പാട്ടും കളികളുമായി പ്രവേശനോത്സവം; സ്കൂൾ മുറ്റത്തു പെയ്തത് അക്ഷര നിലാമഴ
Mail This Article
കൊച്ചി∙ നേപ്പാളിൽനിന്നുള്ള റിയ ഗാർത്തി മഗറും എറണാകുളത്തുകാരി നിലാമഴയും സ്കൂളിൽ ആദ്യ ദിനം കണ്ടപ്പോഴേ ഫ്രണ്ട്സായി. പക്ഷേ ഒരു പ്രശ്നം, ഭാഷയറിയാത്തതിനാൽ തമ്മിൽ മിണ്ടാനാവുന്നില്ല. ആംഗ്യഭാഷ മടുത്തപ്പോൾ റിയയെ മലയാളം പഠിപ്പിക്കാമെന്ന തീരുമാനത്തിലെത്തി നിലാമഴ. പക്ഷേ, നിലാമഴ കൊഞ്ചിപ്പറയുന്ന മലയാളം റിയയുടെ നാവിനു വഴങ്ങുന്നില്ല. നിലാമഴ പറയുന്ന വാക്കുകളൊക്കെ, തപ്പിത്തടഞ്ഞു തോന്നും വിധമാണു റിയ പറയുന്നത്. ഇതു കേൾക്കുന്നതോടെ നിലാമഴയ്ക്കു ചിരി പൊട്ടും. ഇതിനൊപ്പം റിയ കൂടി ചേരുന്നതോടെ പൊട്ടിച്ചിരിയാകും.
ഒടുവിൽ, ഇരുവരും കളി മതിയാക്കി ടീച്ചറിൽനിന്ന് ലഡുവിനൊപ്പം അക്ഷര മധുരം കൂടി നുണഞ്ഞു സ്കൂളിലെ ആദ്യ ദിനം അവിസ്മരണീയമാക്കി. ജില്ലാതല പ്രവേശനോത്സവം നടന്ന എറണാകുളം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥികളാണു റിയയും നിലാമഴയും. ഇവർക്കൊപ്പം ജില്ലയിലെ വിവിധ സ്കൂളുകളിലായി പതിനാറായിരത്തോളം വിദ്യാർഥികളാണ് ഇന്നലെ പുതുതായി സ്കൂളുകളിലെത്തിയത്. മഴയൊഴിഞ്ഞു നിന്നതിനാൽ ആഘോഷങ്ങൾക്കു നിറപ്പകിട്ടേറി.
അക്ഷരാർഥത്തിൽ ആനയും അമ്പാരിയും താളമേളങ്ങളുമായാണു ജില്ലയിലെ സ്കൂളുകൾ ഇക്കുറി വിദ്യാർഥികളെ സ്വീകരിച്ചത്. മിക്കയിടത്തും ചെറിയ ഘോഷയാത്രകൾ സംഘടിപ്പിച്ചിരുന്നു. കേരളീയ വസ്ത്രമണിഞ്ഞെത്തിയ കുരുന്നുകൾ തന്നെ പുതിയ കൂട്ടുകാരെ വരവേറ്റു. മിക്ക സ്കൂളുകളും വന്യ ജീവികളുടെ രൂപങ്ങൾ തീർത്താണു കുരുന്നുകൾക്കു സ്വാഗതം ഓതിയത്. ജീവൻ തുടിക്കുന്ന മാതൃകകളായി ആനയും പുലിയും കടുവയും കരടിയുമെല്ലാം സ്കൂൾ മുറ്റങ്ങൾ നിറഞ്ഞു. മൃഗവേഷം കെട്ടിയും ഒട്ടേറെ കുട്ടികൾ സ്കൂളുകളിലെത്തി.
ഇവയ്ക്കൊപ്പമുള്ള സെൽഫി കോർണറുകളിൽ കുട്ടികളുടെ ചിത്രങ്ങൾ പകർത്താൻ രക്ഷിതാക്കളും മത്സരിച്ചു. കപ്പലും ട്രെയിനും ഹെലികോപ്റ്ററും മുതൽ മെട്രോ ട്രെയിനിന്റെ മാതൃക വരെ നിർമിച്ച സ്കൂളുകളുണ്ട്. ഇത്തരം മാതൃകകൾക്കുള്ളിലിരുന്നു പടമെടുക്കാനും വൻ തിരക്കായിരുന്നു. പൂക്കളും കുരുത്തോലയും വാഴയുമൊക്കെ ഉപയോഗിച്ചു ഹരിത മാനദണ്ഡപ്രകാരമായിരുന്നു സ്കൂളുകളിലെ അലങ്കാരങ്ങൾ.
പല സ്കൂളുകളും ഇത്തവണ പെൺകുട്ടികളെ സ്വീകരിച്ചതു ‘സാഷ്’ എന്നറിയപ്പെടുന്ന പേരെഴുതിയ പട്ട നൽകിയാണ്. ഇതിനു പുറമേ ഗിൽറ്റിന്റെ തിളക്കമുള്ള വർണത്തൊപ്പികളും വിദ്യാർഥികൾക്കു സമ്മാനിച്ചു. ചെണ്ടമേളവും ബാൻഡ് മേളവുമൊക്കെയായി പുതിയ വിദ്യാർഥികൾക്കു വരവേൽപു നൽകിയ സ്കൂളുകളും ഒട്ടേറെ. കാർട്ടൂൺ കഥാപാത്രങ്ങളും സൂപ്പർ ഹീറോകളുമൊക്കെ സ്കൂൾ മുറ്റത്തു വിദ്യാർഥികൾക്കു സ്വാഗതമോതി.
അച്ഛനമ്മമാരെ പിരിയുമ്പോൾ കരഞ്ഞു ബഹളമുണ്ടാക്കുന്ന കുട്ടികളുടെ എണ്ണം കുറയുന്നതായാണ് അധ്യാപകർ പറയുന്നത്. ആഘോഷവും മധുരവും കളിപ്പാട്ടങ്ങളുമൊക്കെയായി ക്ലാസിൽ തന്നെയിരുന്ന കുട്ടികളിൽ പലരും വീട്ടിലേക്കു മടങ്ങാനാണു മടി കാണിക്കുന്നതെന്നും അധ്യാപകർ പറയുന്നു. വിദ്യാർഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളോടെയാണു മിക്ക സ്കൂളുകളിലും പ്രവേശനോത്സവം കൊടിയിറങ്ങിയത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഒട്ടേറെ കുട്ടികളാണു ജില്ലയിലെ സ്കൂളുകളിൽ പ്രവേശനം നേടിയിട്ടുള്ളത്. മലയാളം പരിചിതമല്ലാതെ എത്തുന്ന ഇവരിലേറെയും വളരെ വേഗം ഭാഷ പഠിക്കുന്നുണ്ടെന്നു പോയ വർഷങ്ങളിലെ അനുഭവത്തിൽ നിന്ന് അധ്യാപകർ പറയുന്നു.
സർക്കാർ വിദ്യാലയങ്ങളുടെനിലവാരം ഉയർന്നു: മേയർ
സർക്കാർ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വലിയ പുരോഗതിയുണ്ടെന്നു മേയർ എം. അനിൽകുമാർ. എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു. നല്ല കെട്ടിടങ്ങൾ, ശുചിമുറികളും ഉൾപ്പെടെ സർക്കാർ വിദ്യാലയങ്ങളിലുണ്ട്. ക്ലാസ് ആരംഭിക്കുന്നതിനു മുൻപു പാഠപുസ്തകങ്ങൾ, യൂണിഫോം എന്നിവ കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്നും മേയർ പറഞ്ഞു.
ഗ്രീൻ ക്യാംപസ് ക്ലീൻ ക്യാംപസ് പ്രവർത്തന പദ്ധതിയുടെ പ്രഖ്യാപനവും മേയർ നിർവഹിച്ചു. ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി കുട്ടികൾക്കു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഠനോപകരണ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു.
സമഗ്ര ശിക്ഷ കേരള ഡിപിസി ബിനോയ് കെ. ജോസഫ്, ജില്ലാ വികസന കമ്മിഷണർ എം.എസ്. മാധവിക്കുട്ടി, വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, കൊച്ചി കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ വി.എ. ശ്രീജിത്ത്, കൗൺസിലർ പത്മജ മേനോൻ, വിദ്യാഭ്യാസ റീജനൽ ഡപ്യൂട്ടി ഡയറക്ടർ അബ്ദുൽ കരീം, അസിസ്റ്റന്റ് ഡയറക്ടർ ലിസി ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.എസ്. ശ്രീദാസ്, ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് കെ.എസ് .ദീപ, വിദ്യാകിരണം കോ ഓഡിനേറ്റർ ഡാൽമിയ തങ്കപ്പൻ, കൈറ്റ് കോ ഓഡിനേറ്റർ സ്വപ്ന ജെ. നായർ, അസിസ്റ്റന്റ് എജ്യൂക്കേഷൻ ഓഫിസർ ടി. സതീഷ് കുമാർ, സമഗ്ര ശിക്ഷ കേരള ഡിപിഒ മെർലിൻ ജോർജ്, ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ മിനി റാം, ഹെഡ്മിസ്ട്രസ് ലതിക പണിക്കർ, യുപി വിഭാഗം ഹെഡ്മിസ്ട്രസ് കെ. ജയ, എൽപി വിഭാഗം ഹെഡ്മിസ്ട്രസ് സി.ജെ..സാബു ജേക്കബ്, ഗവൺമെന്റ് മോഡൽ നഴ്‌സറി സ്‌കൂൾ ഹെഡ്മിസ്ട്രസ് ടി.എ. ആൻസി, പ്രോഗ്രാം കൺവീനർ പി.എ. നിഷാദ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.