ADVERTISEMENT

ആലങ്ങാട് ∙ കനത്ത മഴയെ തുടർന്നു കോട്ടുവള്ളി– ആലങ്ങാട്– കരുമാലൂർ പഞ്ചായത്തുകളിലെ റോഡുകളിലും പാടശേഖരങ്ങളിലും വെള്ളക്കെട്ടു രൂക്ഷമായി. കോട്ടുവള്ളി പഞ്ചായത്തിലെ കാട്ടിക്കുളം റോഡ്, കോതകുളം ചിറവക്കാട്ട് റോഡ്, പന്നക്കാട്– കിഴക്കേപ്പൊക്കം റോഡ്, കരുമാലൂർ പഞ്ചായത്തിലെ പറേലിപ്പള്ളം, പുറപ്പിള്ളിക്കാവ് റോഡുകൾ, ആലങ്ങാട് പഞ്ചായത്തിലെ കൊങ്ങോർപ്പിള്ളി– ഒളനാട് റോഡ് തുടങ്ങിയ റോഡുകൾ വെള്ളക്കെട്ടിലായി. 

വെള്ളക്കെട്ടിലായ ചെറിയപ്പിള്ളി കാട്ടിക്കുളം റോഡ്.
വെള്ളക്കെട്ടിലായ ചെറിയപ്പിള്ളി കാട്ടിക്കുളം റോഡ്.

ആലുവ– പറവൂർ പ്രധാന പാതയിൽ ടിവിഎസ് കവലയ്ക്കു സമീപം കാന അടഞ്ഞതോടെ ഒരടിയോളം പൊക്കത്തിൽ റോഡ് മുങ്ങി. ഇതോടെ കാൽനട–വാഹനയാത്ര ദുരിതപൂർണമായി.  വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയതോടെ പ്രായമായവരും വിദ്യാർഥികളും ഉൾപ്പെടെയുള്ള കാൽനടയാത്രികർ ദുരിതത്തിലായി. 

ആലങ്ങാട് എംടി ലിങ്ക് കോളനിയും റോഡും വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുന്നു.
ആലങ്ങാട് എംടി ലിങ്ക് കോളനിയും റോഡും വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുന്നു.

വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുണ്ടും കുഴിയും തിരിച്ചറിയാൻ പറ്റാതെ വാഹനങ്ങൾ നിയന്ത്രണം തെറ്റി മറിയുന്നുണ്ട്. മഴക്കാലത്തു വെള്ളക്കെട്ടു പതിവായതോടെ റോഡ് ഭൂരിഭാഗവും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. 

 കോട്ടുവള്ളി പഞ്ചായത്ത് ഒന്നാം വാർഡ് കോതകുളം ഭാഗത്തെ വീടും വഴിയും വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുന്നു.
കോട്ടുവള്ളി പഞ്ചായത്ത് ഒന്നാം വാർഡ് കോതകുളം ഭാഗത്തെ വീടും വഴിയും വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുന്നു.

കാനകൾ മൂടി കിടന്നതും ഇടത്തോടുകൾ നിറഞ്ഞു കവിഞ്ഞതുമാണു വെള്ളക്കെട്ടു രൂക്ഷമാക്കിയതെന്നു നാട്ടുകാർ പറഞ്ഞു. പലയിടത്തും തോടു കയ്യേറിയതു വെള്ളം ഒഴുകി പോകുന്നതിനു തടസ്സമായി. വെള്ളം കെട്ടിക്കിടക്കുന്നതു രോഗങ്ങൾ വ്യാപിക്കാൻ കാരണമാകുമെന്ന ആശങ്കയുമുണ്ട്. 

വടക്കേക്കര പഞ്ചായത്ത് 15–ാം വാർഡിൽ വെള്ളക്കെട്ടിലായ വള്ളാട്ടുതറ - കുര്യാപ്പിള്ളി റോഡിലെ കുഴികളിൽ നാട്ടുകാർ വാഴ നട്ടപ്പോൾ.
വടക്കേക്കര പഞ്ചായത്ത് 15–ാം വാർഡിൽ വെള്ളക്കെട്ടിലായ വള്ളാട്ടുതറ - കുര്യാപ്പിള്ളി റോഡിലെ കുഴികളിൽ നാട്ടുകാർ വാഴ നട്ടപ്പോൾ.

നീറിക്കോട് മരം വീണ് കാർ തകർന്നു 

ശക്തമായ കാറ്റിൽ നീറിക്കോട് എസ്എൻഡിപി കൈപ്പെട്ടി റോഡിനു സമീപം നിന്നിരുന്ന മരം കടപുഴകി വീണു കാർ തകർന്നു. ഇന്നലെ ഉച്ചയോടെയാണു സംഭവം. നീറിക്കോട് നെടുകപ്പിള്ളി സ്വദേശി വിനോദിന്റെ കാറാണു തകർന്നത്.മരം വീണതോടെ സമീപം നിന്നിരുന്ന വൈദ്യുതി പോസ്റ്റ് ഒടിയുകയും ലൈനുകൾ പൊട്ടുകയും ചെയ്തു. ഇതോടെ പ്രദേശത്തു മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു. നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്കാണു മരം വീണത്. ആർക്കും അപകടം സംഭവിച്ചിട്ടില്ല.

കരുമാലൂർ പഞ്ചായത്തിൽ മനയ്ക്കപ്പടി എസ്എൻഡിപിക്കു സമീപത്തെ ഇട റോഡരികിൽ നിന്നിരുന്ന മരവും കാറ്റിൽ മറിഞ്ഞു വീണിരുന്നു. ആർക്കും അപകടമില്ല.

മരങ്ങൾ കടപുഴകി വീണ് വീടുകൾ തകർന്നു

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീടുകൾക്കു മുകളിൽ വീണു. പുത്തൻവേലിക്കര ചെറുകടപ്പുറം വലിയകണ്ടത്തിൽ വി.ഡി.പ്രഭാകരന്റെ വീടിനു മുകളിലേക്കും കണക്കൻകടവ് തേവർകാട്ട് രഞ്ജിത്തിന്റെ വീടിന്റെ സൺഷേഡിലേക്കും ഇന്നലെ ഉച്ചയോടെ തെങ്ങ് കടപുഴകി വീണു. 

2 വീടുകൾക്കും ചെറിയ കേടുപാടുണ്ടായെങ്കിലും ആളുകൾക്കു പരുക്കില്ല.വൈകിട്ടു മൂന്നരയോടെ തേക്കുമരം വീണു ചേന്ദമംഗലം കൂട്ടുകാട് ഇറക്കത്ത് അലിയുടെ വീടു ഭാഗികമായി തകർന്നു. വീടിന്റെ പിൻവശത്ത് ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ചു നിർമിച്ച മേൽക്കൂരയുടെ മുകളിലേക്കാണു മരം വീണത്. ഈ സമയം മുറിയിൽ ഭക്ഷണം കഴിച്ചിരുന്ന വീട്ടുകാർ ഓടിമാറിയതിനാൽ പരുക്കേറ്റില്ല.

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മതിലിടിഞ്ഞു വീണു

കനത്ത മഴയിൽ കരുമാലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മതിലിടിഞ്ഞു വീണു.ഇന്നലെ ഉച്ചയോടെയാണു സംഭവം. കെട്ടിടത്തിന്റെ ഒരു വശത്തെ മതിലാണു വീണത്. ആർക്കും പരുക്കില്ല. മതിൽ കെട്ടുന്നതിനു കരുമാലൂർ പഞ്ചായത്തിൽ വിവരമറിയിച്ചതായി ആരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു.

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അരികിലായി വലിയ മരം അടിഭാഗം കേടായി നിൽക്കുന്നുണ്ട്. ശക്തമായ കാറ്റും മഴയുമുള്ള സാഹചര്യത്തിൽ ഇതു മുറിച്ചു നീക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

വെള്ളക്കെട്ടിലായി വള്ളാട്ടുതറ റോഡ്

പഞ്ചായത്ത് 15–ാം വാർഡിൽ വെള്ളക്കെട്ടിലായ വള്ളാട്ടുതറ - കുര്യാപ്പിള്ളി റോഡിലൂടെ സഞ്ചാരം ദുരിതപൂർണമായി. കുണ്ടും കുഴിയുമായ റോഡ് നന്നാക്കാൻ നടപടിയെടുക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം ശക്തം. ഈ റോഡിന്റെ റീ–ടാറിങ്ങിന് 3.4 ലക്ഷം രൂപയും നിലവിലെ കുഴികൾ മൂടാൻ 10,000 രൂപയും പഞ്ചായത്ത് അനുവദിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. വാവക്കാട് പുത്തൻപുരയ്ക്കൽ ക്ഷേത്രത്തിന് സമീപത്തു നിന്നു തുടങ്ങി കുര്യാപ്പിള്ളിയിൽ സമാപിക്കുന്ന പ്രധാന റോഡിലെ ബസ് സർവീസ് നിലച്ചതിനാൽ സ്വകാര്യ വാഹനങ്ങളിൽ മാത്രമേ സഞ്ചരിക്കാനാകൂ. ദുരവസ്ഥ പരിഹരിക്കാത്തതിനെതിരെ കുഴികളിൽ വാഴ നട്ടു പ്രതിഷേധിച്ചു.

മഴയുള്ള രാത്രി വലിയ അപകടഭീഷണി ഉയർത്തുന്നതിനാൽ എത്രയും വേഗം കുഴികൾ അടയ്ക്കണമെന്നു നാട്ടുകാരനായ രാജീവ് മണ്ണാളിൽ ആവശ്യപ്പെട്ടു.

കള്ളിക്കുഴി സ്ലൂസിന്റെ ഷട്ടറുകൾ തുറന്നു 

മഴ ശക്തമായ സാഹചര്യത്തിൽ കള്ളിക്കുഴിയിലെ സ്ലൂസിന്റെ ഷട്ടറുകൾ തുറന്നു.   കരുമാലൂർ പഞ്ചായത്ത് 3, 4, 5 വാർഡുകളിൽ വരുന്ന കള്ളിക്കുഴി, മുറിയാക്കൽ, മണ്ഡല പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്നലെ അധികൃതരെത്തി ഷട്ടറുകൾ തുറന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com