ADVERTISEMENT

കൊച്ചി ∙ ഇന്നലെ രാവിലെയും തുടർന്ന കനത്ത മഴയിൽ നഗരത്തിലെ താഴ്ന്ന പല ഭാഗങ്ങളിലും വെള്ളം കയറി. ഉച്ചയ്ക്കുശേഷം മഴ മാറിനിന്നതോടെയാണു പലയിടത്തും വെള്ളം കുറഞ്ഞത്. നഗരത്തിലും പരിസരത്തുമായി പലയിടത്തും മരങ്ങൾ റോഡിലേക്കു കടപുഴകി. പാലാരിവട്ടം എസ്എൻ ജംക്‌ഷനിലെ പെട്രോൾ പമ്പിനു സമീപത്തെ വലിയ മരം പാലാരിവട്ടം റോഡിലേക്കു കടപുഴകി 7 മണിക്കൂറോളം ഗതാഗതം മുടങ്ങി. മരത്തിന്റെ അടിയിൽപെട്ട പോണേക്കര സ്വദേശികളായ ദമ്പതിമാർക്കു പരുക്കേറ്റു.

ഇടപ്പള്ളിയിലെ പാലസ് റോഡ് തകർന്നു ഗതാഗതം ദുഷ്കരമായ നിലയിൽ.
ഇടപ്പള്ളിയിലെ പാലസ് റോഡ് തകർന്നു ഗതാഗതം ദുഷ്കരമായ നിലയിൽ.

ഭർത്താവിന്റെ കയ്യിൽ ഒടിവുണ്ട്. ഇരുവരെയും പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പത്തരയോടെയാണു മരം കടപുഴകി റോഡിന്റെ മറുവശത്തെ കെട്ടിടത്തിനു മുകളിലേക്കു പതിച്ചത്. ഈ കെട്ടിടത്തില 3 കടകൾക്കു കേടുപാടുണ്ട്. പാലാരിവട്ടത്തെ റെഡ് സിഗ്നലിൽ വാഹനങ്ങൾ കിടന്നതിനാൽ ഈ റോഡിലേക്കു വലിയ തോതിൽ വാഹനങ്ങൾ എത്തിയിരുന്നില്ല. ഇതു ദുരന്തവും ഒഴിവാക്കി. ഗാന്ധിനഗർ, തൃക്കാക്കര അഗ്നിരക്ഷാ നിലയങ്ങളിൽ നിന്ന് അസി. സ്റ്റേഷൻ ഓഫിസർമാരായ വി.വി. ബാബു, സതീശൻ, അബ്ദുൽ നസീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണു വൈകിട്ട് ആറോടെ മരം മുറിച്ചുനീക്കിയത്.

തേവര ഫെറിക്കു സമീപത്തെ റോഡിൽ പുത്തൻവീട്ടിൽ മുരളിയുടെ വീടിനു മുകളിലേക്കു കടപുഴകിയ മരം അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്നു മുറിച്ചുനീക്കുന്നു. വീടിനു സാരമായ കേടുപാടുണ്ട്.
തേവര ഫെറിക്കു സമീപത്തെ റോഡിൽ പുത്തൻവീട്ടിൽ മുരളിയുടെ വീടിനു മുകളിലേക്കു കടപുഴകിയ മരം അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്നു മുറിച്ചുനീക്കുന്നു. വീടിനു സാരമായ കേടുപാടുണ്ട്.

3 വൈദ്യുതത്തൂണുകൾ ഒടിഞ്ഞതോടെ പ്രദേശത്തെ വൈദ്യുതിയും മുടങ്ങി. കെഎസ്ഇബി അധികൃതർ ഇതു താൽക്കാലികമായി പരിഹരിച്ചു. മരം മുറിച്ചുനീക്കുമ്പോൾ കെട്ടിടത്തിനു കേടുപാടുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി ചിലർ പ്രതിഷേധം ഉന്നയിച്ചെങ്കിലും പൊലീസ് ഇടപെട്ട് പരിഹരിച്ചു. മരം മുറിച്ചുനീക്കാൻ മണ്ണുമാന്തി യന്ത്രത്തിനായി കോർപറേഷൻ അധികൃതരെ സമീപിച്ചെങ്കിലും ഉച്ചയോടെയാണ് അതു ലഭിച്ചതെന്നു പരാതിയുണ്ട്. 

തേവര ഫെറിക്കു സമീപത്തെ റോഡിൽ പുത്തൻവീട്ടിൽ മുരളിയുടെ വീടിനു മുകളിലേക്കു മരം കടപുഴകി വീടിനു സാരമായ കേടുപാടുണ്ട്. ആർക്കും പരുക്കില്ല. തേവര കണ്ണങ്ങാട്ട് പാലത്തിനു സമീപം നാലു മരങ്ങളും ചാത്യാത്ത് റോഡിൽ ഒരു മരവും കടപുഴകി. ക്ലബ് റോഡ് അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങളെത്തിയാണു മരങ്ങൾ മുറിച്ചുനീക്കിയത്. തമ്മനം എകെജി നഗർ, കെന്നഡിമുക്ക്, സീ പോർട്ട്– എയർപോർട്ട് റോഡിൽ എച്ച്എംടി ജംക്‌ഷനു സമീപം, എൻജിഒ ക്വാർട്ടേഴ്സിനു സമീപം എന്നിവിടങ്ങളിലും മരങ്ങൾ കടപുഴകി. തൃക്കാക്കരയിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് മുറിച്ചുനീക്കിയത്. 

കടവന്ത്ര സലിം രാജൻ റോഡിൽ കനത്ത വെള്ളക്കെട്ടുണ്ടായി. രാവിലെ മുതൽ ഇവിടെ നിന്നു വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കുകയായിരുന്നു. ബോട്ട് ജെട്ടിക്കു സമീപം കുട്ടികളുടെ പാർക്ക്, തിയറ്റർ പരിസരത്തു വെള്ളക്കെട്ടായതോടെ അവിടെ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി സംഘാടകർ മാറ്റി. മഴ കനത്തതോടെ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പല കടമുറികളിലും ചോർച്ചയും രൂക്ഷമായെന്നു വ്യാപാരികളിൽ ചിലർ പരാതിപ്പെട്ടു. ചോർച്ച മുൻപും ഉണ്ടായപ്പോൾ ജിസിഡിഎ അധികൃതരോടു പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നു പറയുന്നു. 

ഗാന്ധിനഗർ പരിസരത്തും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. മുല്ലശേരി കനാൽ നവീകരണം പൂർത്തിയാകാതെ ഇവിടെ വെള്ളക്കെട്ടിനു പരിഹാരം അകലെയാണ്.     സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു കാര്യമായ വെള്ളക്കെട്ടുണ്ടായില്ല. ഇടപ്പള്ളി അണ്ടർപാസിലും വെള്ളക്കെട്ടുണ്ടായി. 

നാണം കെടുത്താതെ യന്ത്രം

ഓപ്പറേഷൻ ബ്രേക് ത്രൂവിനു പരിഹരിക്കാൻ കഴിയാതിരുന്ന വെള്ളക്കെട്ടു പ്രശ്നം നഗരത്തിൽ പലയിടത്തും പരിഹരിച്ചതിന് ഇത്തവണ നന്ദി ആധുനിക സക്‌ഷൻ കം ജെറ്റിങ് യന്ത്രത്തിനാണ്. ഓടകളിൽ അടിഞ്ഞ മാലിന്യങ്ങളാണ് മുൻ വർഷങ്ങളിൽ എംജി റോഡിനെ മുക്കിയത്. ഇതിൽ ഏറെയും കഴിഞ്ഞ മാസം യന്ത്ര സഹായത്തോടെ നീക്കി. എംജി റോഡിലെ ഓടകളിലൂടെയുള്ള മഴവെള്ളത്തിന്റെ ഒഴുക്കു സുഗമമായത് ഇതോടെയാണ്. എണ്ണ കലർന്ന ഭക്ഷ്യമാലിന്യം, ചെളി, ഫ്ലെക്സ്, പ്ലാസ്റ്റിക്, തുണി തുടങ്ങിയ മാലിന്യം ഏറെയും ഇത്തരത്തിൽ നീക്കി.

സ്കൂൾ വളപ്പിന്റെ മതിൽ ഇടിഞ്ഞു

കനത്തെ മഴയിൽ കലക്ടറേറ്റ് ജംക്‌ഷനിലെ എംഎ ഹൈസ്ക്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞു. സ്കൂൾ ക്യാംപസിന്റെ പടിഞ്ഞാറ് ഭാഗത്തു പ്രധാന റോഡിനോട് ചേർന്ന ചുറ്റുമതിലാണ് ഇന്നലെ ഇടിഞ്ഞത്. മഴയിൽ ചെങ്കല്ലുകൾ കുതിർന്നതാണ് അപകട കാരണം. മതിലിനോട് ചേർന്ന് ഒട്ടേറെ തെരുവ് കച്ചവടക്കാരുടെ തട്ടുകടകൾ ഉണ്ടായിരുന്നെങ്കിലും മതിൽ സ്കൂൾ വളപ്പിലേക്ക് വീണതിനാൽ അപകടം ഒഴിവായി.

ഇടപ്പള്ളി പാലസ് റോഡ് തരിപ്പണം

ഇടപ്പള്ളി പാലസ് റോഡ് തകർന്നു ഗതാഗതം ദുഷ്കരമായി. ഗണപതിക്ഷേത്രത്തിലേക്കും മണിമല റോഡിലേക്കും പോകുന്ന റോഡ് ആറു വർഷമായി പൂർണമായി നന്നാക്കാത്ത അവസ്ഥയാണ്. ഏതാനും ഭാഗങ്ങളിൽ ടൈൽസ് വിരിച്ചിട്ടുണ്ട്. പക്ഷേ, ഹൈവേയിൽ നിന്നു പാലസ് റോഡിലേക്ക് വരുന്ന ഭാഗവും ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയും കുണ്ടും കുഴിയും വെള്ളക്കെട്ടും മൂലം കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനക്കാർക്കും യാത്ര ചെയ്യാൻ ബുദ്ധിമുട്ടായ അവസ്ഥയിലാണ്.

പൊതുമരാമത്ത് അധികൃതരും നഗരസഭയും നിസ്സംഗത വെടിയണമെന്നാണു നാട്ടുകാരുടെ ആവശ്യം. റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്നു 11നു പാലസ് റോഡരികിൽ നിന്നു പ്രതിഷേധിക്കുമെന്നു സമരസമിതി കൺവീനർ ഏലൂർ ഗോപിനാഥ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com