കനത്ത മഴയിൽ 5 വീടുകളും ഒരു അങ്കണവാടി കെട്ടിടവും തകർന്നു; ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു - ചിത്രങ്ങൾ
Mail This Article
ആലുവ∙ കനത്ത മഴയിൽ 5 വീടുകളും ഒരു അങ്കണവാടി കെട്ടിടവും ഭാഗികമായി തകർന്നു. 3 വീടുകളിലും 5 വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. എറണാകുളം–ആലുവ റോഡ് വെള്ളക്കെട്ടിൽ മുങ്ങി. വാഹന ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു.
കുട്ടമശേരിയിലും കുഞ്ഞുണ്ണിക്കരയിലും തെങ്ങ് കടപുഴകി. ആലുവ മുനിസിപ്പൽ പാർക്കിനു സമീപവും ചൂർണിക്കര പഞ്ചായത്തിലെ എസ്എൻ പുരത്തും ചെങ്ങമനാട് പഞ്ചായത്തിലെ പറമ്പയത്തും മരങ്ങൾ മറിഞ്ഞുവീണു.
ആലുവ–എറണാകുളം റോഡിൽ 5 കടകളിലും കമ്മത്ത് ലൈനിലെ 3 വീടുകളിലുമാണ് വെള്ളം കയറിയത്.
എടത്തല പഞ്ചായത്ത് 3–ാം വാർഡിൽ പുഷ്പനഗർ കോളനിക്ക് എതിർവശം പള്ളിപ്പറമ്പിൽ അമ്മിണിയുടെ വീടിന്റെ അടുക്കള ഭാഗവും 14–ാം വാർഡിൽ വളവന്തറ റഷീദ്, പച്ചാനിക്കൽ അബ്ദുൽ ലത്തീഫ് എന്നിവരുടെ വീടുകളുടെ പിൻഭാഗവുമാണ് ഇടിഞ്ഞത്. മലേപ്പള്ളിയിൽ ഒരു വീടിന്റെ മതിൽ തകർന്നു.
മുനിസിപ്പൽ പാർക്കിനു സമീപം വൈദ്യുതി കമ്പികൾക്കു മുകളിലേക്കാണു മരം മറിഞ്ഞത്. ഫയർ സ്റ്റേഷൻ ഹെഡ് ജോസ് ജയിംസിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തി മുറിച്ചു നീക്കി.
പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. എസ്എൻ പുരത്തു പൈപ്പ് ലൈൻ റോഡിൽ കൂറ്റൻ മരമാണ് കടപുഴകിയത്. ഇതു നീക്കി ഗതാഗതം സ്ഥാപിക്കാൻ ഏറെപ്പേരുടെ അധ്വാനം വേണ്ടിവന്നു.
കുട്ടമശേരിയിൽ വാഴേത്ത് രജീഷിന്റെ വീടിനു മുകളിൽ തെങ്ങു വീണു ചിമ്മിനിയും വീടിന്റെ ഒരു ഭാഗവും തകർന്നു. തെങ്ങ് ചിമ്മിനിയിൽ തടഞ്ഞിരുന്നതു കൊണ്ടാണ് ഓടുമേഞ്ഞ വീടു പൂർണമായി തകരാതിരുന്നത്.
പെരിയാറിൽ ജലനിരപ്പ് ഒരു മീറ്റർ ഉയർന്നു. വെള്ളത്തിൽ ചെളിയുടെ അളവും കൂടിയിട്ടുണ്ട്.