ADVERTISEMENT

കൊച്ചി ∙ സഹോദരൻ അയ്യപ്പൻ റോഡിൽ (എസ്എ റോഡ്) ആധുനിക രീതിയിലുള്ള നടപ്പാതകൾ സജ്ജമാകുന്നു. കൊച്ചി മെട്രോ റെയിൽ കോർപറേഷനാണ് (കെഎംആർഎൽ) മനോരമ ജംക്‌ഷൻ മുതൽ തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷൻ വരെ നടപ്പാത നവീകരിക്കുന്നത്. തൃപ്പൂണിത്തുറ ഭാഗത്തു നടപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ നേരത്തേ ആരംഭിച്ചിരുന്നു. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള എസ്എ റോഡിൽ വൈറ്റില ഭാഗത്തെ പണികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. 29.23 കോടി രൂപയാണു നടപ്പാത നിർമാണത്തിന്റെ മൊത്തം ചെലവ്. മനോരമ ജംക്‌ഷൻ മുതൽ വൈറ്റില ജംക്‌ഷൻ വരെയും വൈറ്റില ജംക്‌ഷൻ മുതൽ എസ്എൻ ജംക്‌ഷൻ വരെയും രണ്ടായി തിരിച്ചാണു  പണികൾ നടക്കുന്നത്. കാനയില്ലാത്ത ഭാഗങ്ങളിൽ കാന പണിത ശേഷമാണു നടപ്പാത നിർമിക്കുന്നത്. വൈറ്റില ഭാഗത്ത് ഉൾപ്പെടെ കാനകൾ നിർമിക്കേണ്ടതുണ്ട്.

നടപ്പാതയിൽ നിശ്ചിത ഇടവേളകളിൽ ആൾനൂഴിയും മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളുമുണ്ടാകും. നടപ്പാത നവീകരണത്തിന്റെ ഭാഗമായി ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും തയാറാക്കും. ആധുനിക രീതിയിലുള്ള ബസ് ഷെൽറ്ററുകളാണു നിർമിക്കുക. നിലവിൽ എസ്എ റോഡിൽ പലയിടങ്ങളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ല. നടപ്പാത നവീകരണത്തിന്റെ ഭാഗമായി തെരുവു വിളക്കുകളും സ്ഥാപിക്കും. ഇതിനായി 320 വിളക്കു തൂണുകൾ പൊളിച്ചു നീക്കി പ്രത്യേകം രൂപകൽപന ചെയ്ത 335 പുതിയ തൂണുകൾ സ്ഥാപിക്കും. നടപ്പാതകൾ സജ്ജമാകുന്നതോടെ എസ്എ റോഡിന്റെ മുഖഛായ തന്നെ മാറും. ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള കലൂർ– കടവന്ത്ര റോഡ് നവീകരണ ചുമതലയും കെഎംആർഎല്ലിനെയാണ് ഏൽപ്പിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com