ആൾ ബംഗ്ലദേശുകാരനാണെന്ന് ഉറപ്പായി. അവിടെയുള്ള ഭാര്യയേയും മക്കളേയും ബന്ധപ്പെട്ടെങ്കിലും മൃതദേഹം ഏറ്റുവാങ്ങാൻ അവർ തയാറാകാതെ വന്നതോടെ പൊലീസ് വെട്ടിലായി. എതാനും ദിവസം വീട്ടുകാരുടെ തീരുമാനം കാത്തെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ  നിർദേശം തേടി.

ഒടുവിൽ കഴിഞ്ഞ ദിവസം പൊലീസ്  തന്നെ മുൻകൈയെടുത്ത് മതാചാര പ്രകാരം മൃതദേഹം കബറടക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി പള്ളിയിൽ നിന്ന് പുരോഹിതരെയും ഏർപ്പാടാക്കി. ഇൻസ്പെക്ടർ എ.എൽ.യേശുദാസ്, എസ്‌ഐ പി.റെജി, ലിജിൽ ജോസ്, ജിനുപ്രകാശ് എന്നിവരാണ് അന്വേഷണങ്ങൾക്കും കബറടക്കത്തിനും നേതൃത്വം നൽകിയത്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com