കരിമീനുണ്ടേ, നല്ല പെടയ്ക്കണ കരിമീൻ!! വിലയിലും കുറവ്
Mail This Article
വൈപ്പിൻ∙ മീൻക്ഷാമമെന്ന പതിവു പരാതിക്കിടയിൽ വ്യത്യസ്ത കാഴ്ചയായി പുഴയിലും തോടുകളിലും കരിമീൻ നിറയുന്നു. വലവീശുന്നവർക്കും ചൂണ്ടയിടുന്നവർക്കും തപ്പിപ്പിടിക്കുന്നവർക്കുമെല്ലാം ഇപ്പോൾ കൈ നിറയെ തടയുന്നതു കരിമീൻ മാത്രം.
വേനൽച്ചൂട് ശക്തമായ വേളയിൽ തണുപ്പു തേടി തീരത്തേക്ക് അടുത്ത കരിമീൻ കൂട്ടങ്ങൾ തോടുകളിലേക്കു കയറിയതോടെയാണു ലഭ്യത കൂടിയത്. മഴ ശക്തമാകുന്നതോടെ ഇവ തോടുകളിൽനിന്ന് അകന്നുപോകുമെന്നാണു കരുതിയിരുന്നെങ്കിലും ഇപ്പോഴും സാന്നിധ്യം കുറഞ്ഞിട്ടില്ല.
ഇതോടെ പതിവു ചൂണ്ടക്കാർക്കൊപ്പം മറ്റുള്ളവരും തോടുകളിലും പുഴകളിലും ചൂണ്ടയിടാൻ ഇറങ്ങുന്ന സ്ഥിതിയാണ്. കറി ആവശ്യം കഴിഞ്ഞ് വിൽക്കാനുള്ള മീനും പലർക്കും ലഭിക്കുന്നുണ്ട്. വീശു വലയിലും പ്രധാനമായി കുടുങ്ങുന്നതു കരിമീൻ തന്നെ. എന്നാൽ പുഴയുടെയും തോടുകളുടെയും വശങ്ങളിലെ കൽക്കെട്ടുകൾക്കിടയിലെ മാളങ്ങളിൽനിന്ന് മീനുകളെ തപ്പിപ്പിടിക്കുന്ന തൊഴിലാളികൾക്കാണു കൂടുതൽ കരിമീൻ കിട്ടുന്നത്. വൈദഗ്ധ്യമുള്ള ഇത്തരം തപ്പുകാർ മറ്റിടങ്ങളിൽനിന്നു വരെ വൈപ്പിനിലേക്ക് എത്തുന്നുണ്ട്. ഉച്ച വരെ പണിയെടുക്കുമ്പോൾ തന്നെ 10 കിലോഗ്രാമിൽ ഏറെ മീൻ ലഭിക്കുന്ന തപ്പുകാരും ഉണ്ട്.
ലഭ്യത കൂടിയതോടെ കരിമീനിന്റെ വിലയിലും കുറവു വന്നിട്ടുണ്ട്. ചൂണ്ടയിട്ടും മറ്റും ആവശ്യത്തിലധികം മീൻ ലഭിക്കുന്നവർ കിലോഗ്രാമിന് 300 രൂപയ്ക്കു വരെ വിൽക്കുന്നു. 600 രൂപ വരെയാണു പതിവു വില. അതേസമയം ഇപ്പോൾ ലഭിക്കുന്ന കരിമീൻ രുചിയിൽ അൽപം പിന്നിലാണെന്ന പരാതിയും മീൻ പ്രേമികൾക്കുണ്ട്. കരിമീൻ കഴിഞ്ഞാൽ ചൂണ്ടക്കാർക്കു പ്രധാനമായി ലഭിക്കുന്നതു കൂരി മീൻ ആണ്. മൂർച്ചയേറിയ മുള്ളുകളും വൃത്തിയാക്കിയെടുക്കാൻ ബുദ്ധിമുട്ടും ഉള്ളതിനാൽ നാട്ടുകാർക്കിടയിൽ വലിയ പ്രിയമില്ലെന്നു മാത്രം.
English Summary: The river and streams are full of Karimeen