ADVERTISEMENT

തൃപ്പൂണിത്തുറ ∙ നഗരസഭയിലെ കെട്ടിട നികുതി വർധന സംബന്ധിച്ച അജൻഡ പാസായെന്ന് ഭരണപക്ഷം എന്നാൽ  ഇത് ഭരണകക്ഷി പ്രഖ്യാപനം മാത്രമെന്ന് പ്രതിപക്ഷ കക്ഷികൾ. നഗരസഭയിലെ പാർപ്പിടാവശ്യങ്ങൾക്കുള്ള നികുതി ഒരു ചതുശ്ര മീറ്ററിനു 12 രൂപയിൽ നിന്ന് 14 രൂപയാക്കാൻ കഴിഞ്ഞ കൗൺസിലിൽ ഭരണപക്ഷം നടത്തിയ നീക്കമാണ് പ്രതിപക്ഷ കക്ഷികളായ ബിജെപിയും യുഡിഎഫും ചേർന്ന് എതിർത്തത്. നിയമപരമായി അജൻഡ പാസാക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ കക്ഷി നേതാക്കൾ പറഞ്ഞു. തീരുമാനം നടപ്പാക്കിയെന്ന് ഭരണപക്ഷവും ഉദ്യോഗസ്ഥരും പറയുന്നുണ്ടെങ്കിലും അതിനു നിയമ സാധുത ഇല്ലെന്നു പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. 

കഴിഞ്ഞ ദിവസം നടന്ന കൗൺസിലിൽ ഈ അജൻഡ സംബന്ധിച്ചു ചർച്ച നടത്തിയെങ്കിലും ബഹളത്തിലാണു കലാശിച്ചത്. ശബ്ദ വോട്ടിനിട്ട് നികുതി വർധന അജൻഡ പാസാക്കിയെന്ന് ഭരണപക്ഷം പറയുമ്പോഴും അതിനെ എതിർത്ത് ബിജെപിയും യുഡിഎഫും സെക്രട്ടറിക്ക് വിയോജന കുറിപ്പ് നൽകി. ഇതോടെ ഭൂരിപക്ഷ തീരുമാനം നികുതി വർധനയ്ക്ക് എതിരായി. വെള്ളിയാഴ്ച നടന്ന കൗൺസിലിൽ ഭരണകക്ഷിയിൽ 21 അംഗങ്ങളും പ്രതിപക്ഷ പാർട്ടികളിൽ 26 അംഗങ്ങളുമാണ് ഹാജരായത്. നഗരസഭാധ്യക്ഷ പാസാക്കിയെന്ന് പറഞ്ഞ കാര്യങ്ങളും പ്രതിപക്ഷ കക്ഷികൾ നൽകിയ വിയോജന കുറിപ്പും സർക്കാരിനു റിപ്പോർട്ട് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

സർക്കാർ തീരുമാനം വരുന്നതു വരെ പുതുക്കിയ നിരക്ക് വാങ്ങുമെന്നും ഉദ്യോഗസ്ഥർ ‌അറിയിച്ചു. ഭരണ കക്ഷിയായ എൽഡിഎഫിന് 23 അംഗങ്ങളും ബിജെപിക്കു 17 അംഗങ്ങളും യുഡിഎഫിന് എട്ടും ഒരു സ്വതന്ത്രനുമാണ് നിലവിൽ  കൗൺസിലിലുള്ളത്. ബിജെപി, യുഡിഎഫ് അംഗങ്ങളായ 25 പേർ അജൻഡയെ എതിർത്താൽ സ്വതന്ത്ര അംഗം എൽഡിഎഫിനു ഒപ്പം നിന്നാൽ പോലും അജൻഡ പാസാകില്ല.

കുത്തിയിരുന്ന് പ്രതിപക്ഷ കക്ഷികൾ 

കഴിഞ്ഞ കൗൺസിലിൽ നികുതി വർധനയെ ചൊല്ലി നടന്ന ചർച്ച ബഹളമയമായിരുന്നു. കൗൺസിൽ അവസാനിപ്പിച്ച് നഗരസഭാധ്യക്ഷ പോയതോടെ നഗരസഭാധ്യക്ഷയുടെ ചേംബറിനു താഴെ കുത്തിയിരുന്നു ബിജെപി, യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. ഈ വിഷയം വോട്ടിനിടണമെന്ന ആവശ്യം പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ചെങ്കിലും നഗരസഭാധ്യക്ഷ  വോട്ടിനിടാതെ ഏകപക്ഷീയമായി നികുതി 14 രൂപയായി പ്രഖ്യാപിച്ചെന്നാണ് ഇവരുടെ ആരോപണം. തുടർന്ന് എൽഡിഎഫ് കൗൺസിലർമാർ ഇറങ്ങി പോയി. ഇതിനു ശേഷമാണ് ഇരു പ്രതിപക്ഷ കക്ഷികളും കൗൺസിൽ ഹാളിൽ തന്നെ വെവ്വേറെ പ്രതിഷേധം നടത്തിയത്.

നിലപാട് പ്രതിഷേധാർഹം :നഗരസഭാധ്യക്ഷ

ബിജെപി, യുഡിഎഫ് കൗൺസിലർമാർ നഗരസഭ യോഗം അലങ്കോലമാക്കിയ നിലപാട് പ്രതിഷേധാർഹമാണെന്ന് നഗരസഭാധ്യക്ഷ രമ സന്തോഷ്. 10 വർഷം മുൻപാണ് നഗരസഭകളുടെ വസ്തു നികുതി പുതുക്കി നിശ്ചയിച്ചത്. ഇതിനിടയിൽ പ്രളയവും കോവിഡും മൂലം നഗരസഭകളുടെ തനത് വരുമാനത്തിൽ വൻ ഇടിവ് സംഭവിക്കുകയും ദൈനംദിന ചെലവുകൾ ഭീമമായി വർധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ നിർദേശം അനുസരിച്ച് ധനകാര്യ കമ്മിറ്റി ചർച്ച ചെയ്തു അംഗീകരിച്ച നിർദേശം കൗൺസിൽ യോഗത്തിൽ അജൻഡയായി വന്നത്. ശബ്ദ വോട്ടോടെയാണു 14 രൂപ എന്ന നിർദേശം അംഗീകരിച്ചതായി പ്രഖ്യാപിച്ച് കൗൺസിൽ യോഗം അവസാനിപ്പിച്ചത് എന്ന് നഗരസഭാധ്യക്ഷ പറ‍ഞ്ഞു.

നീക്കം ഉപേക്ഷിക്കണം : ട്രുറ

കെട്ടിട നികുതി വർധിപ്പിക്കാനുള്ള നീക്കം  നഗരസഭ ഉപേക്ഷിക്കണമെന്ന് തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ ( ട്രുറ) എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ഭീമമായ പെർമിറ്റ് ഫീ വർധനയും പ്രതിവർഷം 5% ടാക്സ് വർധനയും ജനങ്ങളുടെ മേൽ അടിച്ചേൽപിച്ചു കഴിഞ്ഞു. അടുത്ത 5 വർഷം കൊണ്ട് 25% വർധനയാണ് സർക്കാർ ഉത്തരവ് പ്രകാരം ജനങ്ങൾ നൽകേണ്ടി വരിക. ഇപ്പോൾ തന്നെ ജില്ലയിൽ ഏറ്റവും കൂടുതൽ കെട്ടിട നികുതി തൃപ്പൂണിത്തുറയിലാണ്. മറ്റ് നഗരസഭകളിൽ ചതുശ്ര മീറ്ററിന്‌ 6 രൂപ മുതൽ 9 രൂപ വരെ വാങ്ങുമ്പോൾ തൃപ്പൂണിത്തുറയിൽ ഇപ്പോൾ തന്നെ 12 രൂപയാണ്. ഇതാണ് 14 രൂപ ആക്കാൻ നീക്കം നടക്കുന്നത് എന്ന് ചെയർമാൻ വി.പി.പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും ആരോപിച്ചു.

കൂട്ടിയാൽ...

നഗരസഭാ മേഖലയിൽ 2018 നു ശേഷം നിർമിച്ച വീടിന് ഒരു ചതുരശ്ര മീറ്ററിന് ഒരു വർഷത്തേക്ക് നിലവിൽ 12 രൂപയാണ് നികുതി. ഇതാണ് 2 രൂപ കൂട്ടി 14 രൂപയാക്കി ഉയർത്തുന്നത്. ഇതോടെ 100 ചതുരശ്ര മീറ്റർ വീടിനു ഒരു വർഷം 200 രൂപ കൂടും. ഇതോടെ 1400 രൂപ ഇവർക്ക് നികുതിയായി അടയ്ക്കേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com