മഴ... ദുരിതം; ബൈപാസിൽ ആറിടത്ത് മരം വീണു
Mail This Article
തൃപ്പൂണിത്തുറ ∙ ‘‘ വെള്ളക്കെട്ട് കാരണം വീട് ഒഴിഞ്ഞു പോകേണ്ട സ്ഥിതിയാണ്. ഇപ്പോൾ മറ്റൊരു ഫ്ലാറ്റ് എടുത്ത് കുറച്ചു ദിവസത്തേക്ക് മാറി നിൽക്കുകയാണ്, ഇനി എന്താകുമെന്ന് അറിയില്ല’’. എംകെകെ നഗർ കാരാളിൽ വീട്ടിൽ അനീഷിന്റെ വാക്കുകൾ. വെള്ളക്കെട്ട് രൂക്ഷമായതോടെ താമസം മാറേണ്ട ഗതികേടിലാണ് ഇവിടെയുള്ള ഏതാനും വീട്ടുകാർ. മലിന ജലം നിറഞ്ഞ വെള്ളം വീടുകളിലേക്ക് ഒഴുകി എത്തുന്നതാണ് കാരണം . പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ ഭീതിയുടെ നിഴലിലാണ് ഇവർ.
ചാത്താരി – വൈമീതി റോഡിൽ പാലം നിർമിക്കുന്നതിന്റെ ഭാഗമായി ബണ്ടു നിർമിച്ചതാണ് ഒറ്റ മഴയിൽ തന്നെ വെള്ളക്കെട്ട് രൂക്ഷമായത് എന്നാണ് ഇവർ പറയുന്നത്. വെള്ളക്കെട്ടുള്ള പ്രദേശത്ത് മഴക്കാലത്ത് വെള്ളം ഒഴുകി പോകാനുള്ള വഴി അടച്ചെന്നാണ് ആക്ഷേപം. ഇവിടെയുള്ള വെള്ളക്കെട്ടിനു പരിഹാരം കാണണം എന്നാവശ്യപ്പെട്ടു ഒട്ടേറെ തവണ അധികാരികളെ കണ്ടിട്ടും നടപടി ഉണ്ടായില്ലെന്ന് ഇവർ പറയുന്നു. പലർക്കും വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. കാന നിറഞ്ഞു കവിഞ്ഞു. വീടിനകത്തിരുന്ന് ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥ.
More Rain Updates Ernakulam
∙ കനത്ത മഴ, വീടും നാടും വെള്ളത്തിൽ; മരങ്ങൾ കടപുഴകി വീണ് വീടുകൾ തകർന്നു
∙ മഴയും കാറ്റും കനത്തു, കര കവർന്ന് കടൽ; എത്ര പറഞ്ഞിട്ടും മുൻകരുതലെടുക്കാൻ മടിച്ച് അധികൃതർ
∙ കാറ്റിലും മഴയിലും പശ്ചിമ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ
∙ തുടരുന്ന കെടുതി; ഇടപ്പള്ളി പാലസ് റോഡ് തരിപ്പണം
∙ മഴ.. ദുരിതം; ബൈപാസിൽ ആറിടത്ത് മരം വീണു
∙ മഴ പെയ്യുമ്പോൾ മരം ഭീഷണി; ചില്ല വിരിച്ച് അപകടം
∙ വടക്കേക്കോട്ട – ശ്രീപൂർണത്രയീശ ക്ഷേത്രം റോഡിൽ വെള്ളം ഇന്നലെയും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. വാഹനങ്ങൾ പലതും കേടായി. പല വാഹനങ്ങളും സമീപത്തെ മറ്റൊരു റോഡ് വഴിയാണ് തിരിച്ചു വിട്ടത്.
ധർണ ഇന്ന്
നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കണമെന്നാവശ്യപ്പെട്ടു തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഓഫ് റസിഡന്റ്സ് അസോസിയേഷന്റെ (ട്രുറ) നേതൃത്വത്തിൽ നഗരസഭ ഓഫിസിനു മുൻപിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ ഇന്ന് രാവിലെ 11നു നടക്കും. വൈമീതി പാലം പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് ബണ്ട് കെട്ടി ഒഴുക്കു നിയന്ത്രിച്ചത് പള്ളിപറമ്പ്കാവ്, വാരിയം പുറം, എംകെകെ നായർ ഭാഗത്ത് വീടുകളിൽ വെള്ളം കയറാൻ കാരണമായി. ദീർഘവീക്ഷണമില്ലാത്ത മഴക്കാലത്ത് പാലം പൊളിച്ചു പണിയുവാനുള്ള നഗരസഭയുടെ തീരുമാനം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണെന്നു ട്രുറ ചെയർമാൻ വി.പി.പ്രസാദ് കൺവീനർ വി.സി. ജയേന്ദ്രൻ എന്നിവർ ആരോപിച്ചു.
ബൈപാസിൽ ആറിടത്ത് മരം വീണു
കൊച്ചി ബൈപാസിൽ നെട്ടൂർ ഐഎൻടിയുസി ജംക്‌ഷനും കുമ്പളം ടോൾ പ്ലസയ്ക്കും ഇടയിൽ ആറിടത്താണ് തണൽമരങ്ങൾ കടപുഴകി വീണത്. ഇരു പാതകൾക്കും മധ്യത്തിലെ മീഡിയനിൽ നിന്ന മരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അരൂർ ഭാഗത്തേക്കുള്ള പാതയിലേക്കാണ് മറിഞ്ഞത്. ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. പരുത്തിച്ചുവട് പാലത്തിന്റെ അപ്രോച്ച് റോഡിൽ മരം വീണത് ഓടി കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്കാണ്. സ്കൂട്ടർ യാത്രികൻ നെട്ടൂരിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന യുപി സ്വദേശി മോഹൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
തെക്കുമാറി പനങ്ങാട് പൊലിസ് സ്റ്റേഷന് സമീപം മരം വീഴുന്നതു കണ്ട് കാർ വെട്ടിച്ചു മാറ്റി. പിന്നാലെ അരൂരിലേക്ക് എണ്ണയുമായി പോവുകയായിരുന്ന ഗുഡ്സ് വാഹനത്തിനു മുകളിലാണ് മരം വീണത്. മരം മുറിച്ചതിനു ശേഷം സഞ്ചാരം തുടരാൻ പാതയോരത്തേക്കു മാറ്റിയിട്ട വാഹനത്തിനു മുകളിലേക്കാണ് അടുത്ത മരം വീണത്. മുൻ വശത്തെ ഗ്ലാസുൾപ്പെടെ തകർന്നെങ്കിലും യാത്രികർക്കു പരുക്കേറ്റില്ല.
കുമ്പളം– പനങ്ങാട് പാലത്തിന്റെ അപ്രോച്ച് റോഡ്, ടോൾ പ്ലാസയ്ക്ക് സമീപം, നെട്ടൂർ ഐഎൻടിയുസി ജംക്‌ഷൻ എന്നിവിടങ്ങളിലും മരം വീണു. കുണ്ടന്നൂർ ബണ്ട് റോഡിൽ 2 മരങ്ങളാണു വീണത്. ഒഴിഞ്ഞ പറമ്പിലേക്കായതിനാൽ അപായം ഒഴിവായി. മരട് അയിനി ക്ഷേത്രത്തിന് സമീപം ഓടി കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുന്നിലാണു മരം വീണത്.
എൻഎച്ച്എഐയുടെ ഹൈവേ പട്രോളിങ് വിഭാഗം, അരൂർ– തൃപ്പൂണിത്തുറ അഗ്നിരക്ഷാ നിലയം, പനങ്ങാട് പൊലീസ് എന്നിവയ്ക്കൊപ്പം നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി മരങ്ങൾ വെട്ടിമാറ്റി. കുമ്പളം ശ്രീവിലാസം റോഡിൽ തെങ്ങുവീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. പനങ്ങാട് കോലുവീട്ടിൽ ശാന്തയുടെ വീടിനു മുകളിൽ മരം വീണു. കുമ്പളം സെന്റ് ജോസഫ് പള്ളി അങ്കണത്തിലെ കൊടംപുളി മരം വീണു.
കുമ്പളം 16,17 വാർഡുകളെ വെള്ളക്കെട്ടിലാക്കിയ കോൺവന്റ്് റോഡിൽ കലുങ്ക് നിർമാണത്തിന്റെ ഭാഗമായുള്ള താൽക്കാലിക ബണ്ട് പൊട്ടിച്ചു മാറ്റാൻ നിർദേശം നൽകിയതായി വാർഡ് അംഗം സി.എസ്. സഞ്ജയ്കുമാർ പറഞ്ഞു. കാനയിലെ സ്ലാബ് ഇടിഞ്ഞു വീണതിനെ തുടർന്ന് പനങ്ങാട് മല്ലപ്പിള്ളി റോഡ് വെള്ളക്കെട്ടിലായി. നെട്ടൂർ നന്മ അടിപ്പാതയ്ക്കു സമീപം കാന തോടിലേക്കു പ്രവേശിക്കുന്ന ഭാഗം അടച്ചതിനാൽ ഈ ഭാഗത്തും വെള്ളക്കെട്ടുണ്ട്.
വ്യാപാരികൾ ആശങ്കയിൽ
മില്ലുങ്കൽ ജംക‍്ഷനോടു ചേർന്നുള്ള റോഡുകളിൽ വെള്ളം കയറിയതോടെ ആശങ്കയിൽ വ്യാപാരികൾ. തോരാതെ പെയ്യുന്ന മഴയിൽ മില്ലുങ്കൽ ജംക‍്ഷനിലെ പാലകുന്നു മലയിലേക്കുള്ള റോഡിൽ 100 മീറ്ററോളം ഭാഗത്താണു വെള്ളം കയറിയത്. റോഡിനോടു ചേർന്നുള്ള അമ്പഴവേലിൽ തോടു നിറഞ്ഞാണ് റോഡിലേക്കും വെള്ളം കയറുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്.
മഴ തുടർന്നാൽ കടകൾ പൂർണമായും വെള്ളത്തിലാകുന്നു വ്യാപാരികൾ പറയുന്നു. 2018ൽ മില്ലുങ്കൽ ജംക‍്ഷനിലെ താഴ്ന്ന പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. സമാന സാഹചര്യം ഉണ്ടാകുമോയെന്ന ഭീതിയിലാണ് വ്യാപാരികൾ.