ബയോമെഡിക്കൽ മാലിന്യം അമ്പലമേടിലെ പ്ലാന്റിൽ സംസ്കരിക്കാനുള്ള ചെലവ് കോർപറേഷൻ വഹിക്കും
Mail This Article
കൊച്ചി ∙ ഡയപ്പറും സാനിറ്ററി പാഡുമുൾപ്പെടെ നഗരപരിധിയിൽ നിന്നു ശേഖരിക്കുന്ന ബയോമെഡിക്കൽ മാലിന്യം കേരള എൻവയ്റോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കീൽ) പ്ലാന്റിൽ സംസ്കരിക്കാനുള്ള ചെലവ് കോർപറേഷൻ വഹിക്കും. ബയോമെഡിക്കൽ മാലിന്യം സംസ്കരിക്കാൻ കോർപറേഷൻ ഏർപ്പെടുത്തിയ സ്വകാര്യ കമ്പനി ജനങ്ങളിൽ നിന്നു വൻതുക ഈടാക്കുന്നതിനെതിരെ വ്യാപക വിമർശനമുയർന്നതിനെ തുടർന്നാണു നടപടി.
ബയോ മെഡിക്കൽ മാലിന്യം കീലിന്റെ പ്ലാന്റിൽ സംസ്കരിക്കാൻ കിലോയ്ക്ക് 32 രൂപയാണു (നികുതിയുൾപ്പെടെ) നൽകേണ്ടത്. ഇതു കോർപറേഷൻ വഹിക്കും. ഈയിനത്തിൽ പ്രതിമാസം 14 ലക്ഷം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. അതേ സമയം, ബയോമെഡിക്കൽ മാലിന്യം ശേഖരിക്കാനുള്ള കവറിന്റെ ചെലവ്, മാലിന്യം അമ്പലമേട്ടിലെ പ്ലാന്റിലെത്തിക്കാനുള്ള ഗതാഗത ചെലവ് (രണ്ടും ചേർത്ത് ഏകദേശം 13 രൂപ) ഉപയോക്താക്കളിൽ നിന്ന് ഈടാക്കും.
ബയോമെഡിക്കൽ മാലിന്യം സംസ്കരിക്കാനായി പ്രതിദിനം 20 ടൺ ശേഷിയുള്ള പുതിയ പ്ലാന്റ് ബ്രഹ്മപുരത്തു നിർമിക്കുന്നതു സംബന്ധിച്ചു വിശദമായ പദ്ധതി രേഖ തയാറാക്കും.
‘‘എളംകുളം കുഡുംബി കോളനി പാലത്തുരുത്ത് റോഡിൽ ആളുകൾ മാലിന്യം കൊണ്ടു വന്നു തള്ളുന്നതു മൂലം പരിസരവാസികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാണ്. രാത്രി ഫ്ലാറ്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നും ഇവിടെ മാലിന്യം കൊണ്ടു വന്നു തള്ളുന്നുണ്ട്’’
രാജേഷ് രാമകൃഷ്ണൻ, എളംകുളം