ADVERTISEMENT

കൊച്ചി ∙ ബ്രഹ്മപുരത്ത് ജൈവ മാലിന്യം സംസ്കരിക്കാൻ കറുത്ത പട്ടാളം ഇറങ്ങുമോ? പട്ടാളപ്പുഴുക്കൾ എന്നറിയപ്പെടുന്ന ‘ബ്ലാക്ക് സോൾജ്യർ ഫ്ലൈ’ ജൈവ മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്ന കാര്യം കോർപറേഷൻ പരിഗണിക്കുന്നു. ബ്രഹ്മപുരത്ത് ഏതെങ്കിലും നൂതന സാങ്കേതികവിദ്യകൾ വഴി താൽക്കാലിക മാലിന്യ സംസ്കരണ സംവിധാനമൊരുക്കാനാണു ശ്രമമെന്നും ശുചിത്വ മിഷന്റെ അനുമതി ലഭിച്ച ശേഷമേ പദ്ധതി നടപ്പാക്കുകയുള്ളൂവെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു.

പ്രതിദിനം 100 ടൺ ശേഷിയുള്ള ജൈവ മാലിന്യ സംസ്കരണ സംവിധാനമാണു ബ്രഹ്മപുരത്തു നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. സിഗ്മ ഗ്ലോബൽ എൻവയ്റോ സൊല്യൂഷൻസ് ലിമിറ്റഡ്, ഫാബ്കോ ഫുഡ് വേസ്റ്റ് മാനേജ്മെന്റ് ആൻഡ് ടോട്ടൽ സൊല്യൂഷൻസ് എന്നീ കമ്പനികളാണ് അന്തിമ പട്ടികയിലുള്ളത്. കുറഞ്ഞ തുക (കിലോയ്ക്ക് 2.50 രൂപ) ക്വോട്ട് ചെയ്ത സിഗ്മയാണു ‘പട്ടാളപ്പുഴ’ മാതൃക മുന്നോട്ടു വയ്ക്കുന്നത്.

തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലും പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും ഈ പരീക്ഷണം വിജയമാണെന്നു കോർപറേഷൻ‌ സെക്രട്ടറി ബാബു അബ്ദുൽ ഖാദിർ കൗൺസിലിനെ അറിയിച്ചു. നിലവിലുള്ള പ്ലാന്റ് അറ്റകുറ്റപ്പണി നടത്തി പ്രവർത്തന സജ്ജമാക്കുന്നതിനു കാലതാമസമെടുക്കുമെന്നു മേയർ പറഞ്ഞു. ബയോമൈനിങ് കരാറിൽ തീരുമാനമെടുക്കുന്നതിനു മുൻപു കക്ഷി നേതാക്കളുടെ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരത്ത് 7 ലക്ഷം ടൺ മാലിന്യമുണ്ടെന്ന കണ്ടെത്തൽ വിശ്വസനീയമല്ലെന്നു യുഡിഎഫ് കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ പറഞ്ഞു.

ആരാണ് പട്ടാളപ്പുഴു?

സ്വാഭാവിക പ്രകൃതിയിലെ ഒരു തരം ഈച്ച തന്നെയാണു ബ്ലാക്ക് സോൾജിയർ ഫ്ലൈ (പട്ടാളപ്പുഴു). എന്നാൽ പ്രവർത്തനക്ഷമമായ വായോ കുടൽമാലകളോ ഇല്ല. ആഹാരത്തിൽ വന്നിരിക്കുകയോ സാംക്രമിക രോഗങ്ങൾ പരത്തുകയോ ചെയ്യില്ല. ഇണ ചേർന്നാൽ അപ്പോൾ തന്നെ ആണീച്ച ചത്തുവീഴും. മുട്ടയിടുന്നതോടെ പെണ്ണീച്ചയും ചാവും. ഈച്ചയായി കേവലം 5 ദിവസം മാത്രം ജീവിക്കും. നിയന്ത്രിത സാഹചര്യത്തിൽ ഇവയെ വളർത്തിയാൽ ഒരേസമയം ജൈവ മാലിന്യം സംസ്കരിക്കുകയും ജൈവ വളം ലഭിക്കുകയും ചെയ്യും. ജൈവ മാലിന്യം ആഹാരമാക്കി സ്വന്തം ജീവിത ചക്രത്തിലൂടെ ജൈവത്തീറ്റയായി സ്വയം മാറുകയാണ് ഈ പട്ടാളപ്പുഴുക്കൾ ചെയ്യുന്നത്.

English Summary: The Corporation is considering using the 'Black Soldier Fly' for  waste management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com