ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം ബലിതർപ്പണത്തിന് ഒരുങ്ങി
Mail This Article
പെരുമ്പാവൂർ ∙ ദക്ഷിണകാശി എന്നറിയപ്പെടുന്ന പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കർക്കടക വാവ് ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി വൈസ് പ്രസിഡന്റ് ഡോ. എ.വി. വേലായുധൻ, സെക്രട്ടറി ടി.ആർ. സുനിൽകുമാർ, ജോയിന്റ് സെക്രട്ടറി എം.സി. പ്രകാശ്, മാനേജർ കെ.എസ്. പ്രകാശ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ടി.കെ. രാജീവ് എന്നിവർ അറിയിച്ചു. 17നു പുലർച്ചെ 2നു തർപ്പണം തുടങ്ങും. പെരിയാർ പടിഞ്ഞാറുനിന്നു കിഴക്കോട്ട് ഒഴുകുന്ന ഭാഗത്ത് ഒരേസമയം ആയിരം പേർക്കു തർപ്പണം നടത്താൻ സൗകര്യമുണ്ടാകും.
ഇതിനു പുഴക്കടവിൽ വിശാലമായ പന്തൽ ഒരുക്കി. നമസ്കാരം, തിലഹവനം, ബലിതർപ്പണാദികൾ എന്നിവ നടത്താം. ദ്വാദശ നാമപൂജ, മൃത്യഞ്ജയ ഹോമം, തിലഹവനം, തുടങ്ങിയ വിശേഷാൽ പൂജകളും നടത്തും. ക്ഷേത്രത്തിലെ ചടങ്ങുകൾക്കു ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും.ചേലാമറ്റം കവലയിൽനിന്നു ക്ഷേത്രത്തിനു മുൻപിലൂടെ ഒക്കൽ കവല വരെ ഒറ്റവരി ഗതാഗതം ആയിരിക്കും. കെഎസ്ആർടിസി പെരുമ്പാവൂർ, അങ്കമാലി ഡിപ്പോകളിൽനിന്നു സ്പെഷൽ സർവീസ് നടത്തുന്നുണ്ട്. സുരക്ഷയുടെ ഭാഗമായി അഗ്നിരക്ഷാസേനയും സ്കൂബ ടീമും സജ്ജമാണ്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഒക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. രാജഗിരി ആശുപത്രിയുടെ മെഡിക്കൽ സൗകര്യങ്ങൾ ക്ഷേത്രത്തിന്റെ ഗോകുലം കല്യാണ മണ്ഡപത്തിൽ ദേവസ്വം ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്.ഭക്തർക്കു സൗജന്യമായി ക്ഷേത്രം ട്രസ്റ്റിന്റെ വക ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഭക്തരുടെ സുരക്ഷിതത്വം കണക്കിലെടുത്തു ദേവസ്വം ട്രസ്റ്റ് 8 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി.