എറണാകുളം ജില്ലയിൽ ഒന്നാം ക്ലാസിലേക്ക് 15,734 കുരുന്നുകൾ
Mail This Article
കൊച്ചി∙ ജില്ലയിൽ പതിനയ്യായിരത്തിലേറെ കുരുന്നുകൾ ഇന്നു പ്രവേശനോത്സവ മധുരം നുണഞ്ഞ് ഒന്നാം ക്ലാസിലേക്ക്.15,734 വിദ്യാർഥികളാണു വിദ്യാഭ്യാസ വകുപ്പിന്റെ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഒന്നാം ക്ലാസിൽ പ്രവേശനം തേടിയത്. കുട്ടികളെ ആഘോഷമായി വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഇന്നലെ വൈകിട്ടോടെ എല്ലാ സ്കൂളുകളും പൂർത്തിയാക്കി. അധ്യാപകരും വിവിധ അധ്യാപക സംഘടനകളും സ്കൂൾ പിടിഎകളും ചേർന്നാണു പ്രവേശനോത്സവങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. വിദ്യാർഥികൾക്കു ചെറു സമ്മാനങ്ങളും മധുരവും കൊടുത്തു വരവേൽക്കാനുള്ള ഒരുക്കത്തിലാണു സ്കൂളുകൾ.
കുട്ടികൾക്കു പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളും രൂപങ്ങളും കുരുത്തോല, വാഴപ്പിണ്ടി തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കളും കൊണ്ടു സ്കൂളുകളും പരിസരവും അലങ്കരിച്ച് ഹരിത മാനദണ്ഡങ്ങൾ പാലിച്ചാണു പ്രവേശനോത്സവം. കുട്ടികളുടെയും അധ്യാപകരുടെയും കലാപ്രകടനങ്ങളും അരങ്ങേറും. സ്കൂളുകളിൽ അധ്യയനം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ ഉപഡയറക്ടർ (ഡിഡിഇ) ഹണി ജി. അലക്സാണ്ടർ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കു ഓൺലൈൻ യോഗം ചേർന്നു സ്കൂളുകളിലെ അന്തിമവട്ട ഒരുക്കങ്ങൾ വിലയിരുത്തി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം അധ്യയനം ആരംഭിക്കാൻ ചെറിയ തടസ്സങ്ങളുള്ള സ്കൂളുകളിൽ ബദൽ സംവിധാനം ഏർപ്പെടുത്തി.
ജില്ലയിൽ പതിനഞ്ചിടങ്ങളിൽ ബ്ലോക്ക്തല പ്രവേശനോത്സവങ്ങൾ നടക്കും. ഉപജില്ലാ തലത്തിലും പ്രവേശനോത്സവങ്ങൾ നടത്തുന്നുണ്ട്. സ്കൂളുകളിൽ പാഠപുസ്തക വിതരണം, കൈത്തറി യൂണിഫോം വിതരണം എന്നിവയും സമയബന്ധിതമായി പൂർത്തിയാക്കി. നാളെ മുതൽ തന്നെ ഉച്ചഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങളാണു മിക്ക സ്കൂളുകളും ചെയ്തിട്ടുള്ളത്. എറണാകുളം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണു ജില്ലാതല പ്രവേശനോത്സവം. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ടി.ജെ.വിനോദ് എംഎൽഎ അധ്യക്ഷത വഹിക്കും. ഗ്രീൻ ക്യാംപസ് ക്ലീൻ ക്യാംപസ് പ്രവർത്തന പദ്ധതി മേയർ എം.അനിൽകുമാറും ലഹരിവിരുദ്ധ ക്യാംപെയ്ൻ ഹൈബി ഈഡൻ എംപിയും ഉദ്ഘാടനം ചെയ്യും.
അധ്യായന പുതുവർഷം; കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു
കൊച്ചി∙ പുതിയ അധ്യയന വർഷത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്തും ബാല സംസ്‌കാര കേന്ദ്രവും ചേർന്നു വിദ്യാർഥികൾക്കു സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ഗൗരി വിനോഷിനെ അനുമോദിച്ചു. വിഎച്ച്പി ജില്ലാ പ്രസിഡന്റ് വി.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ദേവ്ജി റാവത്ത്, സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ, ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവ്, വിഎച്ച്പി ജില്ലാ ജോയിന്റ് സെക്രട്ടറി സി.നന്ദകുമാർ, ബജരങ്ദൾ ജില്ല സംയോജക് മനു, പാവക്കുളം ക്ഷേത്രം പ്രസിഡന്റ് ടി. പങ്കജാക്ഷൻ, മഠ് മന്ദിർ പ്രമുഖ് ജയഗോപൻ എന്നിവർ പ്രസംഗിച്ചു.