ബസ് ടെർമിനൽ യാത്രക്കാർക്ക് ‘പണി’; എംഎൽഎയുടെ അലംഭാവമെന്ന‌് ഡിവൈഎഫ്ഐ, ഉത്തരവാദി സർക്കാരും ഉദ്യോഗസ്ഥരുമെന്ന് എംഎൽഎ
Mail This Article
ആലുവ∙ 4 വർഷം മുൻപു നിർമാണം ആരംഭിച്ച കെഎസ്ആർടിസി ബസ് ടെർമിനൽ ഏറെക്കുറെ പൂർത്തിയായെങ്കിലും ഉദ്ഘാടനം നടത്താത്തതിനാൽ യാത്രക്കാർ ദുരിതത്തിൽ. മഴക്കാലമായതോടെ ബസ് സ്റ്റാൻഡിലെ ചെളി റോഡിലേക്ക് ഒഴുകിയിറങ്ങി ഇരുചക്രവാഹന യാത്രികരും മറ്റും അപകടത്തിൽ പെടുന്നു. ചെളിശല്യം മൂലം സ്റ്റാൻഡിന്റെ അകത്തും പുറത്തും ബസ് കാത്തു നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. പ്രതിദിനം ആയിരക്കണക്കിന് ആളുകളെത്തുന്ന ഇവിടെ ബസ് കാത്തിരിപ്പു കേന്ദ്രമോ ശുചിമുറിയോ ഇല്ല.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഇവിടെ നിന്നു ബസ് ഉണ്ട്. നിർമാണം നടക്കുന്ന ടെർമിനലിന്റെ പല ഭാഗങ്ങളും കാടുകയറി കിടക്കുകയാണ്. അൻവർ സാദത്ത് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 8.64 കോടി രൂപ ഉപയോഗിച്ചാണു പണി നടത്തുന്നത്. ഇതിൽ 5.89 കോടി രൂപ ബസ് സ്റ്റേഷൻ കം അമിനിറ്റി സെന്റർ നിർമിക്കുന്നതിനും 2.75 കോടി രൂപ അണ്ടർ ഗ്രൗണ്ട് ടാങ്കുകൾ, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങിയവ നിർമിക്കുന്നതിനുമാണ്.
എംഎൽഎയുടെ അലംഭാവമെന്ന‌് ഡിവൈഎഫ്ഐ
അൻവർ സാദത്ത് എംഎൽഎയുടെ അലംഭാവം മൂലമാണ് ബസ് ടെർമിനൽ തുറക്കാത്തതെന്ന ആരോപണവുമായി ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എം.എ. അഷ്റഫ്, സെക്രട്ടറി എം.എസ്. അജിത്ത് എന്നിവർ രംഗത്തെത്തി. മഴക്കാലത്തു കയറി നിൽക്കാൻ ഇടമില്ലാതെ യാത്രക്കാർ വിഷമിക്കുന്നു. പണി തീർന്ന ഭാഗങ്ങൾ പോലും തുറന്നു കൊടുക്കാത്തതു പിടിപ്പുകേടാണ്. ആലുവ ഡിപ്പോയിൽ അഞ്ഞൂറോളം ജീവനക്കാരുണ്ട്. അവർക്കു വിശ്രമിക്കാൻ സൗകര്യമില്ല.
പൊളിച്ചുനീക്കിയ പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നിന്നു കെഎസ്ആർടിസിക്കു പ്രതിവർഷം ഒരു കോടി രൂപ വരുമാനം ഉണ്ടായിരുന്നു. 4 വർഷം കൊണ്ടു 4 കോടി രൂപ വാടകയിനത്തിൽ മാത്രം നഷ്ടം വരുത്തിയെന്നും അവർ കുറ്റപ്പെടുത്തി.
ഉത്തരവാദി സർക്കാരും ഉദ്യോഗസ്ഥരുമെന്ന് എംഎൽഎ
ബസ് ടെർമിനലിന് എന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 8.64 കോടി രൂപ അനുവദിച്ചെങ്കിലും പണി നിശ്ചിത സമയത്തു പൂർത്തിയാകാത്തതിനു കാരണം സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും പിടിപ്പുകേടാണെന്ന് അൻവർ സാദത്ത് എംഎൽഎ. അവരാണു പദ്ധതി നിർവഹണം നടത്തുന്നത്. പണി എത്രയും വേഗം പൂർത്തിയാക്കി ഉദ്ഘാടനം നടത്താൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഇടങ്കോലിടുകയാണ്. ഇക്കാര്യം പലവട്ടം വകുപ്പു മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തി.
മന്ത്രി താൽപര്യമെടുത്ത് അവസാന ഘട്ട നിർമാണ പ്രവർത്തനങ്ങൾക്കായി ഈയിടെ 5.92 കോടി രൂപ അനുവദിച്ചു. ഇതു ടെൻഡർ ചെയ്തു. പണി ഉടൻ ആരംഭിക്കും. യാഡ് ടൈൽ വിരിക്കൽ, വൈദ്യുതീകരണം, ഇടിപി ടാങ്ക്, പമ്പ് റൂം, കാന, സംരക്ഷണ ഭിത്തി, നടപ്പാത, കാത്തിരിപ്പു കേന്ദ്രം എന്നിവയുടെ നിർമാണത്തിനാണ് ഈ തുക വിനിയോഗിക്കുക.