കാറ്റിലും മഴയിലും പശ്ചിമ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ
Mail This Article
പള്ളുരുത്തി∙ കാറ്റിലും മഴയിലും പശ്ചിമ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. പല കാനകളും കായലുകളും തൊടുകളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. കായലുകളിൽ വേലിയേറ്റം ശക്തമായതിനെ തുടർന്ന് മഴവെള്ളം കാനകളിലൂടെ ഒഴുകിപ്പോകാൻ തടസ്സം നേരിട്ടു. ഇത് ചിലയിടങ്ങളിൽ വെള്ളക്കെട്ടുണ്ടാക്കി. കുമ്പളങ്ങിയിലെ ഉൾപ്രദേശങ്ങളിൽ കാനകൾ ശുചീകരിക്കാത്തത് മൂലം നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്.
ഇതോടെ, പല പ്രദേശവും വെള്ളക്കെട്ടിലായി. കുമ്പളങ്ങി നോർത്തിൽ പ്രധാന റോഡിന്റെ വശത്തുണ്ടായിരുന്ന തണൽമരം റോഡിലേക്ക് ചാഞ്ഞു. വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചതിനാൽ, മരം മുറിച്ചു നീക്കി. പള്ളുരുത്തി 14-ാം ഡിവിഷനിലെ സജീവ് റോഡിലുള്ള വെള്ളേഴത്ത് ലൈനിൽ വീടിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് മറിഞ്ഞു വീണു.
വെള്ളക്കെട്ട് രൂക്ഷം
കാലവർഷം ശക്തിയാർജിച്ചതോടെ അരൂർ മേഖലയിൽ വെള്ളക്കെട്ട് ശക്തമായി.അരൂർ,എഴുപുന്ന, കോടംതുരുത്ത്, അരൂക്കുറ്റി പഞ്ചായത്തുകളിലായി നൂറിലേറെ വീടുകളിൽ വെള്ളം കയറി. മുട്ടറ്റം വെള്ളത്തിലായ പ്രദേശങ്ങൾ ഒട്ടേറെയാണ്.വെള്ളക്കെട്ടിനു പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതരെ ജനങ്ങൾ സമീപിക്കുന്നുണ്ടെങ്കിലും പ്രയോജനവും ഇല്ലാത്ത അവസ്ഥയാണ്.പല പ്രദേശങ്ങളിലും തോടുകൾ അടഞ്ഞു പോയതാണു വെള്ളക്കെട്ട് ശക്തമാകാൻ കാരണം.
അരൂർ,കുത്തിയതോട് വൈദ്യുതി സെക് ഷനുകളിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും വൈദ്യുതി വിതരണം നിലച്ചു. 2 സെക് ഷനുകളിലായി മുപ്പതിലേറെ സ്ഥലങ്ങളിൽ മരങ്ങൾ ലൈനുകളിലേക്കു വീണതാണു വൈദ്യുതി വിതരണം നിലയ്ക്കാൻ കാരണം. അരൂർ പഞ്ചായത്ത് 3–ാം വാർഡിലും, എഴുപുന്ന ശ്രീനാരായണ പുരം പ്രദേശത്തും വൈദ്യുതി വിതരണം മണിക്കൂറുകളോളം നിലച്ചു.
പൂഴി വിരിച്ച പഞ്ചായത്ത് റോഡുകളിൽ അധികവും കുഴമ്പു പരുവത്തിലായി. കാൽനട യാത്ര പോലും അസാധ്യമായ റോഡുകൾ ഒട്ടേറെയാണ്. പൊട്ടിപ്പൊളിഞ്ഞ ടാർ റോഡുകളിൽ പെയ്ത്തു വെള്ളം കെട്ടിക്കിടക്കുകയാണ്.അരൂക്കുറ്റി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വൃക്ഷങ്ങൾ കടപുഴകി വീടുകളുടെ മുകളിലേക്കും വീണു. മാത്താനം പട്ടികജാതി കോളനി , ഇല്ലത്ത് പ്രദേശം, ഒതളക്കാട്ട് കോളനി, ആയിത്തറ കോളനി, തോട്ടാളശേരി കോളനി എന്നിവിടങ്ങളിൽ വെള്ളക്കെട്ട് മൂലം ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്.
ഇനിയും മഴ തുടർന്നാൽ കോടംതുരുത്ത്, എഴുപുന്ന പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കേണ്ടി വരും.കോടംതുരുത്ത് പഞ്ചായത്തിലെ നീണ്ടകര, കരുമാഞ്ചേരി, വല്ലേത്തോട് പ്രദേശങ്ങളിൽ വെള്ളക്കെട്ട് അതിശക്തമാണ്.