ADVERTISEMENT

കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നു നീക്കാനുള്ളത് 7 ലക്ഷം ടൺ മാലിന്യം. കെട്ടിക്കിടക്കുന്ന ഈ മാലിന്യം ബയോമൈനിങ് നടത്തി നീക്കം ചെയ്യാനായി കൊച്ചി കോർപറേഷൻ വീണ്ടും ടെൻഡർ വിളിച്ചു. 70 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. 16 മാസമാണു പദ്ധതി കാലയളവ്. ബ്രഹ്മപുരത്തു നേരത്തേ ബയോമൈനിങ് നടത്തി ശേഖരിച്ച ഒരു ലക്ഷം ടൺ റെഫ്യൂസ് ഡിറൈവ്‌ഡ് ഫ്യുവൽ (ആർഡിഎഫ്) നീക്കം ചെയ്യുന്നതും പുതിയ ടെൻഡറിൽ ഉൾപ്പെടുന്നു.

ബ്രഹ്മപുരത്തെ 108 ഏക്കർ സ്ഥലത്തെ 80 ഏക്കർ സ്ഥലത്തു കഴിഞ്ഞ 15 വർഷമായി കോർപറേഷൻ തള്ളിയ ജൈവ– അജൈവ മാലിന്യമാണു നീക്കം ചെയ്യാനുള്ളത്. ബയോമൈനിങ് നടത്താനായി സോണ്ട ഇൻഫ്രാടെക്കിനു നൽകിയിരുന്ന കരാർ ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നു റദ്ദാക്കിയിരുന്നു. 5.53 ലക്ഷം ഘനമീറ്റർ മാലിന്യം നീക്കാൻ 54 കോടി രൂപയ്ക്കായിരുന്നു പഴയ കരാർ. കെട്ടിക്കിടക്കുന്ന 7 ലക്ഷം ടൺ മാലിന്യത്തിൽ 4 ലക്ഷം ടൺ മുൻ കരാറുകാരായ സോണ്ട ഇൻഫ്രാടെക് ബയോമൈനിങ് നടത്താതെ ബാക്കിയാക്കിയതാണ്. അവർ ബയോമൈനിങ് നടത്തി ശേഖരിച്ച ആർഡിഎഫാണ് ഒരു ലക്ഷം ടൺ. സോണ്ടയ്ക്കു കരാർ നൽകിയ 2020നു ശേഷം കോർപറേഷൻ കൊണ്ടു വന്നു തള്ളിയതാണു 2 ലക്ഷം ടൺ മാലിന്യം.

കഴിഞ്ഞ തവണ ബയോമൈനിങ് കരാറിനു ടെൻഡർ ക്ഷണിച്ചതു സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) മുഖേനയായിരുന്നു. എന്നാൽ ഇത്തവണ കെഎസ്ഐഡിസിയെ പൂർണമായും ഒഴിവാക്കി കോർപറേഷൻ സ്വന്തം നിലയിലാണു ടെൻഡർ വിളിച്ചിട്ടുള്ളത്. കഴിഞ്ഞ 7 വർഷത്തിനിടയിൽ കുറഞ്ഞത് ഒറ്റ പദ്ധതിയിൽ 7 ലക്ഷം ടണ്ണോ, 3 പദ്ധതികളിലായി 10.5 ലക്ഷം ടണ്ണോ ബയോ മൈനിങ് നടത്തിയ കമ്പനികളെയാണു കരാറിനു 

പരിഗണിക്കുക.സോണ്ടയുടെ പണിയും പുതിയ ടെൻഡറിൽ

ബ്രഹ്മപുരത്തു ബയോമൈനിങ് നടത്തി ശേഖരിക്കുന്ന റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ (ആർഡിഎഫ്) നീക്കേണ്ടതു കരാർ കമ്പനിയുടെ ചുമതലയാണ്. എന്നാൽ നേരത്തേ കരാറെടുത്തിരുന്ന സോണ്ട ഇൻഫ്രാടെക് ബയോമൈനിങ് നടത്തി ശേഖരിച്ച ആർഡിഎഫ് ബ്രഹ്മപുരത്ത് ആരംഭിക്കാനിരിക്കുന്ന വൈദ്യുതി പ്ലാന്റിൽ ഉപയോഗിക്കാമെന്നു പറഞ്ഞ് അവിടെ തന്നെ സൂക്ഷിക്കുകയായിരുന്നു. തങ്ങൾക്കു പാട്ടത്തിനു നൽകിയ സ്ഥലത്ത് ആർഡിഎഫ് സൂക്ഷിക്കാൻ അനുമതി നൽകി കെഎസ്ഐഡിസിയും സോണ്ടയെ സഹായിച്ചു.

എന്നാൽ പുതിയ ടെൻഡർ പ്രകാരം നിലവിൽ കെട്ടിക്കിടക്കുന്ന ഒരു ലക്ഷം ടൺ ആർഡിഎഫ് നീക്കേണ്ടതും പുതുതായി കരാറെടുക്കുന്ന കമ്പനിയുടെ ചുമതലയാണ്. കുറഞ്ഞത് 2 ലക്ഷം ടൺ ആർഡിഎഫ് എങ്കിലും സിമന്റ് പ്ലാന്റുകൾക്കോ മറ്റോ കൈമാറിയ മുൻ പരിചയമുള്ളവർക്കു മാത്രമേ ഇനി കരാർ നൽകുകയുള്ളൂ. കരാർ ലഭിച്ചാൽ കുറഞ്ഞതു മൂന്നര ലക്ഷം ടൺ ആർഡിഎഫ് കൈമാറുന്നതിനു കമ്പനികളുമായുണ്ടാക്കിയ കരാറും നൽകണം. വീണ്ടും ബയോമൈനിങ് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു സോണ്ടയിൽ നിന്നു ചെലവ് ഈടാക്കുന്നതു കോർപറേഷൻ പരിഗണിക്കുന്നുണ്ട്. കോർപറേഷനെതിരെ സോണ്ട നൽകിയ ആർബിട്രേഷൻ ഹർജി ജില്ല കോടതിയുടെ പരിഗണനയിലാണ്.

English Summary: 7 lakh tonnes of garbage in Brahmapuram. Corporation has called a new tender for biomining

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com