14 കുടുംബങ്ങൾ കൂടി വീടിന്റെ തണലിലേക്ക്
Mail This Article
വൈപ്പിൻ∙ ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിലുള്ള തണൽ ഭവന പദ്ധതിയുമായി സഹകരിച്ച് മുത്തൂറ്റ് ആഷിയാന ഭവന പദ്ധതിക്കു കീഴിൽ നിർമിച്ച 14 വീടുകളുടെ താക്കോൽ സമർപ്പണം ഇന്നു നടക്കും,എടവനക്കാട് പഞ്ചായത്തിലെ അണിയിൽ ബീച്ച് റോഡിലാണ് വീടുകൾ ഒരുക്കിയിട്ടുള്ളത്. വൈകിട്ട് 4ന് എംപി താക്കോൽ സമർപ്പണം നിർവഹിക്കും. മുത്തൂറ്റ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് അധ്യക്ഷത വഹിക്കും. ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ് എം.ജോർജ് പങ്കെടുക്കും.
സൂനാമി ദുരന്തത്തെത്തുടർന്ന് പുനരധിവസിപ്പിച്ച 14 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഭൂമിക്ക് ഉറപ്പ് കുറവായതിനാൽ ഇവർക്കായി നേരത്തെ നിർമിച്ചിരുന്ന വീടുകൾ താഴേക്ക് ഇരുന്നു നശിച്ചു. സമീപപ്രദേശത്തെ വെള്ളക്കെട്ട് മൂലം മലിന ജലവും ശുചിമുറി മാലിന്യവും അടക്കം ഇവരുടെ വീടുകളിലേക്ക് എത്തുന്ന സ്ഥിതിയായിരുന്നു. യാദൃച്ഛികമായാണ് ഈ വിഷയം തന്റെ ശ്രദ്ധയിൽ പെട്ടതെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. ഒരു വീടിന്റെ ആധാരം എടവനക്കാട് സഹകരണ ബാങ്കിൽ നിന്ന് 85,000 രൂപയോളം അടച്ച് എടുത്തു നൽകാനും എംപിയുടെ ഇടപെടൽ ഉണ്ടായി.
വെള്ളം കയറാതിരിക്കാൻ അടിത്തറ നന്നായി പൊക്കിയാണ് വീടുകൾ നിർമിച്ചിട്ടുള്ളത്. 530 ചതുരശ്ര അടി വിസ്തീർണത്തിലുള്ള വീടുകളിൽ സ്വീകരണമുറി, 2 കിടപ്പു മുറികൾ, അടുക്കള, ശുചിമുറി എന്നിവയാണ് ഉള്ളത്. ഒരു കോടി 7 ലക്ഷം രൂപയാണ് വീടുകളുടെ നിർമാണത്തിനായി മുത്തൂറ്റ് ഫിനാൻസ് നൽകിയത്. പ്രദേശത്തെ റോഡ് നിർമാണത്തിന് ഹൈബി ഈഡൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ അനുവദിച്ചിരുന്നു.
റോഡിന്റെ നിർമാണവും പൂർത്തിയായിട്ടുണ്ട്. ഇതിനൊക്കെ ശേഷം ഭൂമി നിരപ്പാക്കുന്നതിന് എംപി ചെയർമാനായുള്ള സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും 3 ലക്ഷം രൂപയും അനുവദിച്ചിരുന്നു. താക്കോൽ സമർപ്പണ ചടങ്ങിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും മുത്തൂറ്റ് ഫിനാൻസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.