കരുതലും കൈത്താങ്ങും: ആദ്യദിനം പരിഗണിച്ചത് 300 അപേക്ഷ
Mail This Article
കൊച്ചി ∙ സർക്കാരിന്റെ 2–ാം വാർഷികത്തോടനുബന്ധിച്ചു ജില്ലയിൽ നടക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ ആദ്യ ദിനം 300 അപേക്ഷ പരിഗണിച്ചു. മന്ത്രിമാരായ പി രാജീവ്, പി. പ്രസാദ് എന്നിവർ നേതൃത്വം നൽകി. 202 പരാതികൾക്കു പരിഹാരമായി. ഇന്നു പറവൂർ താലൂക്ക് അദാലത്ത് കേസരി ബാലകൃഷ്ണ പിള്ള മെമ്മോറിയൽ ടൗൺഹാളിലും ആലുവ താലൂക്ക് അദാലത്ത് 18നു മഹാത്മാഗാന്ധി ടൗൺഹാളിലും കുന്നത്തുനാട് താലൂക്ക് അദാലത്ത് 22നു പെരുമ്പാവൂർ ഇഎംഎസ് മെമ്മോറിയൽ ടൗൺഹാളിലും നടക്കും.
കൊച്ചി താലൂക്ക് അദാലത്ത് 23നു മട്ടാഞ്ചേരി ടിഡി സ്‌കൂളിലും മൂവാറ്റുപുഴ താലൂക്ക് അദാലത്ത് 25നു മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺഹാളിലും നടക്കും. ജില്ലയിലെ അവസാന അദാലത്ത് 26നു കോതമംഗലം താലൂക്കിലെ മാർ തോമാ ചെറിയ പള്ളി കൺവൻഷൻ സെന്ററിൽ നടക്കും.
പരാതിയുമായി എത്തുന്നവരെ വിശ്വാസത്തോടെ നോക്കണം: മന്ത്രി
ജനങ്ങളാണു പരമാധികാരികൾ എന്ന ബോധ്യത്തോടെ വേണം ഉദ്യോഗസ്ഥർ ജനങ്ങളുടെ പരാതികൾ പരിഗണിക്കാനെന്നു മന്ത്രി പി.രാജീവ്. ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്ത് എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിയമത്തിനും ചട്ടത്തിനും അകത്തു നിന്ന് പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നു പരിശോധിക്കണം. പരാതിയുമായി എത്തുന്നവരെ സംശയത്തോടെയല്ല, വിശ്വാസത്തോടെ നോക്കണം. മന്ത്രി പറഞ്ഞു.
ന്യായമായ പരിഹാരം സമയബന്ധിതമായി ലഭ്യമാക്കുകയാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്നു ചടങ്ങിൽ അധ്യക്ഷനായ മന്ത്രി പി. പ്രസാദ് പറഞ്ഞു. അദാലത്തിൽ പരിഗണിക്കുന്ന പരാതികളിൽ കൃത്യമായ തുടർ നടപടികളുണ്ടാകും. ഇതിനായി പ്രത്യേക വിഭാഗവും ചുമതലക്കാരും കലക്ടറേറ്റിലുണ്ടാകുമെന്നു മന്ത്രി പറഞ്ഞു.
കണയന്നൂർ താലൂക്കിൽ ആകെ 293 പരാതികളാണ് പരിഗണിക്കുന്നത്. മേയർ എം. അനിൽകുമാർ, കലക്ടർ എൻ.എസ്. കെ. ഉമേഷ്, അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് എസ്. ഷാജഹാൻ, സബ് കലക്ടർ പി.വിഷ്ണു രാജ്, ഡപ്യൂട്ടി കലക്ടർമാരായ ബി. അനിൽകുമാർ, എസ്.ബിന്ദു, ഹുസൂർ ശിരസ്തദാർ കെ.അനിൽ കുമാർ മേനോൻ, തഹസിൽദാർ രഞ്ജിത് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
15 വർഷത്തിനു ശേഷം ആനുകൂല്യം
സ്ഥലത്തിന്റെ പ്രമാണം കേരള ഫിനാൻസ് കോർപറേഷനിൽ നിന്നു നഷ്ടപ്പെട്ടതിനാൽ റോഡ് വികസനത്തിന് ഏറ്റെടുത്ത ഭൂമിക്ക് 15 വർഷമായി ലഭിക്കാതെ കിടന്ന ആനുകൂല്യങ്ങൾ ഉടൻ നൽകാൻ താലൂക്ക് തല അദാലത്തിൽ നിർദേശം. കലൂർ– കടവന്ത്ര റോഡ് വികസനത്തിനു 1997 ൽ കലൂർ പടമാടൻ പി.ടി. സിറിൾ, മകൻ കിം പടമാടൻ എന്നിവരുടെ 6 സെന്റ് ഭൂമി ഏറ്റെടുത്തിരുന്നു.
വർഷങ്ങൾക്കു ശേഷം ഇവർക്കു പകരം ഭൂമി നൽകാൻ തീരുമാനമായെങ്കിലും രേഖകൾ നഷ്ടപ്പെട്ടതു കാരണം അതു ലഭിച്ചില്ല. താലൂക്ക് അദാലത്തിൽ പരാതി പരിഗണിച്ച മന്ത്രി പി. പ്രസാദ് ഇവർക്കു ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ഇൗ മാസം 31 നകം നൽകാൻ ജിസിഡിഎയോടു നിർദേശിച്ചു.
വെള്ളംകുടിപ്പിച്ച ബില്ലിൽ ഇളവ്
അമിത വാട്ടർചാർജ് പരാതിയുമായി അദാലത്തിലെത്തിയ കൊന്നോത്ത് കെ. പി.ജോസഫിന് ബില്ലിൽ 65,963 രൂപയുടെ ഇളവ്. 12 വർഷമായുള്ള പരാതിയാണിത്. ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിനേക്കാൾ ഉയർന്ന ബില്ലാണ് ജോസഫിന് കിട്ടിക്കൊണ്ടിരുന്നത്. പുതിയ മീറ്റർ വച്ചതോടെ പരാതി ശരിയെന്നു തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണു അധിക ബിൽ ഒഴിവാക്കിയത്. തൃപ്പൂണിത്തുറ സ്വദേശി വി.എൻ. കിഷോർകുമാറിന്റെ 5 സെന്റ് ഭൂമി റീ സർവേയിൽ പുറമ്പോക്കിലായി. ഇതു സംബന്ധിച്ച് അപേക്ഷകൾ നൽകിയെങ്കിലും 16 വർഷമായിട്ടും തീരുമാനമായില്ല. ഭൂമിക്കു ഒരു മണിക്കൂറിനുള്ളിൽ ഡിവിഷൻ നമ്പർ പതിച്ചു നൽകാൻ മന്ത്രി പി. രാജീവ് നിർദേശിച്ചു.
സ്വന്തം സ്ഥലത്തു മതിൽകെട്ടാൻ 18 വർഷമായി പുല്ലേപ്പടി സ്വദേശി പി.എം.അബ്ദുൽ കരീം നടത്തുന്ന അലച്ചിലിനും ഒരു മണിക്കൂറിനുള്ളിനുള്ളിൽ അദാലത്തിൽ പരിഹാരമായി. പെരുമാനൂർ സ്വദേശി ത്രേസ്യാ സൈമൺ വീടിനുള്ള അപേക്ഷയുമായി അദാലത്തിലെത്തി.
ലൈഫ് പദ്ധതിയിൽ വീടുവച്ചു നൽകാൻ തീരുമാനമായി. സബ്ജില്ലാ, ജില്ലാ,സംസ്ഥാന തലങ്ങളിൽ കലാ കായിക മത്സരങ്ങൾക്കു ലഭിച്ച സർട്ടിഫിക്കറ്റുകൾ നഷ്ടമായ പരാതിയുമായാണു മുളന്തുരുത്തി കെട്ടുകാപ്പള്ളി ഫാഹിം ചാർമി ബാബു അദാലത്തിൽ വന്നത്. നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഓഫിസ് രേഖകളുമായി ഒത്തുനോക്കി 10 ദിവസത്തിനകം നൽകാൻ തൃപ്പൂണിത്തുറ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിനു നിർദേശം നൽകി.