നിയമപ്രകാരം വിവാഹിതരല്ലാത്തവരുടെ കുട്ടിക്കും ജീവനാംശത്തിന് അർഹത
Mail This Article
കൊച്ചി ∙ നിയമാനുസൃതം വിവാഹം ചെയ്തിട്ടില്ലാത്തവരുടെ കുട്ടിക്കും ജീവനാംശത്തിന് അർഹതയുണ്ടെന്നും പിതൃത്വം തെളിയിക്കാനായി ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിട്ട കുടുംബക്കോടതി വിധിയിൽ തെറ്റില്ലെന്നും ഹൈക്കോടതി. കുട്ടിയുടെ മാതാവിനൊപ്പം ദീർഘനാൾ കഴിഞ്ഞയാൾ എറണാകുളം കുടുംബക്കോടതി ഉത്തരവ് ചോദ്യം ചെയ്തു നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് മേരി ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.
മുംബൈയിൽ താമസിക്കുന്ന സ്ത്രീയും 17 വയസ്സുള്ള മകളുമാണ് കേരളത്തിൽ താമസിക്കുന്ന ഹർജിക്കാരനിൽ നിന്നു ജീവനാംശം തേടി കുടുംബക്കോടതിയിൽ ഹർജി നൽകിയത്. മുംബൈയിലും കേരളത്തിലും മറ്റുമായി ഒപ്പം താമസിച്ച ആളാണു കുട്ടിയുടെ പിതാവെന്ന് ഇവർ അറിയിച്ചു. എന്നാൽ ഇതിനിടെ, ഇയാൾ വേറെ വിവാഹം കഴിച്ചു. മരണം വരെ തന്നെയും മകളെയും സംരക്ഷിക്കാമെന്നു വാഗ്ദാനം നൽകി. ആദ്യമെല്ലാം മാസംതോറും പണം നൽകുമായിരുന്നു. തന്റെ പേരിൽ ഫ്ലാറ്റ് വാങ്ങി നൽകാമെന്നും കുട്ടിയുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി ഇൻഷുറൻസ് പോളിസി എടുക്കാമെന്നും ഉറപ്പുനൽകി.
എന്നാൽ ഇതു പാലിക്കാതിരുന്നതിനെ തുടർന്നു ചോദിച്ചപ്പോൾ 2013 മുതൽ ജീവനാംശം നൽകുന്നത് നിർത്തി. ഹർജിക്കാരൻ വിവാഹം ചെയ്ത സ്ത്രീ പിന്നീട് ഭീഷണിപ്പെടുത്തിയെന്നും അറിയിച്ചു.എന്നാൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണെന്നു ഹർജിക്കാരൻ ആരോപിച്ചു. നിയമപരമായി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച തനിക്ക് അതിലൊരു കുട്ടിയുണ്ട്. ഡിഎൻഎ ടെസ്റ്റ് നടത്തുന്നത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും തന്നെ അപമാനിക്കാനുള്ള ശ്രമമാണെന്നും ഹർജിക്കാരൻ വാദിച്ചു.
എന്നാൽ യുവതി ഹാജരാക്കിയ ഫോട്ടോകൾ ഹർജിക്കാരനുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ തെളിവായി പ്രഥമദൃഷ്ട്യാ പരിഗണിക്കാമെന്നു കോടതി പറഞ്ഞു. ഡിഎൻഎ പരിശോധന നടത്താനുള്ള കുടുംബക്കോടതിയുടെ ഉത്തരവ് തള്ളാനാവില്ലെന്നു കോടതി വ്യക്തമാക്കി. പരിശോധനയിൽ കുട്ടി ഹർജിക്കാരന്റേത് അല്ല എന്നു വ്യക്തമായാൽ ജീവനാംശം നൽകേണ്ടതില്ല. പിതൃത്വം തെളിയിച്ചാൽ മാത്രമേ ജീവനാംശത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കാനാകൂ എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.