ADVERTISEMENT

കൊച്ചി ∙ നവംബർ 19നു ലോകക്രിക്കറ്റ് രാജാക്കന്മാർ അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ ആർപ്പുവിളികളോടെ കയ്യിലേന്തുന്ന ട്രോഫി ഇന്നലെ രാവിലെ മലയാള മനോരമയുടെ മുറ്റത്തെത്തുമ്പോൾ ഒരു സിക്സർ ആരവം പോലെ വനിതകളുടെ ശിങ്കാരിമേളം മുഴങ്ങി.  3 വെള്ളിക്കാലുകളിൽ ഉയർത്തിയ സുവർണ ഗോളം പോലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് ഒരു സ്ട്രെയ്റ്റ് ഡ്രൈവ് പായിച്ച് കയറിവന്നു.

മനോരമയുടെ സെമിനാർ ഹാളിൽ പ്രത്യേകം തയാറാക്കിയ വേദിയിലേക്കു ജില്ലാ വനിതാ ക്രിക്കറ്റിലെ അണ്ടർ–19, അണ്ടർ– 15 താരങ്ങളും മനോരമ കുടുംബാംഗങ്ങളും ചേർന്നു ട്രോഫിയെ സ്വീകരിച്ചു. നാളത്തെ മിന്നുമണിമാരാകാൻ ചുറുചുറുക്കോടെയായിരുന്നു യുവനിര. തുടർന്നു ലോകകപ്പ് ഓർമകൾ ഉണർത്തുന്ന മത്സരങ്ങളായി.

2011 ഏപ്രിലിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തി‍ൽ നടന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യ– ശ്രീലങ്ക ആവേശപ്പോരിലേക്ക് ഓർമകളെ തിരികെപ്പിടിക്കുന്നതായിരുന്നു ആദ്യ മത്സരം. അന്നത്തെ മത്സരത്തിലെ അവസാന ഓവറുകളിലെ വാശിയേറും പോരാട്ടം ജില്ലാ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങൾ ഇന്നലെ പുനരാവിഷ്കരിച്ചു. 

49–ാം ഓവറിലെ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട് ബൗണ്ടറി ലൈൻ കടന്നപ്പോൾ സെമിനാർ ഹാളിൽ കാണികളുടെ ആവേശവും ഉയരെയായി. ഇന്ത്യയുടെ അഭിമാനതാരങ്ങൾ സ്കൂൾ വിദ്യാർഥികളായിരുന്നെങ്കിൽ ഏതെല്ലാം പ്രത്യേകതകൾകൊണ്ട് അവരെ തിരിച്ചറിയാം എന്നതായിരുന്നു അടുത്ത മത്സരം. ചോദ്യങ്ങൾക്ക് സച്ചിനും സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും ശിഖർ ധവാനും രോഹിത് ശർമയുമെല്ലാം നിമിഷനേരത്തിൽ ഉത്തരങ്ങളായി. ജില്ലാ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങൾക്കുള്ള ഉപഹാരം സംവിധായകൻ ഏബ്രിഡ് ഷൈൻ സമ്മാനിച്ചു. 

പൂജയിൽ മുൻപേ

∙പി.ബാലചന്ദ്രൻ (മുൻ രഞ്ജിതാരം, ക്രിക്കറ്റ് പരിശീലകൻ) : "രാജ്യാന്തരതലത്തിലെ 50 ഓവർ പരിമിത മത്സരങ്ങൾക്കു മുൻപേ തൃപ്പൂണിത്തുറയിലെ പൂജ ക്രിക്കറ്റ് ടൂർണമെന്റിൽ കെ.വി.കേളപ്പൻ തമ്പുരാൻ അതു പരീക്ഷിച്ചതാണ്. 50 ഓവർ ക്രിക്കറ്റ് മത്സരങ്ങൾ നിലനിൽക്കണമെന്നും ഈ ലോകകപ്പിൽ ഇന്ത്യ ജേതാക്കളാകണമെന്നുമാണ് ആഗ്രഹം. "

സച്ചിൻ ഇഷ്ടം: ഹൈബി ഈഡൻ എംപി; "പണ്ട് വീട്ടിൽ ക്രിക്കറ്റ് മത്സരങ്ങൾ കാണുമ്പോൾ കുറച്ച് ബുദ്ധിമുട്ടിയിരുന്നു. മത്സരങ്ങൾക്കിടെ ടെലിവിഷൻ ആന്റിന കാറ്റിൽ തിരിഞ്ഞു കാഴ്ച മുടങ്ങും. അതെല്ലാം പരിഹരിച്ചാകും പിന്നെ മത്സരങ്ങൾ കാണാനിരിക്കുക. ക്രിക്കറ്റിൽ ലെജൻഡുകൾ ഏറെയെങ്കിലും സച്ചിനാണ് ഇഷ്ടതാരം. "

ഗവാസ്കർ കാഴ്ച; മേയർ എം.അനിൽകുമാർ: "സച്ചിൻ തെൻഡുൽക്കറാണ് ഇഷ്ടതാരമെങ്കിലും ക്രിക്കറ്റിനോട് ആരാധനയുണ്ടായത് സുനിൽ ഗാവസ്കറിന്റെ കളി കണ്ടാണ്. മാൽക്കം മാർഷലിനെപ്പോലെ തീതുപ്പുന്ന പന്തുകൾ ഡെലിവർ ചെയ്യുന്ന ഫാസ്റ്റ് ബോളർമാരെ ധൈര്യത്തോടെ അദ്ദേഹം നേരിട്ടിരുന്നത് ഒരു കാഴ്ചയായിരുന്നു. "

കപിൽ താരം; കെ.പ്രദീപ് (ക്രിക്കറ്റ് നിരീക്ഷകൻ, എഴുത്തുകാരൻ): "1983 ലോകകപ്പിലെ താരം കപിൽദേവ് തന്നെയായിരുന്നു. ലോകം കണ്ട മികവുറ്റ ഓൾറൗണ്ടർ. ഗെയിം ചെയ്ഞ്ചറായിരുന്നു കപിൽ. 83ലെ ഫൈനൽ മത്സരം ടിവിയിൽ കാണാൻ കൂട്ടുകാരോടൊപ്പം കൊച്ചിയിൽനിന്നു തിരുവനന്തപുരത്തു പോയതു മായാത്ത ഓർമയാണ്. "

സിദ്ദുവിന്റെ വിക്കറ്റ്; കെ.എ.സുനിൽ (മുൻ രഞ്ജി താരം): "മൊഹാലിയിൽ നടന്ന രഞ്ജി മത്സരത്തിൽ വീഴ്ത്തിയ നവ്ജോത് സിങ് സിദ്ദുവിന്റെ വിക്കറ്റ്, ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിൽ എന്റെ മറക്കാനാകാത്ത നേട്ടമായിരുന്നു. മറ്റേതൊരു വിക്കറ്റ് പോലെയായിരുന്നു അതുമെങ്കിലും എന്റെ പന്തിൽ സിദ്ദു ക്ലീൻ ബോൾഡായതു മറക്കാനാകാത്ത നിമിഷമാണ്."

മനോരമ പ്രചോദനം; എൻ.അജിത്കുമാർ (കെസിഎ മുൻ സെക്രട്ടറി) : "ആദ്യമായി ഒരു ഏകദിന മത്സരം കൊച്ചിയിൽ നടത്തിയപ്പോൾ മനോരമ തന്ന പിന്തുണ വളരെ വലുതാണ്. മനോരമ എഡിറ്റോറിയൽ ഉൾപ്പെടെ അന്ന് എഴുതി. ആ പ്രചോദനത്തിന് നന്ദിയേറെയാണ്. "

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com