ADVERTISEMENT

ചോറ്റാനിക്കര ∙ സഹസ്രദ്രവ്യകലശത്തോടെ പരിപൂർണ ചൈതന്യരൂപിണിയായ ചോറ്റാനിക്കര ദേവിയെ ദർശിച്ച് ആയിരങ്ങൾ അനുഗ്രഹം തേടി. ദേവീക്ഷേത്രത്തിൽ 10 ദിവസങ്ങളിലായി നടന്ന സഹസ്രദ്രവ്യകലശത്തിന്റെ സമാപന ദിവസമായ ഇന്നലെ രാവിലെ 6 മുതൽ പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന 1000 കലശങ്ങളുടെ അഭിഷേകം മൂന്നു മണിക്കൂറോളം നീണ്ടു. 

chottanikkara-bhagavathy-temple-festival-ernakulam2
ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ സഹസ്രദ്രവ്യകലശത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന ബ്രഹ്മകലശം എഴുന്നള്ളിപ്പ്.

10.45നും 11.25നും മധ്യേയുള്ള മുഹൂർത്തത്തിൽ ആചാര്യൻ പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ബ്രഹ്മകലശാഭിഷേകം നടന്നു. ഉച്ചപ്പൂജയ്ക്കു നട തുറന്നപ്പോൾ സർവാഭരണ വിഭൂഷിതയായ ദേവിയെ കാണാൻ ഭക്തസഹസ്രങ്ങളാണു ക്ഷേത്രത്തിലെത്തിയത്. 

ഭക്തജനത്തിരക്കു നിയന്ത്രിക്കാൻ പൊലീസും ദേവസ്വം അധികൃതരും ബുദ്ധിമുട്ടി. ദർശനപ്രാധാന്യത്തോടെ നടന്ന ശ്രീഭൂതബലിയോടെയാണു സഹസ്രദ്രവ്യ കലശത്തിനു സമാപനമായത്. ക്ഷേത്രത്തിലെത്തിയ എല്ലാ ഭക്തർക്കും ദർശനത്തിനു സൗകര്യം ഒരുക്കിയ ശേഷം രണ്ടേകാലോടെയാണു നട അടച്ചത്. വിഭവ സമൃദ്ധമായ പ്രസാദഊട്ടും ഒരുക്കിയിരുന്നു.

രണ്ടര പതിറ്റാണ്ടിനു ശേഷമാണു ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ സഹസ്രദ്രവ്യകലശം നടക്കുന്നത്. ക്ഷേത്രത്തിലെ ബിംബങ്ങൾക്കു കാലക്രമത്തിൽ സംഭവിക്കുന്ന അശുദ്ധി മൂലം ഉണ്ടാകുന്ന ചൈതന്യലോപം യഥാവിധി പരിഹരിച്ച് ക്ഷേത്രത്തെ പരിപൂർണ ചൈതന്യത്തിലേക്ക് ഉയർത്താൻ താന്ത്രികവിധി പ്രകാരം നടത്തുന്ന ഏറ്റവും ബൃഹത്തും അത്യുത്കൃഷ്ടവുമായ ചടങ്ങാണു സഹസ്രദ്രവ്യകലശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com