ADVERTISEMENT

നെടുമ്പാശേരി ∙ കുറുമശേരി–അയിരൂർ റോഡിൽ അപകടക്കെണിയൊരുക്കി പൊതുമരാമത്ത് വകുപ്പ് അധികൃതർ മുങ്ങി. ഇപ്പോൾ ഏതു നിമിഷവും മതിലും മൺകൂനയും ഒപ്പം നിൽക്കുന്ന മരങ്ങളും റോഡിലേക്ക് മറിയാവുന്ന അവസ്ഥയിലാണ്. മഴക്കാലമായതിനാൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലുമാണ്. കുറുമശേരിയിൽ നിന്നാരംഭിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ അയിരൂർ റോഡരികിലാണ് അപകടകരമായ രീതിയിൽ മതിലും മരങ്ങളും നിൽക്കുന്നത്. കുറുമശേരി റിക്രിയേഷൻ ഗ്രൗണ്ടിന്റെ മതിലാണ് ഇടിയാൻ പാകത്തിൽ നിൽക്കുന്നത്. ചില വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുമരാമത്ത് വകുപ്പ് അധികൃതർ അടുത്തിടെ ഈ റോഡിൽ കുറുമശേരി കവലയ്ക്കു സമീപത്ത് നിന്നാരംഭിക്കുന്ന വിധത്തിൽ റോഡരിക് കോൺക്രീറ്റ് ചെയ്തിരുന്നു.

ഇവിടെ നിന്ന് എടുത്ത മണ്ണ് റിക്രിയേഷൻ പറമ്പിലാണ് കൊണ്ടിട്ടത്. ഒരു ഭാഗത്ത് മണ്ണിട്ടതോടെ ഗ്രൗണ്ടിന്റെ മതിലിനോട് ചേർന്ന ഭാഗം കുഴിയായി. മഴ പെയ്തതോടെ ഈ കുഴിയിൽ വെള്ളം കെട്ടിക്കിടന്ന് മതിൽ കുതിർന്നാണ് ഒരു ഭാഗം ഇടിഞ്ഞ് വീണത്. മതിലിന്റെ അടുത്ത ഭാഗവും ഇടിയാറായിരിക്കുകയാണ്. അടുത്ത മഴയിൽ ഈ ഭാഗവും ഇടിയുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.മതിൽ മറിയുമ്പോൾ മതിലിനോട് ചേർന്നുള്ള വലിയ മരങ്ങളടക്കം റോഡിലേക്ക് മറിയും.റോഡ് നിരപ്പിനേക്കാൾ വളരെ ഉയരത്തിൽ മണ്ണും അവിടെ കൂറ്റൻ മരങ്ങളും ഗ്രൗണ്ടിൽ മതിലിനോട് ചേർന്ന് നിൽക്കുന്നുണ്ട്. ഇനി മതിലിടിഞ്ഞാൽ അതോടൊപ്പം തന്നെ ഈ മരങ്ങളും റോഡിലേക്ക് മറിയും.

മണ്ണ് കൊണ്ടിട്ടതോടെ ഗ്രൗണ്ടിൽ കനത്ത വെള്ളക്കെട്ടായി. ഒട്ടേറെപ്പേർ ഫുട്ബോളും മറ്റും കളിച്ചിരുന്നതാണ് ഇവിടെ. മണ്ണിട്ടതോടെ കളിക്കും തടസ്സമായി. അഞ്ഞൂറിലേറെ വിദ്യാർഥികൾ പഠിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനവും ഗ്രൗണ്ടിനോട് ചേർന്ന് ഉണ്ട്. മതിലിടിഞ്ഞ് മരം വീഴാൻ നിൽക്കുന്നത് ഈ സ്ഥാപനത്തിനും ഭീഷണിയാണ്. നാട്ടുകാർ ഒട്ടേറെ തവണ പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും ഒരു നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്. ഇത്രയേറെ അപകടകരമായ അവസ്ഥയുണ്ടായിട്ടും പഞ്ചായത്ത് അധികൃതരും ഇടപെടാത്തതിൽ വ്യാപകമായ പ്രതിഷേധമുണ്ട്.

English Summary: The Public Works Department has created an accident trap on the road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com